ടൊയോട്ടയുടെ കോംപാക്ട് എസ്‌.യു.വി. വരവറിയിച്ചു; അര്‍ബന്‍ ക്രൂയിസര്‍ 23-ന് അവതരിപ്പിക്കും

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ | Photo: Toyota Bharat
ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ | Photo: Toyota Bharat

ടൊയോട്ടയുടെ വാഹനനിരയിലെ ആദ്യ കോംപാക്ട് എസ്‌യുവി മോഡലായ അര്‍ബന്‍ ക്രൂയിസര്‍ സെപ്റ്റംബര്‍ 23-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. മാരുതി സുസുക്കി-ടൊയോട്ട സഹകരണത്തിന്റെ ഭാഗമായി മാരുതിയുടെ ബ്രെസയാണ് അര്‍ബന്‍ ക്രൂയിസറായി രൂപം മാറുന്നത്. വരവിന് മുന്നോടിയായി ഓഗസ്റ്റ് 22 മുതല്‍ ഈ വാഹനത്തിനുള്ള ഔദ്യോഗിക ബുക്കിങ്ങ് ടൊയോട്ട ആരംഭിച്ചിരുന്നു. 

മാരുതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ മോഡലാണ് അര്‍ബന്‍ ക്രൂയിസര്‍. ബ്രെസയുടെ റീബാഡ്ജിങ്ങ് പതിപ്പാണെങ്കിലും ടൊയോട്ടയുടെ ആദ്യ കോംപാക്ട് എസ്യുവിയായതിനാല്‍ ഡിസൈനിലും മാറ്റും കാര്യമായ മാറ്റം വരുത്തിയാണ് ഈ വാഹനം നിരത്തുകളിലെത്താനൊരുങ്ങുന്നത്. 

ഫോര്‍ച്യൂണറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഗ്രില്‍, ഫോക്സ് സ്‌കിഡ് പ്ലേറ്റ്,ക്രോമിയം റിങ്ങില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പ്, ഗ്ലോസി ബ്ലാക്ക് റിയര്‍വ്യു മിറര്‍, 16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍ എന്നിവ അര്‍ബന്‍ ക്രൂയിസറിനെ കൂടുതല്‍ സ്‌റ്റൈലിഷാക്കുന്നുണ്ട്. അതേസമയം, പിന്‍ഭാഗം മാരുതി ബ്രെസയിലേത് തുടരുമെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. 

അര്‍ബന്‍ ക്രൂയിസറിന്റെ ഇന്റീരിയര്‍ ഇമേജ് കഴിഞ്ഞ ദിവസം ടൊയോട്ട പുറത്തുവിട്ടിരുന്നു. ഡാര്‍ക്ക് ബ്രൗണ്‍-ബ്ലാക്കും ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ അഴകേകുന്ന അകത്തളത്തില്‍ ടൊയോട്ടയുടെ ലോഗോ പതിപ്പിച്ചിട്ടുള്ള സ്റ്റിയറിങ്ങ് വീല്‍ മാത്രമാണ് ആദ്യ കാഴ്ചയിലുള്ള മാറ്റം. ക്യാബിനിലെ അളവുകളും സൗകര്യങ്ങളും ബ്രെസയിലേതിന് സമാനമായിരിക്കുമെന്നാണ് വിവരം.

എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ അര്‍ബന്‍ ക്രൂയിസറിന്റെ എല്ലാ വേരിയന്റുകളിലും നല്‍കിയേക്കും. നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവക്കൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതിലുണ്ട്. സ്മാര്‍ട്ട് പ്ലേകാസ്റ്റ് എന്നാണ് ടൊയോട്ട ഇതിന് പേര് നല്‍കിയിരിക്കുന്നത്.

ബ്രെസയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനാണ് അര്‍ബണ്‍ ക്രൂയിസറിന്റെയും ഹൃദയം. ഇത് 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ട്രാന്‍മിഷനുകളും ഇതിലും നല്‍കും. അര്‍ബന്‍ ക്രൂയിസറില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Toyota Urban Cruiser To Be Launch On September 23

Content Highlights: