വിവാദമായ ഗോസ്റ്റ്, ആദ്യ ഇലക്ട്രിക് BMW; തമിഴ്‌നാട്ടിലെ ജനനായകൻ വിജയ്‌യുടെ ആഡംബര വാഹനങ്ങൾ

കോളിവുഡ് വെള്ളിത്തിരയിലെ നായകനായ വിജയ് തമിഴ്‌നാടിന്റെ നായകനായി സ്ഥാനമേറ്റിരിക്കുകയാണ്. ടിവികെ എന്ന രാഷ്ട്രിയ പാർട്ടി പ്രഖ്യാപിച്ച് ചുരുങ്ങിയ വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തിരിക്കുകയാണ് സൂപ്പർ സ്റ്റാറും മുഖ്യമന്ത്രിയുമായ വിജയ്. സിനിമയിലെ ആഡംബരത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയിരിക്കുന്ന വിജയ് ഉപയോഗിക്കുന്ന ആഡംബര വാഹനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
റോൾസ് റോയിസ് ഗോസ്റ്റ്
വിജയ്‌യുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയ വാഹനമാണ് അദ്ദേഹത്തിന്റെ റോൾസ് റോയിസ്. 2012-ൽ ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയിസ് ഗോസ്റ്റ് വാഹനം ഇപ്പോഴും അദ്ദേഹത്തിന്റെ ഗ്യാരേജിലെ താരമാണ്. ഈ വാഹനത്തിന് നികുതി അടക്കാൻ തയാറാകാതിരുന്നതാണ് വിജയ്‌ക്കെതിരേ നിയമ നടപടി ഉണ്ടാകാൻ കാരണമായത്. 40 ലക്ഷം രൂപയാണ് അദ്ദേഹം ഈ വാഹനത്തിന് ഇന്ത്യയിൽ നികുതി ഇനത്തിൽ അടച്ചത്.
റോൾസ് റോയിസ് ഗോസ്റ്റ് സീരീസ് വൺ വാഹനമാണ് വിജയ്‌യുടെ വാഹന ശേഖരത്തിലുള്ളത്. ആഡംബര സെഡാൻ വിഭാഗത്തിൽ വരുന്ന ഈ മോഡലിൽ 6.6 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി12 എൻജിനാണ് കരുത്തേകുന്നത്. ഇത് 563 ബിഎച്ച്പി പവറും 780 എൻഎം ടോർക്കുമാണ് നൽകുന്നത്. എട്ട് സ്പീഡ് ഇസഡ്എഫ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഏകദേശം രണ്ട് കോടി രൂപയായിരുന്നു ഈ വാഹനത്തിന്റെ വില.
ടൊയോട്ട വെൽഫയർ
സെലിബ്രിറ്റി വാഹനം എന്ന വിശേഷണം സ്വന്തമാക്കിയിട്ടുള്ള മോഡലാണ് ടൊയോട്ടയുടെ അത്യാഡംബരം എംപിവിയായ വെൽഫയർ. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് ശേഷം അദ്ദേഹം സ്ഥിരമായി യാത്ര ചെയ്യുന്ന വാഹനമാണിത്. 2020 ഫെബ്രുവരിയിലാണ് വെൽഫയർ ആദ്യമായി ഇന്ത്യയിൽ എത്തിയത്. ആദ്യ വരവിൽ ഈ വാഹനം സ്വന്തമാക്കിയ സെലിബ്രിറ്റികളിൽ ഒരാളായിരുന്നു നടൻ വിജയ്‌യും. 2023-ലാണ് നിലവിൽ വിപണിയിലുള്ള വെൽഫയറിന്റെ മുഖംമിനുക്കിയ പതിപ്പ് പുറത്തിറങ്ങിയത്.
ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 2.5 ലിറ്റർ പെട്രോൾ എൻജിനാണ് വെൽഫയറിന് കരുത്തേകുന്നത്. 2487 സിസി പെട്രോൾ എൻജിൻ 190 ബിഎച്ച്പി പവറും 240 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓൾ വീൽ ഡ്രൈവ് സംവിധാനത്തിനൊപ്പം ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർ ബോക്സാണ് ഈ എംപിവിയിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. 18 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വെൽഫയറിന് നിർമാതാക്കൾ ഉറപ്പുനൽകുന്നത്.
ലെക്‌സസ് എൽഎം 350എച്ച്
ടൊയോട്ടയുടെ പ്രീമിയം വാഹന വിഭാഗമായ ലെക്‌സസ് ഇന്ത്യയിൽ എത്തിച്ചിട്ടുള്ള എംപിവി മോഡലായ എൽഎം 350 എച്ച് ആണ് വിജയ്‌യുടെ ഗ്യാരേജിലെ മറ്റൊരു ആഡംബര വാഹനം. വെൽഫയറിന്റെ അൽപ്പം കൂടി പ്രീമിയം പതിപ്പായ ഈ എംപിവി 2024-ലാണ് വിജയ് സ്വന്തമാക്കിയത്. ഇന്ത്യയിൽ 2.5 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. നികുതിയും ഇൻഷുറൻസും ഉൾപ്പെടെ നിരത്തുകളിൽ എത്തുമ്പോൾ വില മൂന്ന് കോടിക്ക് മുകളിലാകും.
ടൊയോട്ട വെൽഫയറിന് അടിസ്ഥാനമൊരുക്കുന്ന ജിഎ-കെ മോഡുലാർ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ലെക്‌സസിന്റെ എൽഎം 350 എച്ച് എംപിവിയും ഒരുങ്ങിയിട്ടുള്ളത്. 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനൊപ്പം സ്‌ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. രണ്ട് സംവിധാനങ്ങളും ചേർന്ന് 250 പിഎസ് പവറും 241 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.
ബിഎംഡബ്ല്യു ഐ7
വിജയ്‌യുടെ വാഹന ശേഖരത്തിലെത്തിയ ആദ്യ ഇലക്ട്രിക് മോഡലാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഐ7. കാഴ്ച്ചയിൽ ബിഎംഡബ്ല്യു സെവൻ സീരീസുമായി സാമ്യമുള്ള മോഡലാണ് ഐ7. 2024-ൽ തന്നെയാണ് അദ്ദേഹം ഈ വാഹനവും സ്വന്തമാക്കിയത്. ഐ7 നിരയിലെ അടിസ്ഥാന മോഡലായ ഇ ഡ്രൈവ് 50 എം സ്പോർട്ട് പതിപ്പാണ് അദ്ദേഹം തിരഞ്ഞെടുത്തത്. 2.05 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില.
544 എച്ച്പി പവറും 745 എൻഎം ടോർക്കുമേകുന്ന ഇരട്ട മോട്ടോറുകളാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. രണ്ട് ആക്‌സിലുകളിലുമായാണ് മോട്ടോറുകളുടെ സ്ഥാനം. 101.7 കിലോവാട്ട് അവർ ശേഷിയുള്ള ലിഥിയം അയേൺ ബാറ്ററിയാണ് ഈ വാഹനത്തിൽ പ്രവർത്തിക്കുന്നത്. ഇത് 591 മുതൽ 625 കിലോമീറ്റർ വരെ റേഞ്ചും ഉറപ്പാക്കുന്നുണ്ട്. 4.7 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 239 കിലോമീറ്ററാണ്.
Content Highlights: Overview of Tamil Nadu CM Thalapathy Vijay's luxury garage in 2026., Details on the Rolls Royce Ghost controversy and specifications., Insight into his shift to premium MPVs like Toyota Vellfire and Lexus LM 350h., Performance specs of his first electric vehicle, the BMW i7.