തുടക്കം പ്രധാനമന്ത്രി മോദിയുടെ തട്ടകത്തില്‍ നിന്ന്; ഇന്ത്യയിലെ ആദ്യ ഷോറൂം തുറന്ന് വിന്‍ഫാസ്റ്റ്

Photo: Vinfast
Photo: Vinfast

വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റിന്റെ ഇന്ത്യയിലേക്കുള്ള എന്‍ട്രി ഏത് നിമിഷം വേണമെങ്കിലും സംഭവിച്ചേക്കാം. വരിവിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും ആദ്യം അവതരിപ്പിക്കുന്ന വാഹനങ്ങള്‍ പ്രഖ്യാപിക്കുകയും, ബുക്കിങ് ആരംഭിക്കുകയും ചെയ്ത ഈ കമ്പനി ഒടുവില്‍ രാജ്യത്തെ ആദ്യ ഷോറൂം തുറന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിലാണ് വിന്‍ഫാസ്റ്റ് ഇന്ത്യയിലെ ആദ്യ ഷോറൂം ആരംഭിച്ചിരിക്കുന്നത്. 

ഗുജറാത്തിലെ പ്രധാന നഗരമായ സൂറത്തിലെ പിപ്ലോഡ് മേഖലയിലാണ് വിന്‍ഫാസ്റ്റ് ഇന്ത്യയുടെ ആദ്യ ഷോറൂം തുറന്നിരിക്കുന്നത്. 3000 സ്‌ക്വയര്‍ ഫീറ്റ് വലിപ്പത്തില്‍ ഒരുങ്ങിയിട്ടുള്ള ഷോറൂമില്‍ വാഹനങ്ങളുടെ വില്‍പ്പനയ്ക്കും സര്‍വീസിനുമുള്ള സംവിധാനങ്ങള്‍ ഒരുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിന്‍ഫാസ്റ്റ് ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വിഎസ്6, വിഎഫ്7 എന്നീ രണ്ട് ഇലക്ട്രിക് എസ്‌യുവികളും ഈ ഷോറൂമില്‍ പ്രദര്‍ശനത്തിനും എത്തിച്ചിട്ടുണ്ട്.

വിന്‍ഫാസ്റ്റ് ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 27 നഗരങ്ങളിലായി 32 ഡീലര്‍ഷിപ്പുകളാണ് ആരംഭിക്കുന്നതെന്നാണ് മുമ്പ് അറിയിച്ചത്. ഇന്ത്യയിലെ തന്നെ 13 മുന്‍നിര ഡീലര്‍മാരുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വിന്‍ഫാസ്റ്റിന്റെ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 35 ആയി ഉയര്‍ത്തുമെന്നും വിന്‍ഫാസ്റ്റ് ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

വിന്‍ഫാസ്റ്റ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത വിപണികളില്‍ കേരളവും ഉള്‍പ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലായി മൂന്ന് ഷോറൂമുകളാണ് വിന്‍ഫാസ്റ്റ് കേരളത്തില്‍ തുറക്കുന്നത്. കേരളത്തിലെ തന്നെ മുന്‍നിര വാഹന വിതരണക്കാരായ ഇവിഎം ഗ്രൂപ്പാണ് കേരളത്തില്‍ ഷോറൂം തുറക്കുന്നതിനായി വിന്‍ഫാസ്റ്റുമായി കൈകോര്‍ത്തിരിക്കുന്നത്. കൊച്ചിയിലെ ഇവിഎം വിന്‍ഫാസ്റ്റ് ഷോറൂമിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുള്ള പ്രദേശങ്ങളിലാണ് ആദ്യം ഷോറൂമുകള്‍ തുറക്കുന്നതെന്നാണ് വിന്‍ഫാസ്റ്റ് അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ആരംഭിക്കുന്ന മൂന്ന് ഡീലര്‍ഷിപ്പുകള്‍ക്ക് പുറമെ, ഡല്‍ഹി, ഗുരുഗ്രാം, നോയിഡ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ജയ്പൂര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ലഖ്‌നൗ, കോയമ്പത്തൂര്‍, സൂറത്ത്, വിശാഖപട്ടണം, വിജയവാഡ, ഷിംല, ആഗ്ര, ഝാന്‍സി, ഗ്വാളിയോര്‍, വാപി, ബറോഡ, ഗോവ എന്നിവിടങ്ങളിലാണ് ആദ്യഘട്ട ഷോറൂമുകള്‍ തുറക്കുന്നത്.

Content Highlights: Vietnamese EV maker VinFast opens its first Indian showroom in Surat, Gujarat. Showcasing VF6 & VF7