ഇന്ത്യയിൽ പ്ലാന്റ് പണിയും; ടെസ്ല ഇന്ത്യ വിടുമെന്ന അഭ്യൂഹം നിഷേധിച്ച് കേന്ദ്ര സർക്കാർ

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യൻ വാഹന വിപണിയിൽ എത്തുന്നത്. 2025-ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും, സാമൂഹിക മാധ്യമങ്ങളിലും മറ്റും ലഭിച്ച ഹൈപ്പ് വിപണിയിൽ ലഭിച്ചില്ലെന്നതു യാഥാർഥ്യമാണ്. വാഹനങ്ങളുടെ ഉയർന്ന വിലയും ശക്തമായ മത്സരവുമാണ് ടെസ്ലയ്ക്ക് കാലിടറാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.
എന്നാൽ, ഈ സാഹചര്യം മുതലെടുത്ത് ടെസ്ല ഇന്ത്യയിൽ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതി ഉപേക്ഷിക്കുന്നുവെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇത് പൂർണമായും തള്ളിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിലേയും വിദേശത്തേയും ഏതാനും മാധ്യമങ്ങളാണ് ടെസ്ല ഇന്ത്യയിൽ വാഹന നിർമാണ പ്ലാന്റ് നിർമിക്കുന്നതിൽനിന്ന് പിന്മാറുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചത്.
കേന്ദ്ര കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് വകുപ്പ് മന്ത്രി എച്ച്.ഡി. കുമാരസ്വാമി 2025-ൽ നടത്തിയ ഒരു പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇത്തരം പ്രചരണങ്ങൾ ഉണ്ടായത്. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ടെസ്ല ഇന്ത്യയിൽ വാഹന നിർമാണ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായുള്ള പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
‘മെഴ്സിഡീസ് ബെൻസ്, സ്കോഡ-ഫോക്സ്വാഗൺ, ഹ്യുണ്ടായി, കിയ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ടെസ്ലയിൽനിന്ന് ഞങ്ങൾ ആ താത്പര്യം പ്രതീക്ഷിക്കുന്നില്ല. അവർ ഇന്ത്യയിൽ രണ്ട് ഷോറൂമുകൾ സ്ഥാപിക്കാൻ മാത്രമാണ് താത്പര്യം കാണിച്ചിരിക്കുന്നത്.’ ഇതാണ് എച്ച്.ഡി.കുമാരസ്വാമി 2025 ജൂൺ മാസത്തിൽ നടത്തിയ പ്രസ്താവന.
2025 ജൂലായ് മാസത്തിലാണ് ടെസ്ല ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നത്. ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയിലാണ് ടെസ്ലയുടെ രാജ്യത്തെ ആദ്യ ഷോറൂം തുറക്കുന്നത്. ഇതിനുപിന്നാലെ രാജ്യതലസ്ഥാനമായ ഡൽഹിയിലും ടെസ്ല ഷോറൂം തുറന്നിരുന്നു. ടെസ്ലയുടെ എസ്യുവി പതിപ്പായ മോഡൽ വൈ ആണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താണ് വിൽപ്പന.
Content Highlights: Government officially denies rumors of Tesla canceling its India manufacturing plant., Clarification issued regarding HD Kumaraswamy's 2025 statement., Tesla currently operates showrooms in Mumbai and Delhi., Tesla Model Y is the primary vehicle being imported and sold in India., Market challenges include high pricing and intense EV competition.