കണ്ണഞ്ചിപ്പിക്കുന്ന അഴക്, ഏറ്റവും വലിപ്പമുള്ള സ്‌ക്രീന്‍; ന്യൂജെന്‍ ആണ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍

ഇന്ത്യന്‍ നിരത്തുകളില്‍ കൃത്യമായ ഫാന്‍ ഫോളോയിങ് ഉറപ്പാക്കിയിട്ടുള്ള കമ്പനിയാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. പ്രീമിയം വാഹന നിര്‍മാതാക്കളുടെ പരിവേഷം പോളോ എന്ന ഒറ്റ മോഡലിലൂടെ പൊളിക്കുകയും തുടര്‍ന്ന് സാധാരണക്കാരന് താങ്ങാവുന്ന വിലയിലുള്ള മോഡലുകള്‍ ഒന്നിന് പുറകെ മറ്റൊന്നായി എത്തിക്കുകയുമായാണ് ഫോക്‌സ്‌വാഗണിന്റെ വിപണന തന്ത്രം. എന്നാല്‍, പരമ്പര്യമായി ലഭിച്ച പ്രീമിയം മേല്‍വിലാസം പൂര്‍ണമായും കൈവെടിയാനില്ലെന്ന സൂചന നല്‍കുന്ന ഒരു മോഡലാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്.
ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി മോഡലായ ടിഗ്വാന്റെ മൂന്നാം തലമുറ മോഡലാണ് പ്രീമിയം എസ്‌യുവി നിരയിലേക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. ആര്‍ ലൈന്‍ എന്ന ഒറ്റ വേരിയന്റില്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് എത്തിയിരിക്കുന്ന ഈ വാഹനത്തിന് 49 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അവതരിപ്പിച്ചെങ്കിലും വിപണിയില്‍ വളരെ പരിമിതമായ യൂണിറ്റുകള്‍ മാത്രമായിരിക്കും എത്തിക്കുകയെന്നാണ് ഫോക്‌സ്‌വാഗണ്‍ നല്‍കുന്ന വിവരം.
തലമുറ മാറ്റം കൃത്യമായി അടയാളപ്പെടുത്തുന്ന ഡിസൈനിലാണ് പുതിയ ടിഗ്വാന്‍ ഒരുങ്ങിയിരിക്കുന്നത്. വീതി കുറഞ്ഞ ഹെഡ്‌ലാമ്പ് ചേമ്പറില്‍ ഇരട്ട പ്രൊജക്ഷന്‍ ഹെഡ്‌ലൈറ്റാണ് നല്‍കിയിരിക്കുന്നത്. എല്‍ഇഡി ലൈറ്റ് സ്ട്രിപ്പുകളില്‍ ഹെഡ്‌ലാമ്പുകളെ ബന്ധിപ്പിച്ചിരിക്കുന്നു. ഗ്രില്ലില്‍ ആര്‍ ബാഡ്ജിങ് പതിപ്പിച്ചിരിക്കുന്നു. ബമ്പറിന്റെ ഭൂരിഭാഗവും നിറഞ്ഞുനില്‍ക്കുന്ന എയര്‍ഡാമും വശങ്ങളിലായി എയര്‍ കര്‍ട്ടണുകളും നല്‍കിയിരിക്കുന്നു. ബ്ലാക്ക് ഫിനീഷിങ് സ്‌കിഡ് പ്ലേറ്റും ബ്രഷ്ഡ് അലുമിനിയം ലൈനും ബമ്പറില്‍ നല്‍കിയിട്ടുണ്ട്.
ആഡംബര എസ്‌യുവികളുടെ ഭാവമാണ് വശങ്ങള്‍ക്കുള്ളത്. മുന്‍ ഉദാഹരണങ്ങള്‍ ഇല്ലാത്ത ഡിസൈനിലാണ് അലോയി വീല്‍ തീര്‍ത്തിരിക്കുന്നത്. 19 ഇഞ്ചാണ് ഇതിന്റെ വലിപ്പം. പില്ലറില്‍ നിന്ന് ഡോറിലേക്ക് മാറിയ റിയര്‍വ്യൂ മിററിന്റെ ഡിസൈന്‍ പോലും പ്രീമിയം വാഹനങ്ങളെ ഓര്‍മപ്പെടുത്തും. ക്രോമിയം വിന്‍ഡോ ബോര്‍ഡര്‍, വീല്‍ ആര്‍ച്ച്, ഗ്ലാസ് ചേംബറിനുള്ളില്‍ എല്‍ഇഡിയില്‍ ഒരുങ്ങിയിരിക്കുന്ന കണക്ടഡ് ടെയ്ല്‍ലാമ്പ്, ഗ്ലോസി ബ്ലാക്ക് ഫിനീഷിങ് ഇന്‍സേര്‍ട്ട് നല്‍കിയിട്ടുള്ള ബമ്പര്‍ എന്നിവയാണ് മറ്റ് ഡിസൈന്‍ ഘടകങ്ങള്‍.
കറുപ്പാണ് ടിഗ്വാന്റെ അകത്തളത്തിന്റെ ആകെയുള്ള ഭാവം, 15 ഇഞ്ച് വലിപ്പത്തില്‍ തീര്‍ത്തിരിക്കുന്ന വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് സെന്റര്‍ കണ്‍സോളിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഗ്ലോസി ബ്ലാക്ക് ഫൈബറില്‍ ഡിസൈനില്‍ നല്‍കിയാണ് ഡാഷ് ബോര്‍ഡിന്റെ ഒരുഭാഗം ഒരുക്കിയിരിക്കുന്നത്. 10.3 ഇഞ്ച് വലിപ്പത്തിലാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍. ത്രീ സ്‌പോക് സ്റ്റിയറിങ് വീല്‍, ആര്‍ ബാഡ്ജിങ് നല്‍കിയിട്ടുള്ള സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, 30 നിറങ്ങളില്‍ തെളിയുന്ന ആംബിയന്റ് ലൈറ്റിങ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി ഫീച്ചറുകളുടെ നീണ്ടനിരയാണ് ഇന്റീരിയറിലുള്ളത്.
കരുത്തുറ്റ എന്‍ജിനാണ് ടിഗ്വാന്റെ പ്രധാന കൈമുതലുകളില്‍ ഒന്ന്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 204 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 7.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 229 കിലോമീറ്റര്‍. 12.58 കിലോമീറ്ററാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത. അഡാസ് ലെവല്‍-2 സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്.
Content Highlights: Launch of the 3rd generation Volkswagen Tiguan SUV in India.