മൈലേജ് കൂടാനുള്ള തന്ത്രം പയറ്റിതെളിഞ്ഞ് ടൊയോട്ട; ഇനിയെത്തുന്നത് അല്‍പ്പം ഹൈടെക് ഫോര്‍ച്യൂണര്‍

ടൊയോട്ട ഫോര്‍ച്യൂണര്‍ മൈല്‍ഡ് ഹൈബ്രിഡ് | Photo: Toyota SA
ടൊയോട്ട ഫോര്‍ച്യൂണര്‍ മൈല്‍ഡ് ഹൈബ്രിഡ് | Photo: Toyota SA

ഇന്ത്യയിലെ എംപിവി, പ്രീമിയം എസ്‌യുവി ശ്രേണികളുടെ മേധാവിത്വം വര്‍ഷങ്ങളായി ടൊയോട്ടയുടെ കൈവശം ഭദ്രമാണ്. എംപിവി സെഗ്മെന്റ് വാഴുന്നത് ഇന്നോവ ഹൈക്രോസ് ആണെങ്കില്‍ പ്രീമിയം എസ്‌യുവി ശ്രേണിയിലെ കിരീടം വയ്ക്കാത്ത രാജാവാണ് ഫോര്‍ച്യൂണര്‍. എത്ര വാഹനങ്ങള്‍ക്കിടയില്‍ കൊണ്ടുനിര്‍ത്തിയാലും തലയെടുപ്പോടെ നില്‍ക്കുന്ന ഈ എസ്‌യുവി സാങ്കേതികപരമായി കുറച്ച് ഹൈടെക് ആകാനുള്ള നീക്കത്തിലാണ്. സൗത്ത് ആഫ്രിക്കയില്‍ മുമ്പ് പ്രദര്‍ശിപ്പിച്ച ഈ വാഹനം ഇന്ത്യയിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള ഫോര്‍ച്യൂണര്‍ ലെജന്‍ഡറിനെ പോലെ തന്നെയാണ് ഹൈബ്രിഡ് പതിപ്പും ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ശ്രദ്ധേയമായ ഏതാനും മാറ്റങ്ങളും ഈ വാഹനത്തില്‍ പ്രകടമാണ്. ഇതില്‍ ഏറ്റവും പ്രധാനമായി കണക്കാക്കുന്നത് ഉയര്‍ന്ന ഇന്ധനക്ഷമതയാണ്. റെഗുലര്‍ ഡീസല്‍ മോഡലിനെ അപേക്ഷിച്ച് അഞ്ച് ശതമാനം കൂടിയ മൈലേജാണ് ഹൈബ്രിഡ് സംവിധാനത്തിലുള്ള ഫോര്‍ച്യൂണറിന് ലഭിക്കുക. കൃത്യമായ ഇന്ധനക്ഷമത സംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. 

പുതുതായി ഒരുക്കുന്ന ഫോര്‍ച്യൂണറിലെ പ്രധാന പുതുമ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ്. 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം നല്‍കും. ഈ സംവിധാനം 16 ബിഎച്ച്പി പവറും 42 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ എന്‍ജിനും മോട്ടോറും ചേര്‍ന്ന് 201 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കും നല്‍കും. ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നല്‍കുന്ന ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററിന്റെ സഹായത്തോടെ ടോര്‍ക്ക് അസിസ്റ്റ് ഉറപ്പാക്കുകയും മികച്ച ട്രാന്‍സ്മിഷനും ത്രോട്ടില്‍ അനുഭവവും നല്‍കും. 

ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് മോഡലുകളില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പിലായിരിക്കും മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം ഒരുക്കുന്നതെന്നാണ് വിവരം. വാഹനത്തിന്റെ ഓഫ് റോഡ് കപ്പാസിറ്റിയെ ഒന്നും ഇത് ബാധിക്കില്ലെന്നും ടൊയോട്ട ഉറപ്പുനല്‍കുന്നു. മികച്ച എന്‍വിഎച്ച് ലെവലാണ് പുതിയ ഫോര്‍ച്യൂണറിന്റെ മറ്റൊരു സവിശേഷത. ടോര്‍ക്ക് അസിസ്റ്റ് എന്‍ജിന്‍ ശബ്ദം കുറയക്കുമെന്നും ഗിയര്‍ ഷിഫ്റ്റ് കൂടുതല്‍ സ്മൂത്ത് ആകുമെന്നുമാണ് വിലയിരുത്തല്‍. 

കൂടുതല്‍ സുരക്ഷ ഫീച്ചറുകളും ഈ വാഹനത്തില്‍ നല്‍കുക. സൗത്ത് ആഫ്രിക്കയില്‍ പ്രദര്‍ശിപ്പിച്ച ഫോര്‍ച്യൂണര്‍ എംഎച്ച്ഇവി മോഡലില്‍ അഡാസ് സ്യൂട്ട് നല്‍കിയിരുന്നു. ലെയ്ന്‍ ഡിപാര്‍ച്ചര്‍ അലേര്‍ട്ട്, പ്രീ-കൊളീഷന്‍ സിസ്റ്റം, ലെയ്ന്‍ ട്രെയ്സിങ്ങ് അസിസ്റ്റന്റ്, ഡൈനാമിക റഡാര്‍ ക്രൂയിസ് കണ്‍ട്രോള്‍, റോഡ് സൈന്‍ അസിസ്റ്റന്റ്, ഓട്ടോമാറ്റിക് ഹൈ ബീം, പ്രോ ആക്ടീവ് ഡ്രൈവിങ്ങ് അസിസ്റ്റ് തുടങ്ങിയവയാണ് അഡാസ് ഒരുക്കുന്ന സുരക്ഷ ഫീച്ചറുകള്‍. 

ടൊയോട്ടയുടെ ടിഎന്‍ജിഎ-എഫ് പ്ലാന്റ്ഫോമില്‍ ഒരുങ്ങുന്ന ഈ വാഹനത്തിന് കാര്യമായ ഡിസൈന്‍ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. റെഗുലര്‍ ഫോര്‍ച്യൂണറിനെക്കാള്‍ ഭാരം ഉയരുമെന്നതും ശ്രദ്ധേയമാണ്. മൈല്‍ഡ് ഹൈബ്രിഡിനെ പിന്തുണയ്ക്കാന്‍ നല്‍കുന്ന ബാറ്ററിയുടെയും ഐഎസ്ജിയുടെയും ഭാരം ഏകദേശം 80 കിലോഗ്രാം വരും. വാഹനത്തിന്റെ മൊത്തഭാരത്തില്‍ ഇത് പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. ഡ്രൈവബിലിറ്റിയെ ഇത് അനുകൂലമായായിരിക്കും ബാധിക്കുക. 

Content Highlights: Toyota Fortuner gets a hybrid upgrade- Expect improved fuel efficiency-enhanced safety features