84ലില്‍ കൊല്‍ക്കത്ത ടു കറുകച്ചാല്‍: ഇന്നും ഓണ്‍ലി അംബാസിഡര്‍; ജോയിയുടെ കൈമറിഞ്ഞത് നൂറിലധികം കാറുകള്‍

ജോയി തന്റെ 1984 മോഡല്‍ അംബാസിഡര്‍ കാറിനൊപ്പം | ഫോട്ടോ: മാതൃഭൂമി
ജോയി തന്റെ 1984 മോഡല്‍ അംബാസിഡര്‍ കാറിനൊപ്പം | ഫോട്ടോ: മാതൃഭൂമി

1984-ല്‍ കൊല്‍ക്കത്തയില്‍നിന്നും റോഡ് മാര്‍ഗം കറുകച്ചാലില്‍ ഓടിയെത്തിയ കറുത്ത നിറമുള്ള ഒരു മാര്‍ക്ക് ഫോര്‍ അംബാസിഡര്‍ കാര്‍ ഇന്നും കറുകച്ചാലിലെ നിരത്തിലൂടെ പുതുപുത്തനായി ഓടുന്നുണ്ട്. ഒരുകാലത്ത് പ്രവാസികളുമായി എയര്‍പോര്‍ട്ടുകളിലേക്കും അലങ്കാരമണിഞ്ഞ് വിവാഹവേദികളിലേക്കും ഒരുപാട് മൈലുകള്‍ ഓടിയ കാറാണ് കറുകച്ചാല്‍ തായിപ്രാല്‍ ജോയിയുടേത്. ഏഴെട്ട് വര്‍ഷത്തോളം ടാക്സിയായി ഓടിയതോടെ ജോയിക്ക് ആ കാറിനോട് ഭയങ്കര സ്നേഹം. അങ്ങനെ കറുത്ത അംബാസിഡറിനെ പ്രൈവറ്റാക്കി സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം വീട്ടിലാക്കി.

പകരം പുതിയ രണ്ട് വെള്ള നിറത്തിലുള്ള അംബാസിഡറുകള്‍ വാങ്ങി ടാക്സിയാക്കി. അന്നുമുതല്‍ ഇന്നുവരെ ജോയിയുടെ സന്തത സഹചാരിയാണ് കെ.ആര്‍.ഒ. 33 എന്ന രജിസ്ട്രേഷനിലുള്ള അംബാസിഡര്‍ കാര്‍. പിന്നീട് പുതിയതും പഴയതുമായി നൂറിലധികം അംബാസിഡര്‍ കാറുകള്‍ ജോയിയുടെ കൈകളിലെത്തി. പഴയകാറുകള്‍ വാങ്ങി കുട്ടപ്പനാക്കി ആവശ്യക്കാര്‍ക്ക് മറിച്ചുവിറ്റുകൊണ്ടേയിരുന്നു. ഇന്നും പോകുന്ന വഴിയില്‍ ഒരു അംബാസിഡര്‍ കണ്ടാല്‍ ജോയി ഒന്ന് ഇറങ്ങി നോക്കും. ഇഷ്ടപ്പെട്ടാല്‍ ഉടമയോട് ചോദിക്കും.

61 മുതലുള്ള പ്രേമം

ജോയിയുടെ അംബാസിഡര്‍ പ്രേമം ആരംഭിക്കുന്നത് 1961-ലാണ്. അന്നാണ് ആദ്യകാല മോഡലായ ഒ.എച്ച്.വി.അംബാസിഡര്‍ വീട്ടില്‍ വാങ്ങുന്നത്. പത്താംവയസ്സില്‍തന്നെ വീട്ടിലെ കാറോടിക്കാന്‍ പഠിച്ചു. കെ.എല്‍.എ. 5461 രജിസ്ട്രേഷനിലുള്ള കാര്‍ അതേ വര്‍ഷംതന്നെ കറുകച്ചാലില്‍ ടാകിസായി എത്തി. ആ നാട്ടിലെ ആദ്യ ടാക്സി കാര്‍ കൂടിയായിരുന്നു ഇത്. പണ്ട് ഒരു അംബാസിഡര്‍ കാര്‍ കേരളത്തില്‍ ബുക്കുചെയ്താല്‍ ആറുമാസം മുതല്‍ ഒരുവര്‍ഷത്തിലേറെ സമയമെടുത്താണ് കിട്ടിയിരുന്നത്. 

എന്നാല്‍ കൊല്‍ക്കത്തയിലെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ ഫാക്ടറിയില്‍നിന്നും നേരിട്ട് കാര്‍ വാങ്ങാനുള്ള ബന്ധങ്ങള്‍ ജോയിയുടെ കുടുംബത്തിനുണ്ടായിരുന്നു. അങ്ങനെ ആവശ്യക്കാര്‍ക്കായി കൊല്‍ക്കത്തയില്‍ നിന്നും നിരവധി കാറുകള്‍ ഇവര്‍ റോഡുമാര്‍ഗം കേരളത്തിലെത്തിച്ചിട്ടുണ്ട്. പഴയൊരു അംബാസിഡര്‍ വാങ്ങാന്‍ ആഗ്രഹിച്ചാല്‍ ആളുകള്‍ ആദ്യം സമീപിക്കുന്നത് ജോയിയെ ആയിരുന്നു. ജോയി ഓടിച്ചുനോക്കി ഒ.കെ. പറഞ്ഞാല്‍ വണ്ടി കണ്ടീഷനായിരിക്കും. 

ആറ് അംബാസിഡര്‍ കാറുകള്‍ ഇപ്പോള്‍ കൈവശമുണ്ട്. കാലാവധി കഴിഞ്ഞത് പൊളിക്കും. നല്ല കാറുകള്‍ ആവശ്യക്കാര്‍ ചോദിച്ചാല്‍ വില്‍ക്കും. കമ്പനി നിര്‍ത്തിയെങ്കിലും അംബാസിഡറിന്റെ എല്ലാ സ്പെയര്‍പാര്‍ട്സുകളും ജോയിയുടെ കൈവശമുണ്ടാകും. പുതിയൊരു കാര്‍ വാങ്ങി ഓടിച്ചുകൂടെ എന്ന് പലരും ചോദിക്കാറുണ്ട്. വാങ്ങാന്‍ കഴിയും എന്നാല്‍ ജീവിതകാലം മുഴുവന്‍ ഈ അംബാസിഡര്‍ മാത്രമെ താന്‍ ഉപയോഗിക്കു എന്നാണ് ജോയി പറയുന്നത്.

Content Highlights: Kottayam native joy use ambassador car last 38 years, Black ambassador car