മത്സരിക്കേണ്ടത് കൂടപ്പിറപ്പിനോട്; കൈലാഖ് പ്ലാറ്റ്‌ഫോമിൽ ഫോക്‌സ്‌വാഗൺ C-SUV, എതിരാളികളിൽ കൈലാഖും

ഇന്ത്യയിലെ വാഹന വിപണിയിൽ ഏറ്റവും വലിയ മത്സരം നടക്കുന്ന സെഗ്മെന്റാണ് കോംപാക്ട് എസ്‌യുവി. ഒരുപക്ഷെ, ഏറ്റവും കൂടുതൽ വാഹനങ്ങൾ ഉള്ളതും ഈ സെഗ്മെന്റിൽ ആയിരിക്കും. എന്നാൽ, ഈ ശ്രേണിയിലേക്ക് ഇതുവരെ ഒരു വാഹനം എത്തിക്കാൻ സാധിച്ചിട്ടില്ലത്ത കമ്പനിയാണ് ഫോക്‌സ്‌വാഗൺ. വർഷങ്ങളായുള്ള ഈ കുറവ് 2027-ഓടെ ഫോക്‌സ്‌വാഗൺ നികത്തുമെന്നാണ് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
സ്‌കോഡ കൈലാഖ് ഉൾപ്പെടെയുള്ള എസ്‌യുവികൾക്ക് അടിസ്ഥാനമൊരുക്കുന്ന MQB-A0-IN പ്ലാറ്റ്‌ഫോമിലായിരിക്കും ഫോക്‌സ്‌വാഗണിന്റെ കോംപാക്ട് എസ്‌യുവി മോഡലും ഒരുങ്ങുകയെന്നാണ് റിപ്പോർട്ട്. ഈ വാഹനത്തിന്റെ പേര് സംബന്ധിച്ച് സൂചനകൾ ലഭ്യമല്ല. എന്നാൽ, ബ്രസീലിയൻ വിപണികളിൽ ഫോക്‌സ്‌വാഗൺ എത്തിച്ചിട്ടുള്ള ടെറ എന്ന മോഡലുമായി സാമ്യം പുലർത്തുന്ന വാഹനമാണ് കൈലാഖ്. ഈ മോഡലായിരിക്കുമോ ഇന്ത്യയിൽ എത്തുന്നതെന്ന കാര്യത്തിലും അഭ്യൂഹങ്ങളുണ്ട്.
പോളോ, അമിയോ എന്നീ വാഹനങ്ങൾ നിരത്തൊഴിഞ്ഞതോടെ നഷ്ടപ്പെട്ട് സബ് ഫോർ മീറ്റർ വാഹനശ്രേണിയിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരിക്കും കോംപാക്ട് എസ്‌യുവിയുടെ അവതരണത്തിലൂടെ ഫോക്‌സ്‌വാഗൺ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഏട്ട് ലക്ഷം രൂപ മുതൽ 13 ലക്ഷം രൂപ വരെയുള്ള വിലയിൽ ഫോക്‌സ്‌വാഗണിന്റെ ഈ കോംപാക്ട് എസ്‌യുവി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
മെക്കാനിക്കൽ ഫീച്ചറുകളിലും കൈലാഖിന്റെ പിൻഗാമിയായിരിക്കും ഫോക്‌സ്‌വാഗൺ കോംപാക്ട് എസ്‌യുവിയും. 1.0 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എൻജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. 114 ബിഎച്ച്പി പവറും 178 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. അതേസമയം, എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ഫോക്‌സ്‌വാഗൺ മോഡലിൽ നൽകുക. കൈലാഖിൽ ഇത് ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കാണ്.
കോംപാക്ട് എസ്‌യുവി ശ്രേണയിൽ നിന്ന് അകന്നുനിന്ന വാഹന നിർമാതാക്കളാണ് ഫോക്‌സ്‌വാഗൺ. എന്നാൽ, കൈലാഖിന് ലഭിക്കുന്ന സ്വീകാര്യതയും ചെറുകാർ വിപണിയിലെ അസാന്നിധ്യവുമാണ് ഫോക്‌സ്‌വാഗണിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ. 2025-ൽ മാത്രം കൈലാഖിന്റെ 45,000 യൂണിറ്റുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ ഏറ്റവും വലിയ സംഭാവന നൽകിയത് ഈ വാഹനമായിരുന്നു.
Content Highlights: Volkswagen aims to enter the compact SUV segment by 2027., Will be built on the MQB-A0-IN platform, similar to the Skoda Kylaq., Expected price range between Rs 8 lakh to Rs 13 lakh., Powered by a 1.0-litre TSI petrol engine producing 114 bhp and 178 Nm torque.