പ്രായം വെറും നമ്പര്‍ മാത്രം; പോളോയുടെ 50ാം പിറന്നാളിന് 50 എഡിഷന്‍ പുറത്തിറക്കി ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ പോളോ, ഇന്ത്യയിലെ നിരവധി ആളുകളെ വാഹനപ്രേമികളാക്കി മാറ്റിയ വാഹനം. പുതുതലമുറ ഫീച്ചറുകളോ, കണ്ണഞ്ചിപ്പിക്കുന്ന ഡിസൈന്‍ ഗിമിക്‌സുകളോ ഇല്ലാതെയെത്തി വിപണിയില്‍ തരംഗമായി മാറിയ ഹാച്ച്ബാക്ക് മോഡല്‍. ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം ആരാധാകരുള്ള ഈ വാഹനം അമ്പത് വയസ് പിന്നിട്ടിരിക്കുകയാണ്. നിരത്തുകളില്‍ പോളോയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ലിമിറ്റഡ് എഡിഷന്‍ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍.
പോളോ എഡിഷന്‍ 50 എന്ന പേരിലാണ് ഫോക്‌സ്‌വാഗണ്‍ ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പോളോയുടെ സ്‌റ്റൈല്‍ വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന്റെ ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും ലിമിറ്റഡ് എഡിഷന്‍ അടയാളപ്പെടുത്തലുകള്‍ നല്‍കുന്നുണ്ട്. വിദേശ വിപണികളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 28,200 യൂറോയാണ് (ഏകദേശം 27.88 ലക്ഷം രൂപ) ജര്‍മനിയിലെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രിസ്റ്റല്‍ ബ്ലൂ നിറത്തിലാണ് എഡിഷന്‍ 50 പോളോ ഒരുങ്ങിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷന്‍ പതിപ്പ് അടയാളപ്പെടുത്തുന്നതിനായി ബി-പില്ലറില്‍ 50 എന്ന ത്രീഡി ബാഡ്ജിങ് നല്‍കിയിരിക്കുന്നതും ഈ വാഹനത്തിന്റെ ഡിസൈന്‍ സവിശേഷതയാണ്. 16 ഇഞ്ച് വീലാണ് അടിസ്ഥാനമായി നല്‍കുന്നതെങ്കിലും ഇത് 17 ഇഞ്ചായി ഉയര്‍ത്താനുള്ള കസ്റ്റമൈസേഷന്‍ ഓപ്ഷന്‍ നിര്‍മാതാക്കള്‍ ഒരുക്കുന്നുണ്ട്. ഡോര്‍ സില്ലുകളിലും ലിമിറ്റഡ് എഡിഷന്‍ അടയാളപ്പെടുത്തലുകള്‍ നല്‍കുന്നുണ്ട്.
ഈ വാഹനത്തിന്റെ അകത്തളവും അല്‍പ്പം സ്‌പെഷ്യലായാണ് ഒരുക്കിയിരിക്കുന്നത്. സീറ്റുകളിലും സ്റ്റിയറിങ് വീലിലുമാണ് 50 ബാഡ്ജിങ്ങുള്ളത്. ഡാഷ് ബോര്‍ഡിന്റെ ഡീസൈനും റെഗുലര്‍ മോഡലില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതാണെന്നാണ് ഫോക്‌സ്‌വാഗണ്‍ അവകാശപ്പെടുന്നത്. ഒപ്ഷണല്‍ സണ്‍റൂഫ്, ടൂ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, ക്രോം പെഡല്‍, ആംബിയന്റ് ലൈറ്റിങ്, ഹീറ്റിങ് സീറ്റ് തുടങ്ങിയ ഫീച്ചറുകളും ഫോക്‌സ്‌വാഗണ്‍ ഈ പ്രത്യേക പതിപ്പില്‍ നല്‍കുന്നുണ്ട്.
ഫോക്‌സ്‌വാഗണ്‍ പോളോയുടെ ഈ പ്രത്യേക പതിപ്പിന് മെക്കാനിക്കലായ മാറ്റം വരുത്തിയിട്ടില്ല. 1.0 ലിറ്റര്‍ മൂന്ന് ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 95 എച്ച്പി പവറും 175 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍. അതേസമയം, ഈ എന്‍ജിന്റെ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ പതിപ്പ് 116 എച്ച്പി പവറും 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന നിലയില്‍ റീട്യൂണ്‍ ചെയ്യാനുമാകും.
Content Highlights: Volkswagen celebrates the Polo 50th anniversary with a limited edition model