സുരക്ഷയും 'ഹൈ' ആണ്; ഇന്ത്യൻ ഇടി പരീക്ഷ 'ഇടിച്ചിട്ട്' ഹൈക്രോസ്, 5-സ്റ്റാർ നേടുന്ന ആദ്യ MPV | VIDEO

photo: bncap
photo: bncap

ന്ത്യയുടെ സ്വന്തം ഇടി പരീക്ഷയായ ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ (ബിഎൻസിഎപി) 5-സ്റ്റാർ റേറ്റിങ്ങ് നേടി കരുത്ത് തെളിയിച്ച് ടൊയോട്ട ഇന്നോവ ഹൈക്രോസ്. ഭാരത് എൻസിഎപിയിൽ 5-സ്റ്റാർ സുരക്ഷ സ്വന്തമാക്കുന്ന ആദ്യത്തെ എംപിവിയെന്ന ഖ്യാതി ഇതോടെ ഹൈക്രോസിന് സ്വന്തം. സ്ട്രോങ് ഹൈബ്രിഡ്, നോൺ-ഹൈബ്രിഡ് വേരിയന്റുകൾ പരീക്ഷിച്ചപ്പോൾ, മുതിർന്നവരുടെ സുരക്ഷയിൽ 32-ൽ 30.47 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 45 പോയിന്റും കരസ്ഥമാക്കി. 

മുതിർന്നവരുടെ സുരക്ഷയിൽ, മുൻവശത്തും വശങ്ങളിലുമുള്ള ക്രാഷ് ടെസ്റ്റുകളിൽ മികച്ച പ്രകടനമാണ് വാഹനം കാഴ്ചവെച്ചത്. മുൻവശത്തെ സുരക്ഷയിൽ 16-ൽ 14.147 പോയിന്റാണ് നേടിയത്. വശങ്ങളിൽനിന്നുള്ള സംരക്ഷണത്തിൽ 16-ൽ 16 പോയിന്റും ഹൈക്രോസ് സ്വന്തമാക്കി. കുട്ടികളുടെ സുരക്ഷയിൽ 24-ൽ 24 മാർക്കും നേടാനായി. 

ഹൈക്രോസിന്റെ സുരക്ഷ 

ആറ് എയർബാഗുകൾ, ഇഎസ്‌സി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), എബിഎസ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, മൂന്ന് നിരകളിലുമുള്ള സീറ്റ് ബെൽറ്റ് മുന്നറിയിപ്പ് എന്നിവയുൾപ്പെടെയുള്ള നിരവധി സുരക്ഷാ സംവിധാനങ്ങൾ എംപിവിയിൽ സ്റ്റാൻഡേർഡായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉയർന്ന ട്രിമ്മുകളിൽ ആഡാസ് സാങ്കേതികവിദ്യകളും 360 ഡിഗ്രി ക്യാമറയും ഉണ്ട്.  

2022 അവസാനത്തോടെയാണ് ഹൈക്രോസ് ഇന്ത്യൻ വിപണിയിലെത്തിയത്. പെട്രോൾ, സ്ട്രോങ് ഹൈബ്രിഡ് പെട്രോൾ എന്നിങ്ങനെ രണ്ട് പവർട്രെയിനുകളിലാണ് വാഹനം ലഭ്യമാകുന്നത്. ടൊയോട്ടയുടെ അഞ്ചാം തലമുറ സെൽഫ്-ചാർജിങ് സ്ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റമാണ് ഈ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്.  

2.0 ലിറ്റർ പെട്രോൾ എൻജിനെ ഇ-ഡ്രൈവ് സീക്വൻഷ്യൽ ഷിഫ്റ്റ് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുനന്നത്. ഇത് 186 ബിഎച്ച്പി സംയോജിത ഔട്ട്പുട്ട് പവർ നൽകുന്നു. സാധാരണ പെട്രോൾ എൻജിൻ 174 എച്ച്പി കരുത്ത് ഉത്പാ​ദിപ്പിക്കുന്നു. സിവിടി ട്രാൻസ്മിഷനുമായാണ് ഇത് വരുന്നത്. മാനുവൽ ഗിയർബോക്സ് ലഭ്യമല്ല. സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിൻ ഉയർന്ന വേരിയൻ്റുകളായ VX, ZX, ZX (O) എന്നിവയിൽ മാത്രമേ ലഭ്യമാകൂ. 19.94 ലക്ഷം രൂപ മുതൽ 32.58 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.   


 
 

Content Highlights: Toyota Innova Hycross scores 5star safety rating Bharat NCAP