പെയിന്റിങ്ങ് മുതല്‍ എന്‍ജിന്‍പണി വരെ കൈയിൽ ഭദ്രം; ജീപ്പ് സര്‍വീസിലെ റാണിയാണ് ഈ വിജയറാണി

#ഷാജി കുരിശുംമൂട്
വിജയറാണി തന്റെ വര്‍ക്ക്‌ഷോപ്പില്‍ | ഫോട്ടോ: മാതൃഭൂമി
വിജയറാണി തന്റെ വര്‍ക്ക്‌ഷോപ്പില്‍ | ഫോട്ടോ: മാതൃഭൂമി

കുമളിയിലും വണ്ടിപ്പെരിയാറിലും മലകയറി ചീറിപ്പായുന്ന മിക്ക ജീപ്പുകളുടേയും അറ്റകുറ്റപ്പണി നടത്തുന്നത് സ്ത്രീയാണ്. ചോറ്റുപാറ നിഷാന്ത്ഭവനില്‍ വിജയറാണി. പെണ്ണുങ്ങൾക്ക് വണ്ടിപ്പണി വഴങ്ങുമോയെന്ന് ചോദിച്ച് നെറ്റിചുളിക്കുന്നവര്‍ക്കുള്ള ഉത്തരം ഇവരുടെ ജീവിതംതന്നെയാണ്.

മെക്കാനിക്കായിരുന്ന ഭര്‍ത്താവ് ഗുപേന്ദ്രന്റെ വര്‍ക്ക് ഷോപ്പില്‍ സഹായിയായിരുന്നു വിജയറാണി. താങ്ങും തണലുമായിനിന്ന ഭര്‍ത്താവ് ഒരുവര്‍ഷം മുമ്പ് മരിച്ചു. ഇതോടെ മകന്‍ നിഷാന്തും വിജയറാണിയും മാത്രമായി. ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി വിജയറാണി മുഴുവന്‍സമയ മെക്കാനിക്കായി.

കൊല്ലം-തേനി ദേശീയപാതയോരത്തെ വീടിന് മുമ്പില്‍ വര്‍ക്ക്‌ഷോപ്പ് വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. ഇന്ന് ഹൈറേഞ്ചിലെ എണ്ണംപറഞ്ഞ ജീപ്പ് മെക്കാനിക്കുകളില്‍ ഒരാള്‍. റീ ടെസ്റ്റിനായുള്ള ജീപ്പുകളും സഞ്ചാരികളുമായി ഓഫ് റോഡ് സവാരി നടത്തുന്ന ജീപ്പുകളുമാണ് പണികള്‍ക്കായി കൂടുതലും എത്തിക്കുന്നത്. 

എത്ര തകരാറുള്ള ജീപ്പുകളുടെ യന്ത്രത്തകരാറുകള്‍ പരിഹരിക്കുന്നതിന് പുറമേ ബോഡി വര്‍ക്കും പെയ്ന്റിങ്ങും ചെയ്യുന്നു. ഇരുചക്രവാഹനങ്ങളും നന്നാക്കും. രണ്ടുവര്‍ഷം മുമ്പ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ നിഷാന്തും ഇപ്പോള്‍ അമ്മയെ സഹായിക്കുന്നു. 'പഠിക്കാന്‍ പോയാല്‍ അമ്മ തനിച്ചാകും. അതുകൊണ്ട് ഇപ്പോള്‍ അതെപ്പറ്റി ചിന്തിക്കുന്നില്ല' -നിഷാന്ത് പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും വര്‍ക്ക് ഷോപ്പുമായി മുന്നോട്ട് പോകാനാണ് വിജയറാണിയുടെ തീരുമാനം. 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന, ദുരൈ എന്ന പേരുള്ള വര്‍ക്ക് ഷോപ്പിന് മുന്നില്‍ കിടക്കുന്ന ജീപ്പുകള്‍ ഇവരുടെ കഴിവിനുള്ള അംഗീകാരം.
 

Content Highlights: Lady jeep mechanic in High rage area Chottupara vandiperiyar