വെറൈറ്റി നിറം, കൂള്‍ ലുക്ക്; ബിഎംഡബ്ല്യു 5 സീരീസ് സ്വന്തമാക്കി വിധു പ്രതാപ്

മലയാളികള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പ്രതിഭയാണ് വിധു പ്രതാപ്. പിന്നണി ഗായകന്‍ എന്ന നിലയിലായിരുന്നു അദ്ദേഹം ശ്രദ്ധ നേടിത്തുടങ്ങിയതെങ്കില്‍ ഇപ്പോള്‍ സിനിമ ഉള്‍പ്പെടെയുള്ള വിവിധ പ്ലാറ്റ്‌ഫോമിലെ അഭിനയത്തിലൂടെയും സംഗീത പരിപാടികളിലെ വിധികര്‍ത്താവായും ഈ ബഹുമുഖ പ്രതിഭ മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നുണ്ട്. ഒരുപിടി നല്ല പാട്ടുകള്‍ക്ക് ജീവന്‍ പകര്‍ന്ന ഈ താരം തന്റെ യാത്രകള്‍ക്കായി പുതിയൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ വാഹന നിരയിലെ ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നായ ഫൈവ് സീരീസ് ലോങ് വീല്‍ ബേസ് സെഡാന്‍ വാഹനമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു ഫൈവ് സീരീസിന്റെ എട്ടാം തലമുറ മോഡലാണ് ലോങ് വീല്‍ ബേസ് പതിപ്പായി എത്തിയിരിക്കുന്നത്. ഒറ്റ വേരിയന്റില്‍ മാത്രം വിപണിയില്‍ എത്തിയിട്ടുള്ള ഈ മോഡലിന് 72.35 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
സ്റ്റൈല്‍, ഫീച്ചര്‍, കംഫര്‍ട്ട് എന്നിവയുടെ സംഗമമായാണ് ബിഎംഡബ്ല്യുവിന്റെ ഫൈവ് സീരീസിനെ വിശേഷിപ്പിക്കുന്നത്. ബി.എം.ഡബ്ല്യുവിന്റെ 2.5 ബോക്സ് ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. ചെരിവുള്ള എ-പില്ലര്‍, ഒഴുകിയിറങ്ങുന്ന റൂഫ് ലൈനും ചേര്‍ന്നതാണ് വാഹനത്തിന്റെ ആകെ രൂപം. തിളക്കമുള്ള ബി.എം.ഡബ്ല്യു. സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്ല്, ബ്രോണ്‍സ് ഫിനീഷിങ്ങിലുള്ള ഇന്‍സേര്‍ട്ടുകള്‍, എല്‍ഇഡി. ഹെഡ്ലാമ്പ്, നീളം കൂടിയ ബോണറ്റ് എന്നിവയാണ് മുന്‍ഭാഗത്തെ സവിശേഷത.
സെവന്‍ സീരീസിനെ ഓര്‍മ്മപ്പെടുത്തുന്ന ഫീച്ചറുകളാണ് ഇന്റീരിയറിലുള്ളത്. കര്‍വ് ഷേപ്പില്‍ നല്‍കിയിട്ടുള്ള രണ്ട് സ്‌ക്രീനുകളാണ് പ്രധാനം. ഇവ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുമായി പ്രവര്‍ത്തിക്കുന്നു. ഹൈഡ് ചെയ്ത രീതിയിലാണ് എസി വെന്റുകള്‍. ക്രിസ്റ്റര്‍ രൂപത്തില്‍ തീര്‍ത്തിരിക്കുന്ന ഷിഫ്റ്റ് സെലക്ടറും ഇന്‍ഫോടെയ്ന്‍മെന്റ് കണ്‍ട്രോള്‍ നോബുമാണ് മുന്‍നിരയിലെ സവിശേഷത. ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളിന്റെ ഗുണം പിന്‍നിരയില്‍ ലഭിക്കും. വലിയ ഗ്ലാസ് റൂഫും ഇതിലെ ഹൈലൈറ്റാണ്.
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇതിനൊപ്പം 48 വോള്‍ട്ട് ഹൈബ്രിഡ് സംവിധാനവും ഈ എന്‍ജിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 258 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. കേവലം 6.5 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. 15.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.
Content Highlights: Renowned singer Vidhu Prathap adds a stylish BMW 5 Series Long Wheelbase sedan to his collection. Discover its luxury features, performance, and more.