സമയം കുറിച്ചു; വിന്‍ഫാസ്റ്റിന്റെ ഇന്ത്യയിലെ കുതിപ്പ് സെപ്റ്റംബര്‍ ആറിന് തുടങ്ങും, എതിരാളി ടെസ്‌ല ?

ഇന്ത്യയിലെ വാഹന വിപണിയിലേക്ക് പ്രവേശനം പ്രഖ്യാപിച്ചിട്ടുള്ള വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റിന്റെ ആദ്യ വാഹനങ്ങള്‍ സെപ്റ്റംബര്‍ ആറിന് ഇന്ത്യയില്‍ അവതരിപ്പിക്കും. വിഎഫ്6, വിഎഫ്7 എന്നീ എസ്‌യുവി മോഡലുകളാണ് വിന്‍ഫാസ്റ്റ് ആദ്യം ഇന്ത്യയില്‍ എത്തിക്കുന്നത്. ഇതിനോടകം തന്നെ ബുക്കിങ് ആരംഭിച്ച ഈ വാഹനങ്ങളുടെ വില ഇതേ ദിവസമായിരിക്കും പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്‌നാട്ടിലെ തൂത്തുകുടി സിപ്‌കോട് ഇന്‍ഡസ്ട്രിയന്‍ പാര്‍ക്കിലാണ് വിന്‍ഫാസ്റ്റിന്റെ പ്ലാന്റ് ഒരുങ്ങിയിരിക്കുന്നത്. വാഹനത്തിന്റെ പാര്‍ട്‌സുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഈ പ്ലാന്റില്‍ അസംബിള്‍ ചെയ്തായിരിക്കും വിപണിയില്‍ എത്തുകയെന്നാണ് വിവരം. വിയറ്റ്‌നാമിന് പുറത്ത് വിന്‍ഫാസ്റ്റ് നിര്‍മിക്കുന്ന ആദ്യ പ്ലാന്റാണിത്.
ഗുജറാത്തിലാണ് വിന്‍ഫാസ്റ്റ് ഇന്ത്യയുടെ ആദ്യ ഷോറൂം തുറന്നത്. ഇതിനുപിന്നാലെ തന്നെ രാജ്യത്തെ ഏറ്റവും വലിയ ഷോറൂം ചെന്നൈയിലും തുറക്കുകയായിരുന്നു. 27 നഗരങ്ങളിലായി 32 ഡീലര്‍ഷിപ്പുകളാണ് ആരംഭിക്കുന്നതെന്നാണ് മുമ്പ് അറിയിച്ചത്. ഇന്ത്യയിലെ തന്നെ 13 മുന്‍നിര ഡീലര്‍മാരുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വിന്‍ഫാസ്റ്റിന്റെ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചിരിക്കുന്നത്.
2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് വിയറ്റ്നാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ വാഹനങ്ങള്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. വിന്‍ഫാസ്റ്റിന്റെ വാഹന നിരയിലെ ഒട്ടുമിക്ക മോഡലുകളും ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലെ വിന്‍ഫാസ്റ്റ് പവലിയനില്‍ നിരന്നിരുന്നു. ഇതില്‍ വിഎഫ്7, വിഎഫ്6 എന്നീ മോഡലുകളാണ് ആദ്യം എത്തിക്കുന്നത്.
വിഎഫ് 7 അഞ്ച് സീറ്റര്‍ ഇലക്ട്രിക് എസ്യുവി ശ്രേണിയിലേക്കായിരിക്കും അവതരിപ്പിക്കുക. ക്രോസ്ഓവര്‍ സിലുവേറ്റില്‍ ഒരുങ്ങുന്ന ഈ വാഹനത്തിന്റെ ഡിസൈന്‍ വി പാറ്റേണ്‍ അടിസ്ഥാനമാക്കിയുള്ളതാണ്. ഇക്കോ, പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് വിഎഫ്7 വിദേശ വിപണികളില്‍ എത്തിയിരിക്കുന്നത്. 75.3 കിലോവാട്ട് ബാറ്ററിപാക്കാണ് ഈ മോഡലില്‍ നല്‍കിയിട്ടുള്ളത്. ഇതിന്റെ ഇക്കോ പതിപ്പില്‍ 450 കിലോമീറ്റര്‍ റേഞ്ചും പ്ലസ് പതിപ്പില്‍ 431 കിലോമീറ്റര്‍ റേഞ്ചുമാണ് ഉറപ്പാക്കുന്നത്.
ഇലക്ട്രിക് മിഡ്-സൈസ് എസ്യുവി ശ്രേണിയിലാണ് വിഎഫ് 6 എത്തുന്നത്. ഇക്കോ, പ്ലസ് എന്നീ വേരിയന്റുകളില്‍ തന്നെയാണ് വിഎഫ് 6-ഉം എത്തുന്നത്. ഇക്കോ വേരിയന്റ് 399 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 59.6 കിലോവാട്ട് ബാറ്ററി പാക്കാണ് നല്‍കിയിരിക്കുന്നത്. ഇതിലെ മോട്ടോര്‍ 178 എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. പ്ലസ് വേരിയന്റില്‍ 381 കിലോമീറ്ററാണ് റേഞ്ച്. എന്നാല്‍, 204 എച്ച്പി പവറും 310 എന്‍എം ടോര്‍ക്കുമാണ് ഇതിലെ ഇലക്ട്രിക് മോട്ടോര്‍ ഉത്പാദിപ്പിക്കുന്നത്.
Content Highlights: VinFast EVs Arrive in India: September 6th Launch Date Confirmed