ടൊയോട്ട ഇന്നോവ ഹൈക്രോസ്; എസ്.യു.വിയുടെ തലയെടുപ്പുള്ള എം.പി.വി, ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യയുടെ ജനപ്രിയ എം.പി.വി. വാഹനമായ ടൊയോട്ട ഇന്നോവ വീണ്ടും ഒരു മാറ്റത്തിനൊരുങ്ങുകയാണ്. ഇന്നോവയില്‍ ആരംഭിച്ച് ഇന്നോവ ക്രിസ്റ്റയില്‍ എത്തി നില്‍ക്കുന്ന ഈ വാഹനം ഇനിയെത്തുന്നത് ഇന്നോവ ഹൈക്രോസ് എന്ന പേരിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 25-ന് ഇന്ത്യയില്‍ അവതരണത്തിനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ അവതരണത്തിന് മുമ്പ് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. ഹൈക്രോസിന്റെ ഇന്‍ഡൊനീഷ്യന്‍ പതിപ്പ് സെനിക്‌സിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
ഈ വാഹനത്തിന്റെ വരവ് അറിയിച്ചുള്ള ടീസറില്‍ മുന്‍വശത്തിന്റെ ഏകദേശ രൂപം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഈ വാഹനത്തിന്റെ മുഖം കൂടുതല്‍ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ്. ക്രോമിയം ആക്‌സെന്റുകള്‍ നല്‍കിയിട്ടുള്ള ഹെക്‌സഗണ്‍ ഗ്രില്ല്, ബ്ലാക്ക് ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള എയര്‍ഡാം, മുന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായി വീതി കുറഞ്ഞ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍. തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ മുഖഭാവം അലങ്കരിച്ചിരിക്കുന്നത്.
എം.പി.വിയെക്കാള്‍ ഉപരി രൂപത്തിലുള്ള എസ്.യു.വി. ഭാവമാണ് ഹൈക്രോസിന്റെ മറ്റൊരു സവിശേഷത. ഉയര്‍ന്ന ബോണറ്റും ഇതില്‍ നല്‍കിയിട്ടുള്ള ക്യാരക്ടര്‍ ലൈനുകളുമാണ് കൂടുതല്‍ എസ്.യു.വി. ഭാവം നല്‍കുന്നത്. മുന്‍ മോഡലിനെക്കാള്‍ മസ്‌കുലറായാണ് വശങ്ങളും ഒരുങ്ങിയിട്ടുള്ളത്. ത്രികോണത്തിലുള്ള ക്വാട്ടര്‍ ഗ്ലാസും ഫോര്‍ച്യൂണറിലേത് പോലെ ചരിഞ്ഞിറങ്ങുന്ന പിന്‍വശവും ക്രിസ്റ്റയില്‍ നിന്ന് ഹൈക്രോസ് ആകുമ്പോഴുള്ള മാറ്റങ്ങളില്‍ പ്രധാനമാണ്. പുതിയ അലോയി വീലും മാറ്റങ്ങള്‍ പെടുന്നതാണ്.
ഹൈക്രോസിന്റെ അകത്തളം സംബന്ധിച്ച് സസ്‌പെന്‍സ് നിലനിര്‍ത്താന്‍ ടൊയോട്ട ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ക്രിസ്റ്റയിലേതിനെക്കാള്‍ ആഡംബരം നിറയുന്ന ഇന്റീരിയറായിരിക്കും ഹൈക്രോസില്‍ ഒരുങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിങ്ങ്, വലിപ്പമേറിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് കണക്ടിവിറ്റി സംവിധാനങ്ങള്‍ എന്നിവയും ഈ വാഹനത്തിന്റെ അകത്തളത്തില്‍ നല്‍കും. മുന്‍നിര സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്നവയായിരിക്കും.
അടിമുടി മാറ്റം എന്ന പ്രയോഗം പൂര്‍ണമാക്കുന്നതിനായി ലുക്കിലേയും ഫീച്ചറിലേയും മാറ്റത്തിനൊപ്പം മെക്കാനിക്കലായും ക്രിസ്റ്റയില്‍ നിന്നും വ്യത്യസ്തമായാണ് ഹൈക്രോസ് എത്തുന്നത്. 2.4 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകള്‍ക്ക് പകരം വിദേശ വിപണികളിലെ കൊറോള ക്രോസിലും കൊറോള ആള്‍ട്ടിസിലും നല്‍കിയിട്ടുള്ള 1.8 ലിറ്റര്‍ അക്കിറ്റ്‌സണ്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഹൈക്രോസ് എത്തുക. ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി നല്‍കുന്ന ഹൈബ്രിഡ് സംവിധാനമാണ് ഇതിലെ ഹൈലൈറ്റ്.
Source: KOMPAS.Com
Content Highlights: Toyota Innova Hycross image leaked, Innova Hycross replace innova crysta, Toyota Innova Crysta