പുതിയ വാഹനം എടുത്തിറങ്ങിയത് അപകടത്തിലേക്ക്; ഏഴ് അടി താഴ്ച്ചയിലേക്ക് ഇടിച്ചിറങ്ങി കാര്‍ | Video

ഡീലര്‍ഷിപ്പില്‍ നിന്നുണ്ടായ അപകടം | Photo: RushLane
ഡീലര്‍ഷിപ്പില്‍ നിന്നുണ്ടായ അപകടം | Photo: RushLane

ആശിച്ച് മോഹിച്ച് സ്വന്തമാക്കുന്ന പുതിയ വാഹനം ഓടിച്ച് തുടങ്ങും മുമ്പ് അപകടമുണ്ടാകുന്നത് ഏതൊരാളെയും സങ്കടപ്പെടുത്തും. ഇത്തരത്തില്‍ പുതിയ വാഹനം ഷോറൂമില്‍ നിന്ന് ഡെലിവറി എടുത്ത് റോഡില്‍ ഇറക്കുന്നതിന് മുമ്പ് അപകടത്തില്‍ പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഫോക്‌സ്‌വാഗണിന്റെ പ്രീമിയം സെഡാന്‍ വാഹനമായ വെര്‍ച്യൂസാണ് ഉടമസ്ഥന് കൈമാറിയതിന് പിന്നാലെ അപകടത്തില്‍ പെട്ടത്. 

ആന്ധ്രപ്രദേശിലെ രാജമുന്ദ്രി എന്ന സ്ഥലത്താണ് അപകടമുണ്ടായിരിക്കുന്നത്. റോഡില്‍ നിന്ന് അല്‍പ്പം ഉയര്‍ന്ന സ്ഥലത്താണ് ഡീലര്‍ഷിപ്പ് പ്രവര്‍ത്തിക്കുന്നത്. ഡെലിവറി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പുറത്തേക്ക് ഇറക്കിയപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെട്ടത്. ഏഴ് അടിയോളം താഴെയുള്ള റോഡിലേക്കാണ് വാഹനം പതിച്ചത്. പിന്നിലെ ടയര്‍ റോഡിന് സമീപമുള്ള ഭിത്തിയിലും മുന്‍ഭാഗം റോഡിലും ഇടിച്ചാണ് നിന്നത്. 

എന്നാല്‍, അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. വാഹനത്തിന്റെ മുന്‍ഭാഗത്തിന് കാര്യമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. മുന്നിലെ ബമ്പര്‍ മുതല്‍ ഗ്രില്ല് വരെയുള്ള ഭാഗങ്ങള്‍ പൂര്‍ണമായും കേടുപാടുകള്‍ സംഭവിച്ച നിലയിലാണ്. കാറിന്റെ ഡ്രൈവറിന് വാഹനത്തിന്റെ നീളത്തേയും സ്ഥലത്തേയും കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്നതായിരിക്കാം അപകട കാരണമെന്നാണ് പ്രഥമിക നിഗമനങ്ങള്‍. പിന്നീട് ക്രെയിന്‍ ഉപയോഗിച്ചാണ് വാഹനം ഉയര്‍ത്തിയത്.

Source: RushLane

Content Highlights: Volkswagen Virtus Crash Outside Showroom, Volkswagen Virtus car delivery, Andhra Pradesh