വിജയ് മല്യയുടെ ഫെരാരി 328 GTS വീണ്ടും നിരത്തിൽ, പുതിയ ഉടമ മുൻ ക്രിക്കറ്റ് താരം

photo:motorheadd_/instagram
photo:motorheadd_/instagram

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയുടെ ഇഷ്ട വാഹനമായിരുന്ന ഫെരാരി 328 ജിടിഎസ് ടാർഗയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. വർഷങ്ങൾക്ക് ശേഷം വാഹനം വീണ്ടും മുംബൈ ന​ഗരത്തിൽ പ്രത്യക്ഷപ്പെട്ടതോടെ കാറിന്റെ ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മുംബൈയിലെ വോർളി സീ ലിങ്ക് റോഡിലൂടെ മല്യയുടെ ഈ ആഡംബര ഐക്കണിക് വാഹനം പോകുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. 

ബറോഡയിലെ ഗെയ്ക്‌വാദ് രാജവംശത്തിലെ അംഗമായ പ്രതാപ് സിങ് ഗെയ്ക്‌വാദാണ് വിജയ് മല്യയുടെ ഈ വാഹനം ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.  മല്യയുടെ സ്വത്തുവകകൾ നേരത്തേതന്നെ ലേലത്തിന് വെച്ചിരുന്നു. ഹിന്ദു ആചാരപ്രകാരം ആരതിയുഴിഞ്ഞ് വാഹനം സ്വീകരിക്കുന്ന വീഡിയോ  പ്രതാപ് സിങ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.  

ഫെരാരി 328 ജിടിഎസ് ഇന്ത്യയിലെ ഏറ്റവും അപൂർവമായ ഫെരാരികളിൽ ഒന്നാണ്. അധികമൊന്നും ഈ മോഡൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടില്ല. ഫെരാരി 308-ന് പകരക്കാരനായി 1985-ൽ ആണ് 328 ജിടിഎസ് പുറത്തിറക്കിയത്.

3.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V8 എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 270 ബിഎച്ച്പി പവറും 304 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കും. 267 കിലോമീറ്ററാണ് ഉയർന്ന വേഗത. 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടതോ വെറും 6 സെക്കൻഡ് മാത്രം. അന്ന് വിപണിയിലെ ഏറ്റവും ഉയർന്ന പ്രകടനമുള്ള കാറുകളിൽ ഒന്നായിരുന്നു ഇത്.

മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരവും ക്രിക്കറ്റ് പരിശീലകനുമായ പ്രതാപ് സിംഗ് ഗെയ്ക്‌വാദ് വലിയ വാഹനപ്രേമി കൂടിയാണ്. നിരവധി ആഡംബര, സൂപ്പർകാറുകളാണ് അദ്ദേഹത്തിന്റെ ​ഗ്യാരേജിലുള്ളത്. ആസ്റ്റൺ മാർട്ടിൻ ഡിബിഎസ്, 991.2 പോർഷെ 911 ജിടി3 ആർഎസ്, 1978 ഡാറ്റ്‌സൺ 280 ഇസെഡ്, ബെന്റ്‌ലി ബ്രൂക്ക്‌ലാൻഡ്‌സ് കൂപ്പെ, പോർഷെ കയെൻ, മെഴ്‌സീഡസ് ബെൻസ് എസ്65 എഎംജി എന്നിങ്ങനെ നീളുന്നു ആ വാഹന ശേഖരം. 

Content Highlights: Vijay Mallyas Ferrari Spotted Mumbai After Years