എതിരാളികൾക്ക് ടാറ്റയുടെ ‘ഇലക്ട്രിക് പഞ്ച്’; പുത്തൻ മോഡലിൽ ഇഷ്ടംപോലെ ഫീച്ചറുകൾ, 468 KM റേഞ്ച്

#Auto Desk

ടാറ്റ പഞ്ച് ഇവി ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ച് ടാറ്റ. ഈ മൈക്രോ എസ്‌യുവിയുടെ പുതുക്കിയ ICE പതിപ്പ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയതിന് പിന്നാലെയാണ് EVയും എത്തുന്നത്. പുതിയ ഡിസൈൻ, ഫീച്ചറുകൾ, പവർട്രെയിൻ എന്നിവയിൽ നിരവധി മാറ്റങ്ങളോടെയായിരുന്നു ഇത് എത്തിയത്. ഈ മാറ്റങ്ങൾ പഞ്ചിന്റെ ഇലക്ട്രിക് മോഡലിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിസൈൻ

ഡിസൈനിൽ കാര്യമായ മാറ്റങ്ങളോടെയാണ് 2026 ടാറ്റ പഞ്ച് ഇവി എത്തുന്നത്. വാഹനത്തിന്റെ മുൻഭാഗം കൂടുതൽ ആകർഷകമായ രീതിയിൽ പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു. ബ്ലാക്ക് സ്ട്രിപ്പ് നീക്കം ചെയ്യുകയും ബോഡി കളർ പാനലുകളോടെ ക്ലോസ്ഡ് ഏരിയ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ബമ്പറിന്റെ ഡിസൈനിലും ചെറിയ മാറ്റങ്ങൾ കാണാം. ഈ മാറ്റങ്ങൾക്കെല്ലാം നെക്സോൺ.EV ഹാരിയർ.EV പോലുള്ള മറ്റ് ടാറ്റ മോഡലുകളുടെ ഡിസൈനുമായി സാമ്യമുണ്ട്.

വശങ്ങളിൽനിന്ന് നോക്കുമ്പോൾ, പഞ്ച് ഇവിക്ക് പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകളാണ് ഉള്ളത്. പിൻഭാഗത്തിന്റെ ഡിസൈിലെ പ്രധാന മാറ്റം പുതിയ ടെയിൽ ലാമ്പുകളാണ്. ICE പതിപ്പിനെപ്പോലെ, EV-ക്കും ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന ഒരു ലൈറ്റ് ലഭിക്കുന്നു.

ഫിയർലെസ് യെല്ലോ, ബംഗാൾ റൂജ്, കാരമൽ എന്നീ പുതിയ കളറുകളിലും വാഹനം ലഭ്യമാണ്. ഇതോടെ ആകെ ഏഴ് കളറുകളിൽ പഞ്ച് ഇവി സ്വന്തമാക്കാം. ടാറ്റ പഞ്ച് ഇവി ഫേസ്‌ലിഫ്റ്റിന് 195 എംഎം ഗ്രൗണ്ട് ക്ലിയറൻസും 450 എംഎം വാട്ടർ വേഡിങ് കപ്പാസിറ്റിയും ഉണ്ട്. 1360 കിലോഗ്രാം ഭാരം മെച്ചപ്പെട്ട സ്ഥിരത നൽകുമെന്ന് അവകാശപ്പെടുന്നു.

ഇന്റീരിയർ

ചില മാറ്റങ്ങളോടെയാണ് പഞ്ച് ഇവിയുടെ ഇന്റീരിയർ പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 2-സ്പോക്ക് സ്റ്റിയറിങ് വീൽ എന്നിവ ഉൾപ്പെടുന്നു. സെന്റർ കൺസോൾ ടച്ച്-ഓപ്പറേറ്റഡ് കൺട്രോളുകളും റോട്ടറി ഡയലുകളും ഉൾക്കൊള്ളുന്നു. ലെതർ അപ്ഹോൾസ്റ്ററി, ഡാഷ്ബോർഡിൽ ഡ്യുവൽ-ടോൺ ഷേഡുകൾ എന്നിവയും ഇതിന് മാറ്റുകൂട്ടുന്നു.

ഫീച്ചറുകൾ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വെന്റിലേറ്റഡ് സീറ്റുകൾ, കൂൾഡ് ഗ്ലോവ്ബോക്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, നാവിഗേഷൻ, അനലിറ്റിക്സ്, റിമോട്ട് കമാൻഡുകൾ എന്നിവയുള്ള കണക്റ്റഡ് കാർ ടെക്, മൂന്ന് ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. സുരക്ഷയ്ക്കായി, ഹിൽ ഹോൾഡ് അസിസ്റ്റ്, ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, റിയർ വൈപ്പർ ആൻഡ് ഡിഫോഗർ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, i-TPMS, ഐസോഫിക്സ് മൗണ്ടുകൾ എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറുകളാണ്.

റേഞ്ച്, ബാറ്ററി, വില

ഫെയ്സ് ലിഫ്റ്റ് മോഡലിൽ 40 kWh ബാറ്ററി പാക്ക് ഓപ്ഷൻ കൊണ്ടുവന്നു എന്നതാണ് പ്രധാന പ്രത്യേകത. ഇത് ഒറ്റ ചാർജിൽ 468 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. മുൻപുണ്ടായിരുന്ന 30 kWh ബാറ്ററി പാക്ക് നിലനിർത്തിയിട്ടുണ്ട്. ബാറ്ററി ചാർജ് ചെയ്യാൻ 7.2 kW അല്ലെങ്കിൽ 3.3 kW ചാർജർ ഉപയോഗിക്കാം.

65 kW DC ഫാസ്റ്റ് ചാർജർ ഓപ്ഷനും ലഭ്യമാണ്. ഇത് 26 മിനിറ്റിനുള്ളിൽ 20-80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. 30 kWh ബാറ്ററി പാക്ക് വേരിയന്റിന് 9.69 ലക്ഷം മുതൽ 10.29 ലക്ഷം രൂപ വരെയും 40 kWh ബാറ്ററി പാക്ക് ഓപ്ഷന് 10.89 മുതൽ 12.59 ലക്ഷം രൂപ വരെയുമാണ് വില (എക്സ്-ഷോറൂം).  അതേസമയം, BaaS (Battery-as-a-Service) ഓപ്ഷനിൽ വില 6.49 ലക്ഷം രൂപയാണ്. ഒരു കിലോമീറ്ററിന് 2.6 രൂപയാണ് വാടക ഈടാക്കുന്നത്.

Content Highlights: Discover the new Tata Punch EV Facelift! Launched with updated design, interior, and impressive range. Learn about its features, battery options, and pricing in India. Click for details!