ഇലക്ട്രിക് കരുത്തിലെ ആഡംബരമാകാന്‍ അവിന്യ;ജാഗ്വാര്‍ പ്ലാറ്റ്‌ഫോമില്‍ ടാറ്റയുടെ മേക്കിങ്‌

ടാറ്റ അവിന്യ കണ്‍സെപ്റ്റ് മോഡല്‍ | Photo: Tata Motors
ടാറ്റ അവിന്യ കണ്‍സെപ്റ്റ് മോഡല്‍ | Photo: Tata Motors

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ 2022-ലാണ് ടാറ്റ മോട്ടോഴ്‌സ് അവിന്യ എന്ന ഇലക്ട്രിക് കാറിന്റെ കണ്‍സെപ്റ്റ് പുറത്തുവിടുന്നത്. കാഴ്ചയിലും ഫീച്ചറിലും അത്യാഡംബര പ്രീമിയം കാറിന്റെ ഭാവത്തിലാണ് ഈ കണ്‍സെപ്റ്റ് വാഹനം ഒരുങ്ങിയിരുന്നത്. എന്നാല്‍, കാഴ്ചയില്‍ മാത്രമല്ല, സാങ്കേതികമായും ആഡംബര വാഹനത്തിന്റെ സവിശേഷതകളുമായായിരിക്കും അവിന്യ ഒരുങ്ങുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. 

ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ കാര്യക്ഷമാക്കുന്നതിനായി സാങ്കേതിക സംവിധാനങ്ങള്‍ പങ്കുവയ്ക്കുന്നതിനായി ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയും ജാഗ്വാര്‍ ലാന്‍ഡ് റോവറും കരാറില്‍ ഒപ്പുവെച്ചു. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഇലക്ട്രിഫൈഡ് മോഡുലാര്‍ ആര്‍കിടെക്ചര്‍ (ഇ.എം.എ) ടാറ്റയുടെ വാഹനങ്ങളിലും ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്നതാണ് ഈ കരാര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ ആര്‍ക്കിടെക്ചര്‍, ഇലക്ട്രിക് ഡ്രൈവ് യൂണിറ്റ്, ബാറ്ററി പാക്ക് എന്നിവ പങ്കിടും. 

അവിന്യ ഉള്‍പ്പെടെ ഭാവിയില്‍ വരാനിരിക്കുന്ന വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനായാണ് ടാറ്റ മോട്ടോഴ്‌സ് ഈ സാങ്കേതിക സംവിധാനത്തിന്റെ അനുമതി സ്വന്തമാക്കിയത്. ഇതിനുപുറമെ, ഈ രണ്ട് കമ്പനികളും തമ്മില്‍ എന്‍ജിനിയറിങ്ങ് സര്‍വീസ് എഗ്രിമെന്റും ഒപ്പുവെച്ചിട്ടുണ്ടെന്നാണ് വിവരം. ഇ.എം.എ. പ്ലാറ്റ്‌ഫോം ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ നെക്‌സ്റ്റ് ജനറേഷന്‍ പ്യുവര്‍ ഇലക്ട്രിക് മിഡ്-സൈസ് എസ്.യു.വികള്‍ക്ക് അടിസ്ഥാനമൊരുക്കുന്നതിനായി വികസിപ്പിച്ചിട്ടുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇ.എം.എ. പ്ലാറ്റ്‌ഫോം ഉയര്‍ന്ന ഇന്റീരിയര്‍ സ്‌പേസ്, മികച്ച കംഫര്‍ട്ട് എന്നിവയ്‌ക്കൊപ്പം ഇലക്ട്രിക്കലായും ഇലക്ട്രോണിക്കലായും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. കണക്ടിവിറ്റി, സോഫ്റ്റ്‌വെയര്‍ തുടങ്ങി അഡ്വാന്‍സ്ഡ് സാങ്കേതികവിദ്യയും ഇതില്‍ ഉറപ്പാക്കും. പുതുതലമുറ കണക്ടിവിറ്റി സംവിധാനങ്ങള്‍, ക്ലാസ് ലീഡിങ്ങ് ക്യാബിന്‍ ഫീച്ചറുകള്‍, അഡാസ് ഉള്‍പ്പെടെയുള്ള സുരക്ഷ സംവിധാനങ്ങള്‍, ഉയര്‍ന്ന പെര്‍ഫോമെന്‍സ് എന്നിവ ഉറപ്പുനല്‍കിയാണ് ടാറ്റ അവിന്യ കണ്‍സെപ്റ്റ് ഒരുക്കിയിട്ടുള്ളത്. 

എസ്.യു.വിയുടെ ആഡംബരവും എം.പി.വിയുടെ പ്രവര്‍ത്തനവുമായിരിക്കും ഈ വാഹനത്തിന്റെ സവിശേഷതയെന്നാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചപ്പോള്‍ ടാറ്റ അറിയിച്ചത്. ആഡംബര വാഹനങ്ങളെ വെല്ലുന്ന ഡിസൈനിലാണ് ഇത് ഒരുങ്ങിയിരിക്കുന്നത്. ലോഗോയും ഡി.ആര്‍.എല്ലുമാകുന്ന എല്‍.ഇ.ഡി. സ്ട്രിപ്പ് ബോണറ്റിന്റെ മുന്നില്‍ നല്‍കിയിട്ടുള്ളതും ആഡംബര ഇലക്ട്രിക് വാഹനങ്ങളോട് ഉപമിക്കാന്‍ സാധിക്കുന്ന മുഖഭാവവും പുതുമയുള്ള അലോയി വീലുമുള്‍പ്പെടെയാണ് ഡിസൈന്‍ മനോഹരമാക്കുന്നത്. 

വശങ്ങളിലേക്ക് തുറക്കുന്ന ബട്ടര്‍ഫ്ളൈ ഡോറുകളാണ് അകത്തളത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. ഫ്യുച്ചറിസ്റ്റിക് ഇന്റീരിയര്‍ എന്ന വിശേഷിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലാണ് അകത്തളത്തില്‍ ഫീച്ചറുകള്‍ നല്‍കുക. പുതിയ സാങ്കേതികവിദ്യ, മോഡേണ്‍ ഫീച്ചറുകള്‍, ഏറ്റവും അകര്‍ഷകമായ സീറ്റുകള്‍, ഫ്യൂച്ചറിസ്റ്റിക് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവയായിരിക്കും അവിന്യയുടെ അകത്തളത്തെ സമ്പന്നമാക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Tata will use jaguar land rover developed EMA platform for Avinya Electric vehicle, Tata Avinya