ടൊയോട്ടയുടെ ആദ്യ കോംപാക്ട് എസ്‌യുവി അര്‍ബന്‍ ക്രൂയിസര്‍ എത്തി; വില 8.40 ലക്ഷം മുതല്‍

ടൊയോട്ട ഇന്ത്യയുടെ ആദ്യ സബ്-കോംപാക്ട് എസ്‌യുവി മോഡലായ അര്‍ബന്‍ ക്രൂയിസര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മിഡ്, ഹൈ, പ്രീമിയം എന്നീ മൂന്ന് വേരിയന്റുകളിലെത്തുന്ന അര്‍ബന്‍ ക്രൂയിസറിന് 8.40 ലക്ഷം രൂപ മുതല്‍ 11.30 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില.
മാരുതി സുസുക്കി വിത്താരെ ബ്രെസയുടെ റീ-ബാഡ്ജിങ്ങ് പതിപ്പാണ് അര്‍ബന്‍ ക്രൂയിസര്‍. മാരുതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ടില്‍ ഇന്ത്യയില്‍ ഇറങ്ങുന്ന രണ്ടാമത്തെ വാഹനമാണ് അര്‍ബന്‍ ക്രൂയിസര്‍. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായിരുന്ന ബൊലേനൊ, ഗ്ലാന്‍സയായതാണ് ഈ കൂട്ടുകെട്ടിലെ ആദ്യ മോഡല്‍.
റീ-ബാഡ്ജിങ്ങ് പതിപ്പാണെങ്കിലും സ്റ്റൈലിന്റെ കാര്യത്തില്‍ അര്‍ബന്‍ ക്രൂയിസര്‍ മുന്നേറിയിട്ടുണ്ട്. ഫോര്‍ച്യൂണറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഗ്രില്‍, എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ട്രപ്‌സോയിഡല്‍ ഫോഗ്‌ലാമ്പ്, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് റിയര്‍വ്യു മിറര്‍, 16 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് അര്‍ബന്‍ ക്രൂയിസറിന്റെ ഡിസൈന്‍.
ബ്രെസയില്‍ നിന്ന് പറിച്ചുനട്ട ഇന്റീരിയറാണ് അര്‍ബന്‍ ക്രൂയിസറിലുമുള്ളത്. സ്റ്റിയറിങ്ങില്‍ നല്‍കിയിട്ടുള്ള ലോഗോ മാത്രമാണ് മാറിയത്. ഡാര്‍ക്ക് ബ്രൗണ്‍-ബ്ലാക്കും ഡ്യുവല്‍ ടോണ്‍ നിറങ്ങളാണ് അകത്തളത്തിന് അഴകേകുന്നത്. ക്യാബിനിലെ അളവുകളും സൗകര്യങ്ങളും ബ്രെസയിലേതിന് സമാനമായിരിക്കുമെന്നാണ് വിവരം.
പ്ലേകാസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീവയാണ് അര്‍ബന്‍ ക്രൂയിസറിന്റെ ഇന്റീരിയറില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍.
ബ്രെസയ്ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനാണ് അര്‍ബണ്‍ ക്രൂയിസറിന്റെയും ഹൃദയം. ഇത് 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ട്രാന്‍മിഷനുകളും ഇതിലും നല്‍കും. ഒക്ടോബര്‍ പകുതിയോടെ ഈ വാഹനം നിരത്തുകളിലെത്തും.
Content Highlights: Toyota Urban Cruiser Compact SUV Launched In India
Content Highlights: