പോരാട്ട വീര്യവുമായി ടൈഗൂണ്‍; ലക്ഷത്തിന്റെ തിളക്കവുമായി ഫോക്‌സ്‌വാഗണ്‍ എസ്.യു.വി.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ | Photo: Volkswagen
ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ | Photo: Volkswagen

പോളൊ എന്ന പ്രീമിയം ഹാച്ച്ബാക്കിന് ശേഷം ഇന്ത്യയിലെ വാഹനപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഫോക്‌സ്‌വാഗണിന്റെ മറ്റൊരു മോഡലാണ് ടൈഗൂണ്‍ എന്ന മിഡ്‌സൈസ് എസ്.യു.വി. ഫോക്‌സ്‌വാഗണില്‍ നിന്നുള്ള കുറഞ്ഞ വിലയുള്ള എസ്.യു.വി. എന്ന നിലയില്‍ തുടക്കം മുതല്‍ വലിയ ശ്രദ്ധപിടിച്ചുപറ്റിയ മോഡലായിരുന്നു ടൈഗൂണ്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നിരത്തുകളില്‍ എത്തി മൂന്ന് വര്‍ഷം പിന്നിടുന്ന ഈ വാഹനം വില്‍പ്പനയില്‍ ഒരുലക്ഷം പിന്നിട്ടിരിക്കുകയാണ്. 

2021 സെപ്റ്റംബറിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്ന എസ്.യു.വിയെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് സമ്മാനിക്കുന്നത്. കൃത്യം മൂന്ന് വര്‍ഷം പിന്നിടുന്നതോടെയാണ് ഈ വാഹനം വില്‍പ്പനയില്‍ ഒരുലക്ഷം കടക്കുന്നത്. വില്‍പ്പനയുടെ കണക്ക് അനുസരിച്ച് ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനത്തിന്റെ 67140 യൂണിറ്റാണ് വിറ്റഴിച്ചിട്ടുള്ളത്. അതേസമയം, 32743 യൂണിറ്റ് ഇന്ത്യയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കടല്‍കടന്നവയാണ്. കണക്ക് വന്നതിന് ശേഷവും ഏതാനും വാഹനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 

2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വിപണിയില്‍ മികച്ച വില്‍പ്പനയാണ് ടൈഗൂണിന് ലഭിച്ചിട്ടുള്ളത്. 21736 യൂണിറ്റായിരുന്നു ആ വര്‍ഷം നിരത്തുകളില്‍ എത്തിയത്. അതിനുശേഷം വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഏറ്റവുമധികം കയറ്റുമതി ചെയ്തത് 2024 സാമ്പത്തിക വര്‍ഷമായിരുന്നു. 12,621 യൂണിറ്റാണ് ഈ കാലയളവില്‍ കടല്‍കടന്നത്. പലതവണ മുഖംമിനുക്കി എത്തിയ ഈ വാഹനം മികച്ച പ്രകടനമാണ് എസ്.യു.വി. ശ്രേണിയില്‍ കാഴ്ചവയ്ക്കുന്നത്. 

രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എത്തുന്നത്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ്, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്നിവയാണ് ടൈഗൂണിലെ എന്‍ജിനുകള്‍. 1.0 ലിറ്റര്‍ എന്‍ജിന്‍ 115 പി.എസ്. പവറും 178 എന്‍.എം. ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ എന്‍ജിന്‍ 150 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

ഏറ്റവും കരുത്തരായ എതിരാളികള്‍ ഉള്ള ശ്രേണിയിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എത്തിയിട്ടുള്ളത്. ഈ വാഹനത്തിന്റെ തന്നെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന സ്‌കോഡ കുഷാക്ക്, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടൊയോട്ട ഹൈറൈഡര്‍, മാരുതി സുസുക്കി ഗ്രാന്റ് വിത്താര, ടാറ്റ കര്‍വ് തുടങ്ങിയ വാഹനങ്ങളാണ് കര്‍വിനൊപ്പം ഇതേ ശ്രേണിയില്‍ വിപണിയിലുള്ളത്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ നിരവധി വേരിയന്റുകളായി എത്തുന്ന ഈ വാഹനത്തിന് 11.70 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Source

Content Highlights: The Volkswagen Taigun, a mid-size SUV, has crossed the 1 lakh sales mark in India.