ഒറിജിനലിനെ വെല്ലും ഈ ലംബോര്‍ഗിനിയും ഫെറാരിയുമെല്ലാം; പൊന്നുപോലെ നോക്കാന്‍ 25 പേരും

ലംബോര്‍ഗിനിയുടേയും ഫെറാറിയുടേതുമുള്‍പ്പെടെ വിപണിയിലിറങ്ങിയ ഏറ്റവും പുതിയ മിനിയേച്ചര്‍ മോഡലുകള്‍ നിരത്തിവെച്ച മേശ. ഒരോകാറും സൂക്ഷ്മമായി പരിശോധിച്ചും ചിത്രങ്ങളെടുത്തും ഒരുകൂട്ടം ചെറുപ്പക്കാര്‍ സമീപത്ത്. ബെംഗളൂരുവിലെ ഏതെങ്കിലുമൊരു റസ്റ്ററന്റില്‍ ഇത്തരം കാഴ്ചകള്‍ കണ്ടാല്‍ അദ്ഭുതപ്പെടാനൊന്നുമില്ല. നഗരത്തിലെ കുഞ്ഞന്‍ കാറുകള്‍ ശേഖരിക്കുന്നവരുടെ കൂട്ടായ്മ ബീന്‍ ടൗണ്‍ മോഡല്‍ കളക്ടേഴ്സ് അസോസിയേഷന്റെ (ബി.എം.സി.എ.) പ്രതിമാസ കൂടിച്ചേരലെന്നേ കരുതേണ്ടൂ.
2017-ല്‍ മലയാളിയായ ആദിത്യമേനോന്റെ നേതൃത്വത്തിലാണ് മിനിയേച്ചര്‍ കാറുകള്‍ ശേഖരിക്കുന്നവരുടെ കൂട്ടായ്മയായ ബി.എം.സി.എ. ക്ക് തുടക്കമായത്. ആദ്യം 12 പേരുണ്ടായിരുന്ന സംഘടനയില്‍ ഇപ്പോള്‍ അംഗങ്ങളുടെ എണ്ണം 25 ആണ്. മിനിയേച്ചര്‍ കാറുകള്‍ ശേഖരിക്കുന്നത് ഹരമായവര്‍ക്ക് പുതിയ വിവരങ്ങളും ആശയങ്ങളും പങ്കുവെക്കാന്‍ ഒരു കൂട്ടായ്മ അത്യാവശ്യമെന്ന് തോന്നിയതോടെയാണ് ഒരു സംഘടന എന്ന ആശയമുരുത്തിരിഞ്ഞതെന്ന് കോഴിക്കോട് സ്വദേശിയും ബെംഗളൂരു പാലസ് ക്രോസ് റോഡിലെ സ്ഥിരതാമസക്കാരനുമായ ആദിത്യമേനോന്‍ പറയുന്നു.
എല്ലാമാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് കൂട്ടായ്മ ഒത്തുചേരുന്നത്. നഗരത്തിലെ റസ്റ്ററന്റുകളിലോ കഫേകളിലോ ഒക്കെയാകാം ഈ ഒത്തുചേരല്‍. സംരംഭകരും ഐ.ടി. ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരുമൊക്കെ കൂട്ടായ്മയിലുണ്ട്. ഏതെങ്കിലും കാറുകളുടെ മിനിയേച്ചറുകള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ഇതിന്റെ ഗുണനിലവാരത്തെക്കുറിച്ചുമൊക്കെയാണ് ചര്‍ച്ച. ഇതിനോടകം 'ദ ബീന്‍ടൗണര്‍' എന്ന പേരില്‍ ഒരു മാഗസിനും ബി.എം.സി.എ. തുടങ്ങിയിട്ടുണ്ട്. ഇതിന്റെ നാലുലക്കങ്ങള്‍ ഇതുവരെ പുറത്തിറങ്ങി.
സാധാരണയായി വെബ്സൈറ്റുകളിലൂടേയും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാതാക്കളില്‍ നിന്നുമൊക്കെയാണ് മിനിയേച്ചര്‍ കാറുകള്‍ ശേഖരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍നിന്ന് ഇത്തരം കാറുകള്‍ വാങ്ങാറുണ്ടെങ്കിലും മതിയായ ഗുണനിലവാരമില്ലാത്തത് തിരിച്ചടിയാണ്. പൊടിപിടിക്കാതെയും നിറം മങ്ങാതെയും ഇവ സൂക്ഷിക്കുന്നതാണ് മിനിയേച്ചര്‍ കാറുകള്‍ ശേഖരിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആദിത്യമേനോന്റെ കൈവശം മാത്രം 200 -ഓളം മിനിയേച്ചര്‍ കാറുകളാണുള്ളത്. 1970-നും 2000-ത്തിനും ഇടയില്‍ ഇറങ്ങിയവയാണെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്.
ഫെബ്രുവരി 11- ന് കണ്ണിങ്ങാംറോഡിലെ ഹാറ്റ്വര്‍ക്ക്സ് ബൗള്‍വാറില്‍ വെച്ച് കുഞ്ഞന്‍ കാറുകളുടെ പ്രദര്‍ശനം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബി.എം.സി.എ. ഘട്ടം ഘട്ടമായി ബെംഗളൂരുവില്‍ ഒരു മ്യൂസിയം തുടങ്ങാനും പദ്ധതിയുണ്ട്.
Content Highlights: Miniature cars, Beantown model collectors association to collection the cars