ഇതെന്താ മാരുതിയുടെ ഫോര്‍ച്യൂണറോ, ഡിജിറ്റലായാലും ഈ മോഡിഫിക്കേഷന്‍ ആരെയും ഞെട്ടിക്കും | Video

വാഹനങ്ങളുടെ എല്ലാ സൗന്ദര്യവും പ്രതിഫലിക്കുന്ന തരത്തിലുള്ള മോടിപിടിപ്പിക്കലുകള്‍ നമ്മളെല്ലാം സ്ഥിരമായി കാണാറുള്ളതാണ്. എങ്ങനെയൊക്കെ രൂപമാറ്റം വരുത്തിയാലും ഇത്തരം വാഹനങ്ങളുടെ യഥാര്‍ഥ രൂപം മനസിലാകാതിരിക്കില്ല. എന്നാല്‍, വാഹനം ഏതാണെന്ന് പോലും മനസിലാകാത്ത ഡിജിറ്റല്‍ രൂപമാറ്റവും ഇപ്പോള്‍ ട്രെന്റിങ്ങാണ്. ഇത്തരത്തില്‍ ഡിജിറ്റലായി രൂപമാറ്റം വരുത്തിയ പഴയ മാരുതി സുസുക്കി വാഗണ്‍ആറിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് മോഡലായ വാഗണ്‍ആര്‍ ഓഫ് റോഡ് വാഹനങ്ങളുടെ രൂപം കൈവരിച്ചിട്ടുള്ള രൂപമാറ്റത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. വാഗണ്‍ആറിന്റെ രണ്ടാം തലമുറ മോഡലാണ് ഓഫ് റോഡ് മോഡലുകളുടെ ഡിസൈനിലേക്ക് മാറിയിരിക്കുന്നത്. വാഗണ്‍ആറിന്റെ ടോള്‍ ബോയി ഡിസൈനിനൊപ്പം ഓഫ് റോഡ് ഫീച്ചറുകളും ലൈറ്റുകളും നല്‍കിയതോടെ ഒരു എസ്‌യുവിയുടെ തലയെടുപ്പാണ് ദൃശ്യങ്ങളില്‍ തോന്നിക്കുന്നത്. മോട്ടോര്‍റെക്കോഡ്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഓഫ് റോഡ് എസ്‌യുവികളില്‍ കാണാറുള്ള സ്‌നോര്‍ക്കല്‍, ഓഫ് റോഡ് മെറ്റല്‍ ബമ്പറുകള്‍, സ്‌കിഡ് പ്ലേറ്റുകളും മെറ്റല്‍ എന്‍ജിന്‍ ഗാര്‍ഡും, ബമ്പറില്‍ നല്‍കിയിട്ടുള്ള ക്രാഷ് ഗാര്‍ഡ് അതിലെ ലൈറ്റുകളും വീല്‍ ആര്‍ച്ചില്‍ നല്‍കിയിട്ടുള്ള മെറ്റല്‍ പൈപ്പ് ഗാര്‍ഡ്, റൂഫ് ക്യാരിയറും അതിലെ സെര്‍ച്ച് ലൈറ്റുമെല്ലാമാണ് ഈ വാഹനത്തിന് ഓഫ് റോഡ് വാഹനങ്ങളുടെ ഭാവം നല്‍കുന്നത്. ഓഫ് റോഡ് വീല്‍ ഡിസ്‌കും ഓള്‍ ടെറൈന്‍ ടയറുകളും നല്‍കിയാണ് ഈ വാഹനത്തിന്റെ ഡിജിറ്റല്‍ രൂപമാറ്റം.
വശങ്ങളില്‍ വലിയ ടയറുകള്‍ നല്‍കിയതും മസ്‌കുലര്‍ വീല്‍ ആര്‍ച്ച് സ്ഥാനം പിടിച്ചതുമാണ് പ്രധാനമായി വരുത്തിയിട്ടുള്ള മാറ്റമെങ്കില്‍ പിന്‍ഭാഗത്ത് കുറച്ച് അധികം കൂട്ടിച്ചേര്‍ക്കലുകള്‍ കാണാം. പിന്നിലും മെറ്റലില്‍ തീര്‍ത്തിരിക്കുന്ന ഓഫ് റോഡ് ബമ്പറാണ് നല്‍കിയിട്ടുള്ളത്. ഇതുമായി ബന്ധിപ്പിച്ച് നല്‍കിയിട്ടുള്ള ഗാര്‍ഡില്‍ സ്‌പെയര്‍ വീലും നല്‍കിയിട്ടുണ്ട്. ടെയ്ല്‍ ലാമ്പിന്റെ രൂപം മാറ്റാന്‍ ഡിസൈനര്‍മാര്‍ മുതിര്‍ന്നിട്ടില്ലെന്നതും വീഡിയോയില്‍ കാണാം.
ഇന്ത്യന്‍ നിരത്തുകളില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മാരുതി സുസുക്കിയുടെ പോപ്പുലര്‍ ഹാച്ച്ബാക്ക് മോഡലാണ് വാഗണ്‍ആര്‍. ഈ വാഹനത്തിന്റെ 32 ലക്ഷത്തിലധികം യൂണിറ്റാണ് ഇതുവരെ വിറ്റഴിച്ചിട്ടുള്ളത്. ഈ വാഹനത്തിന്റെ മൂന്നാം തലമുറ മോഡലാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലുള്ളത്. 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് ഒന്നാം തലമുറ വാഗണ്‍ആര്‍ എത്തിയത്. എന്നാല്‍, 1.0 ലിറ്റര്‍ എന്‍ജിനുമായാണ് രണ്ടാം തലമുറ എത്തിയത്. നിലവിലെ മൂന്നാം തലമുറ മോഡല്‍ 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍, 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുകളിലാണ് എത്തുന്നത്.
Content Highlights: Viral video shows a digitally modified Maruti Suzuki WagonR transformed into an off-road SUV