ഷൂട്ടിങ്ങില്‍ ലോക റെക്കോർഡോടെ സ്വര്‍ണവുമായി അവനി ലേഖ്‌റ; കിടിലന്‍ സമ്മാനവുമായി ആനന്ദ് മഹീന്ദ്ര

പാരാലിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ വനിത താരമായി മാറി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഷൂട്ടിങ്ങ് താരമായ അവനി ലേഖ്‌റ. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോർഡോടെയാണ് അവനി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. രാജ്യത്തിനായി അഭിമാന നേട്ടം സ്വന്തമാക്കിയ താരത്തെ ആദരിക്കുന്നതിനായി കിടിലന്‍ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.
അവനിക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത എസ്.യു.വിയായിരിക്കും സമ്മാനമായി നല്‍കുകയെന്നാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. വൈകല്യമുള്ള ആളുകള്‍ക്ക് അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കും ഈ വാഹനം ഡിസൈന്‍ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. മഹീന്ദ്ര ആദ്യമായാണ് ഇത്തരത്തിലുള്ള വാഹനം ഒരുക്കുന്നതെന്നും അത് അവനിക്കാണെന്നുമാണ് റിപ്പോര്‍ട്ട്.
പാരാലിമ്പിക്‌സ് ഷോട്ട്പുട്ട് താരം ദീപ മാലിക് വികലാംഗര്‍ക്കായി പ്രത്യേക സംവിധാനങ്ങളുള്ള ഒരു വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതുപോലെ ഒരു വാഹനം നിര്‍മിക്കാന്‍ ഇന്ത്യയിലെ കമ്പനികളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ദീപയുടെ ഈ നിര്‍ദേശം മഹീന്ദ്ര ഏറ്റെടുത്തിട്ടുണ്ടെന്നും ഇത്തരം സംവിധാനങ്ങളുമായി നിര്‍മിക്കുന്ന ആദ്യ വാഹനം അവനി ലേഖ്‌റയ്ക്ക് നല്‍കുമെന്നും ആനന്ദ് മഹീന്ദ്ര അറിയിച്ചു.
അതേസമയം, ഏത് വാഹനമാണ് അവനിക്ക് സമ്മാനിക്കുന്നതെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിട്ടില്ല. ഒരു എസ്.യു.വിയായിരിക്കുമെന്നും അതില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്റെ സഹപ്രവര്‍ത്തകന്‍ വേലുവിനോട് അംഗവൈകല്യമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന വാഹനം ഒരുക്കാന്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നുമാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്.
ജയ്പൂര്‍ സ്വദേശിയാണ് 19-കാരിയായ അവനി ലേഖ്‌റ. 2012-ല്‍ ഉണ്ടായ വാഹനാപകടത്തിലാണ് സ്‌പൈനല്‍ കോഡിന് പരിക്കേറ്റത്. പാരാലിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരവും ആദ്യ വനിതയുമാണ് അവനി. നീന്തല്‍താരം മുരളീകാന്ത് പട്കര്‍, ജാവലിന്‍ ത്രോ ദേവേന്ദ്ര ജജാരിയ, ഹൈ ജംപ് താരം മണിയപ്പന്‍ തങ്കവേലു എന്നിവരാണ് ഇന്ത്യയ്ക്കായി പാരാലിമ്പിക്‌സ് സ്വര്‍ണം നേടിയിട്ടുള്ള താരങ്ങള്‍.
Content Highlights: Anand Mahindra Announce SUV To Paralympics Gold Medallist Avani Lekhara
Content Highlights: