ഡീസൽ എസ്.യു.വികൾ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഏറ്റവും കൂടുതൽ മൈലേജ് ലഭിക്കുന്ന 10 മോഡലുകൾ ഇതാ

.
.

ഇന്ത്യയിൽ ഡീസൽ എൻജിനുകളുള്ള വാഹനങ്ങൾ കുറഞ്ഞുവരികയാണ്. വളരെ കുറച്ച് ബ്രാൻഡുകൾ മാത്രമാണ് ഇപ്പോഴും ഡീസൽ മോഡലുകൾ വിപണിയിലെത്തിക്കുന്നത്. ഡീസൽ എഞ്ചിനുകളിൽനിന്നുള്ള ഉയർന്ന കാർബൺ ബഹിർഗമനമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. എന്നാൽ, മികച്ച ടോർക്കും ആകർഷകമായ ഇന്ധനക്ഷമതയും കാരണം ഡീസൽ കാറുകൾ ഇപ്പോഴും ജനപ്രിയമാണ്. ദീർഘദൂര യാത്രകൾക്ക് ഇവ കൂടുതൽ അനുയോജ്യമാണ്.  ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പത്ത് ഡീസൽ എസ്‌യുവികൾ ഏതൊക്കെയെന്ന് നോക്കാം.

ഹ്യുണ്ടായ് വെന്യു

അവകാശപ്പെടുന്ന ഇന്ധനക്ഷമത: 24.20 കി.മീ (എംടി)

സബ് കോംപാക്ട് എസ്‌യുവി സെ​ഗ്മെന്റിൽ ഇന്ത്യക്കാരുടെ ജനപ്രിയ വാഹനമാണ് ഹ്യുണ്ടായ് വെന്യു. 116 പിഎസ് കരുത്തും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനിൽ വാഹനം ലഭ്യമാണ്. 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിട്ടുള്ള ഈ ഡീസൽ എഞ്ചിൻ 24.20 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡീസൽ എൻജിനോടുകൂടിയ വെന്യുവിൽ മാനുവൽ (എംടി) ഗിയർബോക്സ് മാത്രമാണ് ഏക ട്രാൻസ്മിഷൻ ഓപ്ഷൻ. 7.94 ലക്ഷം രൂപ മുതൽ 13.62 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) വില.

കിയ സോണറ്റ്

അവകാശപ്പെടുന്ന ഇന്ധനക്ഷമത: 24.10 കി.മീ(എംടി),19 കി.മീ (എടി)

വെന്യുവിൻ്റെ സഹോദര മോഡലായ കിയ സോനെറ്റും 116 പിഎസ് ഡീസൽ പവർട്രെയിനിൽ ലഭ്യമാണ്. എന്നാൽ ഇതിന് വെന്യുവിനേക്കാൾ അല്പം മൈലേജ് കുറവാണ് (24.10 കി.മീ). വെന്യുവിൽനിന്ന് വ്യത്യസ്തമായി, സോനെറ്റിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (എടി) ഓപ്ഷനും ലഭ്യമാണ്.  8 ലക്ഷം രൂപ മുതൽ 15.60 ലക്ഷം രൂപ വരെയാണ് വില (എക്സ്-ഷോറൂം).

ടാറ്റ നെക്സോൺ

അവകാശപ്പെടുന്ന ഇന്ധനക്ഷമത: 23.23 കി.മീ (എംടി), 24.08 കി.മീ (എടി)

ടാറ്റ നെക്‌സോണിൻ്റെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇതിന് 24.08 കി.മീ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. മാനുവൽ ഗിയർബോക്സ് ഓപ്ഷനിൽ മൈലേജ് അല്പം കൂടുതലാണ്. നെക്സോണിലെ 1.5 ലിറ്റർ ഡീസൽ എജിൻ 113 പിഎസ് കരുത്തും 260 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 8 ലക്ഷം രൂപയിൽ മുതൽ 15.60 ലക്ഷം രൂപ വരെയാണ് വില(എക്സ്-ഷോറൂം).

ഹ്യുണ്ടായ് ക്രെറ്റ

അവകാശപ്പെടുന്ന ഇന്ധനക്ഷമത: 21.80 കി.മീ (എംടി), 19.10 കി.മീ (എടി)

ഹ്യുണ്ടായ് ക്രെറ്റയിലും 116 പിഎസ് കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷൻ ഉണ്ട്. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഉള്ള മോഡലിന് 21.80 കി.മീ ഇന്ധനക്ഷമതയാണ് വാ​ഗ്ദാനം ചെയ്യുന്നത്. അതേസമയം 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ 19.10 കി.മീ മൈലേജ് നൽകുന്നു. 11.11 ലക്ഷം രൂപ മുതൽ 20.50 ലക്ഷം രൂപവരെയാണ് വില (എക്സ്-ഷോറൂം).

മഹീന്ദ്ര XUV 3XO

അവകാശപ്പെടുന്ന ഇന്ധനക്ഷമത: 20.60 കി.മീ (എംടി), 21.20 കി.മീ(എടി)

പെട്രോൾ പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം 117 പിഎസ് കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനിലും മഹീന്ദ്ര XUV 3XO വിപണിയിലെത്തുന്നുണ്ട്. ഡീസൽ എൻജിനുള്ള വേരിയന്റുകൾ മാനുവൽ ഗിയർബോക്സിൽ 20.60 കി.മീ  മൈലേജ് നൽകുന്നു. 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വേരിയന്റിന് 21.20 കി.മീ ഇന്ധനക്ഷമതയുണ്ട്.  7.99 ലക്ഷം രൂപ മുതൽ 15.57 ലക്ഷം രൂപ വരെയാണ് വില (എക്സ്-ഷോറൂം).

കിയ സിറോസ്

അവകാശപ്പെടുന്ന ഇന്ധനക്ഷമത: 20.75 കി.മീ (എംടി), 17.65 കി.മീ (എടി)

ഡീസൽ എൻജിനുള്ള കിയ സൈറോസ് മാനുവൽ ട്രാൻസ്മിഷൻ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ യഥാക്രമം 20.75 കി.മീ, 17.65കി.മീ മൈലേജാണ് നൽകുന്നത്. 1.5 ലിറ്റർ ഡീസൽ എൻജിൻ 116 പിഎസ് കരുത്തും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഒൻപത് ലക്ഷം രൂപ മുതൽ 17.80 ലക്ഷം രൂപ വരെയാണ് വില (എക്സ്-ഷോറൂം).

കിയ സെൽറ്റോസ്

അവകാശപ്പെടുന്ന ഇന്ധനക്ഷമത: 20.70 കി.മീ/ലി (എംടി), 20.70 കി.മീ (എടി)

കിയ സെൽറ്റോസിലും 1.5 ലിറ്റർ ഡീസൽ എൻജിൻ തന്നെയാണുള്ളത്. സോനറ്റ്, സൈറസ് എന്നിവയ്ക്കു സമാനമായി 116 പിഎസ് കരുത്തും 250 എൻഎം ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 
6-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക്കും ഉൾപ്പെടുന്നു. ഇവ യഥാക്രമം 20.7 കി.മീ, 19.1 കി.മീ മൈലേജ് നൽകുന്നു.  11.13 ലക്ഷം രൂപ മുതൽ 20.51 ലക്ഷം രൂപ വരെയാണ് വില (എക്സ്-ഷോറൂം).

ഹ്യുണ്ടായ് അൽകാസർ

അവകാശപ്പെടുന്ന ഇന്ധനക്ഷമത: 20.40 കി.മീ/(എംടി), 18.1 കി.മീ (എടി)

ഹ്യുണ്ടായ് അൽകാസറിലും 116 പിഎസ് കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷൻ ലഭ്യമാണ്. സമാനമായ ട്രാൻസ്മിഷൻ ഓപ്ഷനുകളും കമ്പനി നൽകുന്നു. മാനുവൽ ഗിയർബോക്സും ഡീസൽ എഞ്ചിനുമുള്ള അൽകസാർ 20.4 കി.മീ മൈലേജാണ് അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ 18.1 കി.മീ/ലി മൈലേജ് നൽകുന്നു. 14.99 ലക്ഷം രൂപ മുതൽ 21.70 ലക്ഷം രൂപ വരെയാണ് വില (എക്സ്-ഷോറൂം).

മഹീന്ദ്ര ബൊലേറോ നിയോ

അവകാശപ്പെടുന്ന ഇന്ധനക്ഷമത: 17.29 കി.മീ(എംടി)

17.29 കി.മീ/ മൈലേജാണ് മഹീന്ദ്ര ബൊലേറോ നിയോ നൽകുന്നത്.1.5 ലിറ്റർ ഡീസൽ എഞ്ചിനുമായി ഘടിപ്പിച്ച മാനുവൽ ഗിയർബോക്സിൽ മാത്രമേ വാഹനം ലഭിക്കൂ. 100 പിഎസ് കരുത്തും 260 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. 9.95 ലക്ഷം രൂപ മുതൽ 12.15 ലക്ഷം രൂപ വരെയാണ് വില (എക്സ്-ഷോറൂം).

ജീപ്പ് കോമ്പസ്

അവകാശപ്പെടുന്ന ഇന്ധനക്ഷമത: 17.10 കി.മീ (എംടി), 14.90 കി.മീ (എടി)

17.10 കി.മീ വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 170 പിഎസ് കരുത്തും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2ലിറ്റർ ഡീസൽ എഞ്ചിനിൽ മാത്രമാണ് വാഹനം ലഭിക്കുക. 18.99 ലക്ഷം രൂപ മുതൽ 32.41 ലക്ഷം രൂപ വരെയാണ് വില(എക്സ്-ഷോറൂം).
 

Content Highlights: Top 10 Most Fuel Efficient Diesel SUVs India