കരുത്തൻ കറുപ്പിൽ; ഹൈലക്സ് ബ്ലാക്ക് എഡിഷനുമായി കളംപിടിക്കാന് ടൊയോട്ട

ഓഫ് റോഡിങ്ങ് കരുത്തിലും സുരക്ഷയിലും മുന്നിൽ നിൽക്കുന്നതിനാൽ വാഹനപ്രേമികളുടെ ഇഷ്ട വാഹനമാണ് ടൊയോട്ട ഹൈലക്സ്. ഏത് കുന്നും മലയും താണ്ടാൻ കഴിയുമെന്നതാണ് ഹൈലക്സിന്റെ പ്രത്യേകത. പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളിൽ ലൈഫ്-സ്റ്റൈൽ പിക്ക്അപ്പ് ട്രക്ക് വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാകാൻ വാഹനത്തിനായി എന്നതും ഹൈലക്സിന്റെ ജനപ്രീതിയുടെ തെളിവാണ്. ഇപ്പോഴിതാ ഹൈലെക്സിന്റെ ബ്ലാക്ക് സ്പെഷ്യൽ എഡിഷൻ ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചിരിക്കുകയാണ് ടൊയോട്ട.
ഹൈലക്സ് ബ്ലാക്ക് എഡിഷൻ എന്നു പേരിട്ടിരിക്കുന്ന ഈ വാഹനത്തിന്റെ പ്രാരംഭവില 37.90 ലക്ഷം രൂപയാണ് (എക്സ് ഷോറൂം). ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ ഹൈലക്സ് ബ്ലാക്ക് എഡിഷൻ പ്രദർശിപ്പിച്ചിരുന്നു. സ്റ്റാന്റേർഡ് മോഡലിൽനിന്ന് എക്സ്റ്റീരിയറും ഇന്റീരിയറും കറുപ്പിൽ കുളിപ്പിച്ചു എന്നു ചുരുക്കത്തിൽ പറയാം.
ഡിസൈൻ
വാഹനത്തിലേക്ക് എങ്ങോട്ടു നോക്കിയാലും കറുപ്പ് നിറമാണ് കാണാൻ കഴിയുക. ബോഡി, മുൻ ഗ്രില്ല്, 18 ഇഞ്ച് അലോയ് വീൽ എന്നിവയെല്ലാം കറുപ്പിന്റെ ഭംഗിയിൽ തിളങ്ങുകയാണ്. ഡോർ ഹാൻഡിലുകൾ, ഒ.ആർ.വി.എമ്മുകൾ എന്നിവ കറുപ്പിൽ പൊതിഞ്ഞിരിക്കുന്നു.
ഇന്റീരിയർ
അകത്തളവും മുഴുവനായി കറുപ്പ് നിറത്തിൽ തന്നെയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ബ്ലാക്ക് ലെതർ അപ്ഹോൾസ്റ്ററിയും പാനലുകളിലെ ബ്ലാക്ക് തീമും ഉൾവശം മനോഹരമാക്കി. അതേസമയം, ഫീച്ചറുകൾ സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്. ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയടങ്ങുന്ന എട്ട് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, റിവേഴ്സ് ക്യാമറ, ഫ്രണ്ട് പാർക്കിങ് സെൻസർ, ആംബിയന്റ് ലൈറ്റിങ്, ജെ.ബി.എല്ലിന്റെ സ്പീക്കർ എന്നിവയെല്ലാം ഹൈലക്സിലുണ്ട്.
സുരക്ഷ
ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ്, ഇലക്ട്രോണിക് ഡിഫ്രൻഷൽ ലോക്ക്, ഓട്ടോമാറ്റിക് ലിമിറ്റഡ് സ്ലിപ്പ് ഡിഫ്രൻഷൽ, ഹിൽ അസിസ്റ്റ് കൺട്രോൾ, ഡൗൺ ഹില്ഡ് അസിസ്റ്റ് കൺട്രോൾ എന്നിങ്ങനെ നീളുന്നു സുരക്ഷാസംവിധാനങ്ങൾ.
ടൊയോട്ടയുടെ ഐ.എം.വി.2 പ്ലാറ്റ്ഫോമിലാണ് ഹൈലെക്സും ഒരുങ്ങിയിട്ടുള്ളത്. ഫോർച്യൂണറിലും ഇന്നോവ ക്രിസ്റ്റയിലും കാണുന്ന അതേ പ്ലാറ്റ്ഫോം തന്നെയാണിത്. 5285 എം.എം. നീളവും 3080 എം.എം. വീൽബേസുമാണ് ഹൈലെക്സ് പിക്ക്അപ്പിനുള്ളത്. 700 എം.എം. വാട്ടർ വേഡിങ് കപ്പാസിറ്റി ഓഫ്റോഡ് ശേഷിയിൽ കരുത്തനാക്കി ഹൈലക്സിനെ മാറ്റുന്നു.
അതേസമയം, എൻജിൽ യാതൊരു മാറ്റത്തിനും ടൊയോട്ട മുതിർന്നിട്ടില്ല. 2.8 ലീറ്റർ ടർബോ ചാർജ്ഡ് 4സിലിണ്ടർ ഡീസൽ എൻജിൻ തന്നെയാണ് ബ്ലാക്ക് എഡിഷനും കരുത്തേകുന്നത്. 201 ബി.എച്ച്.പി. വരെ കരുത്തും 500 എൻ.എം. ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും. 6സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണുള്ളത്. ഓൾ വീൽ ഡ്രൈവ് സംവിധാനം സ്റ്റാൻഡേർഡാണ്.
Content Highlights: Toyota Hilux Black Edition Launched India