ഇന്ത്യക്കാരുടെ അംബി, നിരത്തുകളിലെ രാജാവ്; എതിരാളികൾക്ക് വഴിമാറിക്കൊടുത്ത അംബാസഡർ

ഹൂഗ്ലി ജില്ലയിലെ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ ഉത്തർപാറ പ്ലാന്റ് പശ്ചിമ ബംഗാൾ സർക്കാർ കഴിഞ്ഞദിവസമാണ് പിടിച്ചെടുത്തത്. നിയമവിരുദ്ധമായാണ് ഭൂമി കൈവശപ്പെടുത്തിയെന്നതെന്ന ആരോപണവുമായി അംബാസഡർ കാറിന്റെ നിർമാതാക്കൾ രംഗത്തെത്തിയെങ്കിലും സംസ്ഥാന സർക്കാർ പ്രതിരോധിച്ചു. ഒട്ടേറെ അവസരങ്ങൾ നൽകിയിട്ടും ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് സ്ഥലം ഫലപ്രദമായി ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് ഭൂമി തിരിച്ചെടുത്തതെന്നായിരുന്നു സർക്കാർ വാദം.
അംബാസഡർ കാർ നിർമാണത്തിന് പേരുകേട്ട ഉത്തർപാറ പ്ലാന്റ്, ഭൂമിയുടെ അവകാശത്തെയും അത് തിരികെ ഏറ്റെടുക്കുന്നതിനെയും ചൊല്ലി ദീർഘകാലമായി സംസ്ഥാനവുമായി നിയമപോരാട്ടത്തിലാണ്. അംബാസഡർ എന്ന മോഡലിന്റെ പിറവിയും ഒടുക്കവും സംഭവിച്ച അതേ ഭൂമിക്കുവേണ്ടി. ഇന്ത്യൻ നിരത്തുകൾ അടക്കിവാണിരുന്ന അംബാസഡർ.
ഒരുപാടുപേരുടെ വികാരമായിരുന്ന അംബാസഡർ. രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമായിരുന്ന ആ വാഹനത്തിന്റെ കഥ അറിയേണ്ടതാണ്.
പതിറ്റാണ്ടുകളോളം അതൊരു കാർ മാത്രമായിരുന്നില്ല. ഹിന്ദുസ്ഥാൻ അംബാസഡർ അധികാരത്തിന്റെയും ശക്തിയുടെയും ഗൃഹാതുരത്വത്തിന്റെയും പ്രതീകമായിരുന്നു. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ചുവന്ന ബീക്കൺ വെച്ചുള്ള യാത്രകൾ മുതൽ കൊൽക്കത്തയിലേയും ഡൽഹിയിലേയും കേരളത്തിലേയും ടാക്സികൾ വരെ, എല്ലായിടത്തും അംബാസഡർ ഉണ്ടായിരുന്നു. എന്നാൽ, "ഇന്ത്യൻ നിരത്തുകളുടെ രാജാവ്" എന്നറിയപ്പെട്ടിരുന്ന ഈ വാഹനം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകവുമായി പൊരുത്തപ്പെടാൻ പാടുപെട്ടു. 2014-ൽ പശ്ചിമ ബംഗാളിലെ ഉത്തർപാറ പ്ലാന്റിൽനിന്ന് അവസാനത്തെ യൂണിറ്റ് പുറത്തിറങ്ങുമ്പോൾ അതൊരു യാത്രയയപ്പിനേക്കാൾ നിശ്ശബ്ദമായ പിൻവാങ്ങലായിരുന്നു.
നിരത്തുകളിലെ രാജാവ്
ബ്രിട്ടീഷ് നിർമിത മോറിസ് ഓക്സ്ഫോർഡ് സീരീസ് III-യുടെ പാരമ്പര്യത്തിൽ നിന്നാണ് അംബാസഡറിന്റെ ജനനം. 1958-ൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് (എച്ച്എം) ആണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്. മത്സരം വളരെ കുറവായിരുന്ന അന്നത്തെ സാഹചര്യത്തിൽ അംബാസഡർ വലിയ വിജയത്തിലേക്ക് കുതിച്ചു. സ്വകാര്യ വാഹനങ്ങൾക്കുള്ള ആവശ്യം വിതരണത്തേക്കാൾ വളരെ കൂടുതലായിരുന്നു. രാഷ്ട്രീയക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കും ഒരുപോലെ ആശ്രയിക്കാവുന്ന വാഹനമായി അത് മാറി. വിശാലമായ ക്യാബിനും സമാനതകളില്ലാത്ത സൗകര്യവും അംബാസഡറിനെ ജനപ്രിയമാക്കി. ഒരു തരത്തിൽ, ആളുകൾ വാങ്ങിയ ഒരു കാർ മാത്രമായിരുന്നില്ല അംബാസഡർ, മറിച്ച് എല്ലാവരും അംഗീകരിച്ച ഒരു സാന്നിധ്യമായിരുന്നു. ഇന്ത്യക്കാർ സ്നേഹത്തോടെ അവനെ 'അംബി' എന്നു വിളിച്ചു.
1960, 70, 80 ദശകങ്ങളിൽ മറ്റ് കാറുകൾക്കൊന്നും ലഭിക്കാത്ത ഒരു ആധിപത്യം അംബാസഡറിന് ലഭിച്ചു. എതിരാളികളൊന്നും ഇല്ലാത്തതിനാൽ പുതുമകൾ കൊണ്ടുവരേണ്ട ആവശ്യകതയും കമ്പനിക്ക് തോന്നിയില്ല. അതേ പ്ലാറ്റ്‌ഫോമിൽ ചെറിയ മാറ്റങ്ങളുമായി എച്ച്എം മുന്നോട്ട് പോയി. 1980-കളിൽ മാരുതി സുസുക്കി 800-മായി വിപണിയിൽ പ്രവേശിക്കുമ്പോഴേക്കും അംബാസഡർ ഒരു കാലഹരണപ്പെട്ട വാഹനമായി തോന്നിത്തുടങ്ങിയിരുന്നു. എന്നാൽ, എങ്ങനെയോ അത് പിടിച്ചുനിന്നു. പുതുമകൊണ്ടായിരുന്നില്ല, മറിച്ച് വൈകാരികമായ അടുപ്പം കൊണ്ടായിരുന്നു.
സ്നേഹിച്ചിരുന്നവർ കൈവിട്ടു, ആധുനിക വാഹനങ്ങൾ തേടിപ്പോയി
1990-കളുടെ തുടക്കത്തിൽതന്നെ തകർച്ചയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഉദാരവൽക്കരണം ഇന്ത്യൻ വിപണിയെ വിദേശ കമ്പനികൾക്കും മികച്ച എൻജിനീയറിങ്ങിനും ഇന്ധനക്ഷമതയുമുള്ള കാറുകൾക്കുമായി തുറന്നുകൊടുത്തു. കാലഹരണപ്പെട്ട രൂപവും സാങ്കേതികവിദ്യയുമുള്ള അംബാസഡറിന് പിടിച്ചുനിൽക്കാനായില്ല. സ്വകാര്യ ഉപഭോക്താക്കൾ കൂടുതൽ ആകർഷകവും ആധുനികവുമായ ബദൽ വാഹനങ്ങൾ തേടി പോയി. ടാക്സിയായോ സർക്കാർ വാഹനമായോ അംബാസഡർ സ്വയം ഒതുങ്ങി.
എന്നിരുന്നാലും, ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് അംബാസഡറിനെ ആധുനികവത്ക്കരിക്കാൻ ശ്രമങ്ങൾ നടത്തി. ചെറിയ മുഖം മിനുക്കലുകളും മെച്ചപ്പെട്ട ഇന്റീരിയറുകളും ഇസുസുവിൽനിന്നുള്ള പുതിയ പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളും ലഭിച്ചു. എന്നാൽ, ഇവയെല്ലാം കാലഹരണപ്പെട്ട ഒരു പ്ലാറ്റ്‌ഫോമിലെ ഒട്ടിച്ചുചേർത്ത പരിഹാരങ്ങൾ മാത്രമായിരുന്നു. മോശം എർഗണോമിക്സ്, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം, കുറഞ്ഞ ഇന്ധനക്ഷമത, കാലഹരണപ്പെട്ട നിർമാണ രീതികൾ എന്നിങ്ങനെ പ്രധാന പ്രശ്നങ്ങൾ അതുപോലെ തുടർന്നു.
പ്രധാനമായി, കാർ നിർമിക്കുന്ന രീതിയിൽ മാറ്റം വരുത്തുന്നതിൽ എച്ച്എം പരാജയപ്പെട്ടു. ഉൽപാദന രീതികൾ കാലഹരണപ്പെട്ടതും ഗുണനിലവാരം സ്ഥിരതയില്ലാത്തതുമായിരുന്നു. കുറച്ചുകാലത്തേക്ക്, അതിന്റെ ഉറപ്പുള്ള നിർമിതിയും മോശം റോഡുകളെ കൈകാര്യം ചെയ്യാനുള്ള കഴിവും വിശ്വസ്തരായ ഉപഭോക്താക്കളെ നിലനിർത്താൻ സഹായിച്ചു. എന്നാൽ, ഉപഭോക്താക്കളുടെ പ്രതീക്ഷകൾ വർധിക്കുകയും ഗവേഷണത്തിലും വികസനത്തിലും യഥാർത്ഥ നിക്ഷേപം ഇല്ലാതിരിക്കുകയും ചെയ്തതോടെ അംബാസഡർ ഓർമയിലേക്കു മാഞ്ഞുതുടങ്ങി.
അനിവാര്യമായിരുന്ന അന്തിമപ്രഹരം
2010 ആയപ്പോഴേക്കും വിപണിയിലെ പ്രധാന ശക്തിയല്ലാതായി അംബാസഡർ മാറി. വിൽപന പ്രതിമാസം നൂറ് യൂണിറ്റുകളായി ചുരുങ്ങി. സ്വകാര്യമേഖല പൂർണമായും അംബാസഡറിൽനിന്ന് പിന്മാറിയിരുന്നു. ഒരുകാലത്ത് കാറിന്റെ ജീവനാഡിയായിരുന്ന സർക്കാർ തലത്തിലുള്ള ആവശ്യകത പോലും, ആധുനിക വാഹനങ്ങളോടുള്ള താൽപ്പര്യം കാരണം ഇല്ലാതായി.
2014 മേയ് മാസം, ഉത്തർപാറയിലെ പ്ലാന്റിൽ ഉത്പാദനം ഔദ്യോഗികമായി ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് നിർത്തിവെച്ചു. മോശമായ സാമ്പത്തിക സ്ഥിതി, കുറഞ്ഞ ഉൽപാദനക്ഷമത, ഡിമാൻഡ് ഇല്ലായ്മ എന്നിവ കാരണങ്ങളായി അവർ ചൂണ്ടിക്കാട്ടി. ആ മാസം വെറും രണ്ട് അംബാസഡറുകൾ മാത്രമാണ് കമ്പനി നിർമിച്ചത്. ഒരുകാലത്ത് ആയിരക്കണക്കിന് യൂണിറ്റുകൾ വിറ്റഴിഞ്ഞിരുന്ന ഒരു കാറിന് ഇത് ദുഃഖകരമായ വിടവാങ്ങലായിരുന്നു. ഒരു ഇതിഹാസത്തിന്റെ നിശ്ശബ്ദമായ പടിയിറക്കം.
ഉത്പാദനം അവസാനിച്ചെങ്കിലും അംബാസഡർ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായില്ല. കൊൽക്കത്തയിൽ ടാക്സികൾ ഓട്ടം തുടർന്നു. ചില സർക്കാർ ഓഫീസുകളിൽ പൊടിപിടിച്ച പഴയ യൂണിറ്റുകൾ ഗാരേജുകളിൽ ഒതുക്കി വെച്ചിരുന്നു. ചരിത്രത്തിന്റെ ഭാഗമായി കളക്ടർമാർ അതിനെ സംരക്ഷിക്കാൻ തുടങ്ങി. 2017-ൽ ഫ്രഞ്ച് കാർ നിർമാതാക്കളായ പ്യൂഷോ, അംബാസഡർ ബ്രാൻഡിന്റെ അവകാശം സ്വന്തമാക്കി. ഇത് അംബാസഡറിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചെങ്കിലും കാര്യമായൊന്നും സംഭവിച്ചില്ല.
തോറ്റുപോയതല്ല, വഴിമാറികൊടുത്തതാണ്
അംബാസഡറിന്റെ അന്ത്യം യഥാർഥത്തിൽ ഒരു പരാജയമായിരുന്നില്ല. അതൊരു അനിവാര്യതയായിരുന്നു. ഫീച്ചറുകൾ, സുരക്ഷ എന്നിവ ഉപഭോക്തൃ തിരഞ്ഞെടുപ്പുകളെ നയിക്കുന്ന, കടുത്ത മത്സരമുള്ള വാഹന വ്യവസായവുമായി പൊരുത്തപ്പെടാൻ അതിന് കഴിഞ്ഞില്ല. ചുരുക്കം ചില കാറുകൾക്ക് മാത്രം അവകാശപ്പെടാനാകുന്ന ഒരു പൈതൃകം അത് അവശേഷിപ്പിച്ചു.
ഒരു തലമുറയെ മുഴുവൻ അത് ഡ്രൈവിങ് പഠിപ്പിച്ചു. കുടുംബങ്ങളെയും രാഷ്ട്രീയക്കാരെയും സെലിബ്രിറ്റികളെയും ഉദ്യോഗസ്ഥരെയും ഒരുപോലെ തന്നിലേക്ക് കൊണ്ടുവന്നു. കുറ്റമറ്റതായിരുന്നില്ലെങ്കിലും പലർക്കും അതുതന്നെ ധാരാളമായിരുന്നു. ഇന്നും നിരത്തുകളിൽ അംബാസഡർ കാണുമ്പോൾ ആർക്കും പരിഹാസം തോന്നില്ല. ചിലപ്പോൾ അത് പുഞ്ചിരിയാകാം, ഓർമകളാകാം, ഒരുപക്ഷേ ഒരു നെടുവീർപ്പാകാം. അംബാസഡർ ശരിക്കും തോറ്റുപോയതല്ല. അത് മറ്റുള്ളവർക്കായി വഴിമാറി കൊടുത്തതാണ്.
Content Highlights: the history of Hindustan Ambassador