എസ്.യു.വിയുടെ ഗാംഭീര്യം കൂപ്പെയുടെ സ്‌പോര്‍ട്ടിനെസ്; നിരത്തുകള്‍ കീഴടക്കാന്‍ ടാറ്റ കര്‍വ്

എസ്.യു.വിയുടെ ഗാംഭീര്യം, കൂപ്പെ വാഹനങ്ങളുടെ സ്‌പോര്‍ട്ടിനെസ് എന്നീ രണ്ട് ഭാവങ്ങളും ചേരുന്ന വാഹനമാണ് ടാറ്റയുടെ കര്‍വ് എന്ന കൂപ്പെ എസ്.യു.വി. കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ് വാഹനപ്രേമികളില്‍ വളര്‍ത്തിയെടുത്ത ആകാംക്ഷയ്ക്ക് വിരാമമിട്ട് കര്‍വ് ഇ.വിയുടെ പ്രൊഡക്ഷന്‍ പതിപ്പ് പുറത്തുവിട്ടിരിക്കുകയാണ്. ടാറ്റയുടെ ആദ്യ മാസ് മാര്‍ക്ക് കൂപ്പെ എസ്.യു.വിയായ ഈ വാഹനം ആദ്യ ഇലക്ട്രിക് കരുത്തിലും പിന്നാലെ ഐസ് എന്‍ജിനിലും എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഓഗസ്റ്റ് ഏഴിനാണ് ടാറ്റ മോട്ടോഴ്‌സ് ഈ വാഹനം അവതരിപ്പിക്കുന്നത്. രൂപംകൊണ്ട് കര്‍വിനോട് മത്സരിക്കുന്ന വാഹനം ഓഗസ്റ്റ് രണ്ടാം തീയതി സിട്രോണ്‍ പുറത്തിറക്കുന്ന ബസാള്‍ട്ട് എന്ന കൂപ്പെ എസ്.യു.വിയായിരിക്കും. എന്നാല്‍, ഫീച്ചറിലും കരുത്തിലും കര്‍വിന്റെ ഐസ് എന്‍ജിന്‍ മോഡല്‍ ഇന്ത്യയിലെ മുന്‍നിര മിഡ് സൈസ് എസ്.യു.വികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്റ് വിത്താര തുടങ്ങിയ മോഡലുകളുമായി മത്സരിക്കാന്‍ പ്രാപ്തിയുള്ള വാഹനമായിരിക്കും.
ടാറ്റയുടെ പുതുതലമുറ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള സിഗ്നേച്ചര്‍ ഡിസൈനുകള്‍ എല്ലാം കര്‍വ് ഇ.വിയിലും നല്‍കിയിട്ടുണ്ട്. ബോണറ്റിന് താഴെയായി നല്‍കിയിട്ടുള്ള കണക്ടഡ് എല്‍.ഇ.ഡി. ലൈറ്റ്, വെര്‍ട്ടിക്കിളായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, വലിയ എയര്‍ ഇന്‍ ടേക്കുകള്‍ നല്‍കിയിട്ടുള്ള ബമ്പര്‍ എന്നിയാണ് മുഖത്തിന് അഴകേകുന്നത്. കര്‍വ് ഐസ് മോഡലിലേക്ക് വരുമ്പോള്‍ ഹാരിയര്‍, സഫാരി തുടങ്ങിയ വാഹനങ്ങളുമായി സാമ്യമുള്ള മുഖമാണ് കര്‍വിലും നല്‍കിയിരിക്കുന്നത്.
എല്‍.ഇ.ഡി. സിഗ്നേച്ചര്‍ ലൈറ്റ്, ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള സൈഡ് ക്ലാഡിങ്ങുകള്‍, പുതുമയുള്ള ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഡോറുകള്‍സ ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ക്രോമിയം ബോര്‍ഡര്‍ നല്‍കിയിട്ടുള്ള വിന്‍ഡോ ബോര്‍ഡറുകള്‍, സ്റ്റൈലിഷ് ഡിസൈനില്‍ ഒരുക്കിയിട്ടുള്ള അലോയി വീലുകള്‍, കണക്ടഡ് എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പുകള്‍, സ്പ്ലിറ്റ് എയറോ റിയര്‍ സ്‌പോയിലര്‍ തുടങ്ങിയവയെല്ലാം ചേരുന്നതോടെ ഈ കൂപ്പെ എസ്.യു.വി. കാഴ്ചയില്‍ അതിമനോഹരമാകുന്നുണ്ട്.
ഹാരിയര്‍, സഫാരി വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയറാണ് കര്‍വിലും ഒരുങ്ങിയിരിക്കുന്നത്. 10.25 ഇഞ്ച് വലിപ്പത്തില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടാറ്റയുടെ പുതുതലമുറ വാഹനങ്ങള്‍ നല്‍കിയിട്ടുള്ള സ്റ്റിയറിങ്ങ് വീല്‍, ഹെഡ് അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജര്‍, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ എന്നിവയാണ് കര്‍വിന്റെ അകത്തളത്തിലെ ഫീച്ചറുകള്‍. അഡാസ്, പനോരമിക് സണ്‍റൂഫ് എന്നിവ ഉയര്‍ന്ന വേരിയന്റില്‍ ഒരുങ്ങും.
ടാറ്റ ഇനിയും സസ്‌പെന്‍സ് സൂക്ഷിക്കുന്നത് ഇലക്ട്രിക്, ഐസ് എന്‍ജിന്‍ മോഡലുകളുടെ മെക്കാനിക്കല്‍ സവിശേഷതകളില്‍ മാത്രമാണ്. ഇലക്ട്രിക് മോഡലില്‍ 450 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് ഉറപ്പാക്കുമെന്നുമാണ് നല്‍കിയിട്ടുള്ള സൂചന. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളായിരിക്കും ഐസ് എന്‍ജിന്‍ മോഡല്‍ കര്‍വില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഐസ് എന്‍ജിന്‍ മോഡലുകളില്‍ നല്‍കുന്ന ട്രാന്‍സ്മിഷന്‍, വാഹനത്തിന്റെ വില തുടങ്ങിയ കാര്യങ്ങള്‍ അവതരണ വേളയിലായിരിക്കും വെളിപ്പെടുത്തുക.
Content Highlights: Tata unveils the images of production spec images of curvv electric and Ice models