മരുഭൂമിയും പര്‍വതവും കീഴടക്കുന്ന കര്‍വ് EV; കരുത്ത് തെളിയിച്ച് ടാറ്റ മോട്ടോഴ്‌സ്| Video

ടാറ്റ കര്‍വ് ലേ-ലഡാക് മേഖലകളില്‍ പരീക്ഷണയോട്ടം നടത്തുന്നു | Photo: Tata Motors
ടാറ്റ കര്‍വ് ലേ-ലഡാക് മേഖലകളില്‍ പരീക്ഷണയോട്ടം നടത്തുന്നു | Photo: Tata Motors

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ഇ.വികളിലേക്ക് അടുത്തതായി വരവിനൊരുങ്ങുന്ന മോഡലാണ് കര്‍വ് ഇ.വി. ഈ വാഹനത്തിന്റെ വരവ് അടുത്തെന്ന സൂചന നല്‍കി അടുത്തിടെയാണ് ആദ്യ ടീസര്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടത്. ഇതിനുപിന്നാലെ തന്നെ വാഹനത്തിന്റെ ഫീച്ചറുകളും പെര്‍ഫോമെന്‍സും വെളിപ്പെടുത്തുന്ന വീഡിയോകള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ടാറ്റ.

കര്‍വ് മരുഭൂമിയിലും പര്‍വതപ്രദേശത്തും ഓടിച്ച് കരുത്ത് തെളിയിച്ചിരിക്കുന്നതിന്റെ വീഡിയോയാണ് ടാറ്റ മോട്ടോഴ്‌സ് ഇത്തവണ പങ്കുവെച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയില്‍ 50 ഡിഗ്രി ചൂടിലായിരുന്നു മരുഭൂമിയിലെ പരീക്ഷണയോട്ടം. ഇലക്ട്രിക് വാഹനത്തിന് പുറമെ, കര്‍വിന്റെ ഐസ് എന്‍ജിന്‍ മോഡലും ചേര്‍ന്നാണ് ഇവിടെ പരീക്ഷണത്തിന് ഇറങ്ങിയത്. ഈ ഓട്ടത്തില്‍ തന്നെ വാഹനത്തിന്റെ എയര്‍ ഇന്‍ടേക്ക്, ഡി.ആര്‍.എല്‍. തുടങ്ങിയവയുടെ ഡിസൈന്‍ സൂചനകളും നല്‍കുന്നുണ്ട്. 

മൂടിക്കെട്ടി പരീക്ഷണയോട്ടം നടത്തുമ്പോഴും എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഗ്ലോസി ബ്ലാക്ക് ക്ലാഡിങ്ങുകള്‍, ഡി.ആര്‍.എല്‍, റൂഫ് റെയില്‍സ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, കണക്ടഡ് ടെയ്ല്‍ലാമ്പ്, കൂപ്പെ റൂഫ് ലൈന്‍, 18 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍ എന്നിവയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ഏതാനും ഫീച്ചറുകള്‍. 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ടെന്നുമാണ് സൂചന. 

കര്‍വ് ഇ.വിയുടെ പര്‍വ്വത മേഖലയിലെ പരീക്ഷണയോട്ടത്തിന് തിരഞ്ഞെടുത്തത് ലേ, ലഡാക് സ്ഥലങ്ങളാണ്. സമുദ്ര നിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലായിരുന്നു കര്‍വ് ഓടിച്ചത്. മൈനസ് 20 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിലായിരുന്നു താപനില. കൊടുംതണുപ്പിലും കഠിനമായ പ്രതലങ്ങള്‍ മറികടക്കാനുള്ള ശേഷി ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ടെന്ന് തെളിയിക്കുന്നതിനായിരുന്നു ഈ മേഖലയിലെ പരീക്ഷണം. വിവിധ മോഡുകളും പാഡില്‍ ഷിഫ്റ്റ് സംവിധാനവും ഈ വാഹനത്തിലുണ്ടെന്ന സൂചനയും ഈ വീഡിയോയില്‍ നല്‍കുന്നുണ്ട്.

കൂപ്പെ സ്‌റ്റൈല്‍ രൂപത്തില്‍ ടാറ്റയുടെ വാഹനമെത്തുന്നു എന്നതാണ് കര്‍വിന്റെ വരവിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. എന്നാല്‍, ഇലക്ട്രിക് കര്‍വിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ ടാറ്റ ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുകയാണ്. നെക്‌സോണ്‍ ഇലക്ട്രിക്കില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ വലിയ ബാറ്ററിപാക്ക് ഈ വാഹനത്തില്‍ ഒരുക്കുമെന്നാണ് വിലയിരുത്തലുകള്‍. 500 കിലോ മീറ്റര്‍ റേഞ്ച് ഉറപ്പാക്കുകയാണ് നിര്‍മാതാക്കളുടെ പ്രധാന ലക്ഷ്യം. ഒന്നിലധികം ബാറ്ററി പാക്ക് ഓപ്ഷനുകളിലും കരുത്തേറിയ ഇലക്ട്രിക് മോട്ടോറും ഈ വാഹനത്തില്‍ ഒരുക്കിയേക്കും. 

ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മാത്രം വികസിപ്പിച്ചിട്ടുള്ള പ്ലാറ്റ്ഫോമാണ് ആക്ടീവ് (Acti.ev). പഞ്ച് ഇ.വി, കര്‍വ് ഇ.വി. എന്നിവയ്ക്ക് പുറമെ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഈ പ്ലാറ്റ്ഫോമില്‍ ടാറ്റ മോട്ടോഴ്സ് ഒരുക്കും. 80 എച്ച്.പി. മുതല്‍ 200 എച്ച്.പി. വരെ കരുത്ത് ഉത്പാദിപ്പിക്കുന്ന വാഹനങ്ങള്‍ ഈ പ്ലാറ്റ്ഫോമില്‍ ഒരുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഫ്രണ്ട് വീല്‍ ഡ്രൈവ്, റിയര്‍ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങളും ഈ പ്ലാറ്റ്ഫോമില്‍ സാധ്യമാകും.

Content Highlights: Tata motors released the video of curvv multiple terrain test and reveals some features