ലംബോര്‍ഗിനി ഉറുസിന് പിന്നാലെ മെ്‌ഴ്‌സിഡീസ് മെയ്ബ എസ് 580 സ്വന്തമാക്കി ജൂനിയര്‍ എന്‍.ടി.ആര്‍.

ജൂനിയര്‍ എന്‍.ടി.ആര്‍, മെഴ്‌സിഡീസ് മെയ്ബ എസ്580 | Photo: Facebook/Jr.NTR/Mercedes
ജൂനിയര്‍ എന്‍.ടി.ആര്‍, മെഴ്‌സിഡീസ് മെയ്ബ എസ്580 | Photo: Facebook/Jr.NTR/Mercedes

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍.ടി.ആര്‍. തന്റെ വാഹനപ്രേമം തെളിയിച്ചത് ഇന്ത്യയിലെ ആദ്യ ലംബോര്‍ഗിനി ഉറുസ് ഗ്രാഫൈറ്റ് എഡിഷന്‍ സ്വന്തമാക്കിയായിരുന്നു. കോടികള്‍ വിലയുള്ള വാഹനത്തിന് 17 ലക്ഷം രൂപ മുടക്കി ഇഷ്ടനമ്പറും അന്ന് അദ്ദേഹം സ്വന്തമാക്കി. ഇപ്പോള്‍ ഇതാ വീണ്ടും തന്നെ വാഹനശേഖരത്തിലേക്ക് മറ്റൊരു വാഹനം കൂടി എത്തിച്ചിരിക്കുകയാണ് താരം. മെഴ്‌സിഡീസ് മെയ്ബ എസ് 580 ആണ് ജൂനിയര്‍ എന്‍.ടി.ആര്‍ സ്വന്തമാക്കിയ പുതിയ വാഹനം. 

താന്‍ പുതുതായി സ്വന്തമാക്കിയ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി കാറുമായി ആര്‍.ടി.ഓഫീസില്‍ നേരിട്ട് എത്തിയതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മെയ്ബ എസ് 580-ക്ക് പുറമെ, ഹ്യുണ്ടായിയുടെ പ്രീമിയം ഇലക്ട്രിക് മോഡലായ അയോണിക് 5-ഉം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ആരാധകര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍, ഈ വാഹനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും ഒന്നും പുറത്തുവന്നിട്ടില്ല.

2022 മാര്‍ച്ചിലാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസ് ഇന്ത്യന്‍ നിര്‍മിത മെയ്ബ എസ് 580 വിപണിയില്‍ എത്തിച്ചത്. 2.7 കോടി രൂപയാണ് നിലവില്‍ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. വി 223 എസ് ക്ലാസ് ബെന്‍സിന്റെ ലോങ്ങ് വീല്‍ബേസ് പതിപ്പായാണ് ഈ മെയ്ബ എത്തിയിരിക്കുന്നത്. മെയ്ബ ഗ്രില്ല്, ക്രോം വെന്റുകള്‍ നല്‍കിയിട്ടുള്ള ബമ്പര്‍, ബേസ്‌പോക്ക് അലോയി വീലുകള്‍ എന്നിവയാണ് ഈ വാഹനത്തിന് മെയ്ബ ഭാവംപകരുന്നത്. 

ഇന്‍ഫോടെയ്ന്‍മെന്റ്, ഇന്‍സ്ട്രുമെന്റ ക്ലെസ്റ്റര്‍ തുടങ്ങി അഞ്ച് സ്‌ക്രീനുകളാണ് ഈ വാഹനത്തിന്റെ ക്യാബിനില്‍ ഒരുങ്ങിയിട്ടുള്ളത്. 12.3 ഇഞ്ച് വലിപ്പമാണ് മുന്നിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുള്ളത്. 12.8 ഇഞ്ച് വലിപ്പത്തിലാണ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ഒരുങ്ങിയിട്ടുള്ളത്. നാപ്പ ലെതറിലാണ് അകത്തളം പൂര്‍ണമായും ഒരുക്കിയിരിക്കുന്നത്. 10 ലിറ്റര്‍ കപ്പാസിറ്റിയുള്ള റെഫ്രിജറേറ്റര്‍ ഉള്‍പ്പെടെയുള്ള ആഡംബര സംവിധാനവും ഈ മെയ്ബ മോഡലിന്റെ അകത്തളത്തെ സമ്പന്നമാക്കും.

4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് മെയ്ബ എസ്580-ന്റെ ഹൃദയം. ഇതിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും നല്‍കിയിട്ടുണ്ട്. 496 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. സ്റ്റിയറിങ് അസിസ്റ്റ് ബ്രേക്ക് അസിസ്റ്റ് വിത്ത് ക്രോസ് ട്രാഫിക് ഫങ്ഷന്‍ എന്നിവ നല്‍കിയിട്ടുള്ള ലെവല്‍ ടു ഓട്ടോണമസ് സംവിധാനവും ഇതില്‍ സുരക്ഷ കാര്യക്ഷമമാക്കും.

Content Highlights: Telugu film actor Junior NTR buys Mercedes Maybach S580 Luxury Sedan