ആദ്യം ഇലക്ട്രിക് മോഡല്‍, ഐസ് പിന്നാലെയെത്തും; വരവിന് മുഹൂര്‍ത്തം കുറിച്ച് ടാറ്റ കര്‍വ്

ടാറ്റ കര്‍വ് ഇ.വി
ടാറ്റ കര്‍വ് ഇ.വി

രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കൂപ്പെ എസ്.യു.വി. നിരത്തുകളില്‍ എത്തുന്നു. ഓഗസ്റ്റ് ഏഴിന് കര്‍വ് ഇ.വി. അവതരിപ്പിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ആദ്യം ഇലക്ട്രിക് മോഡലാണ് എത്തുന്നതെങ്കിലും വൈകാതെ തന്നെ ഈ വാഹനത്തിന്റെ ഐസ് എന്‍ജിന്‍ പതിപ്പും പുറത്തിറക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് മുമ്പുതന്നെ അറിയിച്ചിരിക്കുന്നത്. ഐസ് എന്‍ജിന്‍, ഇലക്ട്രിക് മോഡലുകളുടെ കണ്‍സെപ്റ്റ് ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. 

കൂപ്പെ ഡിസൈനിലാണ് കര്‍വ് ഒരുങ്ങിയിരിക്കുന്നതെങ്കിലും ഈ വാഹനത്തിന്റെ ഐസ് എന്‍ജിന്‍ മോഡല്‍ ഇന്ത്യയിലെ മിഡ് സൈസ് എസ്.യു.വി. വാഹനങ്ങളുമായായിരിക്കും മത്സരിക്കുക. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്റ് വിത്താര എന്നീ വാഹനങ്ങളുമായായിരിക്കും കര്‍വ് മത്സരിക്കുന്നത്. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങളില്‍ എം.ജി. ഇസഡ്.എസ്. ഇ.വിയുമായായിരിക്കും കര്‍വ് മത്സരിക്കുകയെന്നാണ് വിലയിരുത്തലുകള്‍. 

വാഹനത്തിന്റെ കരുത്ത് തെളിയിക്കുന്ന പരീക്ഷണയോട്ട ദൃശ്യങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടത്. രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയില്‍ 50 ഡിഗ്രി ചൂടിലായിരുന്നു മരുഭൂമിയിലെ കര്‍വിന്റെ പരീക്ഷണയോട്ടം. ഇലക്ട്രിക് വാഹനത്തിന് പുറമെ, കര്‍വിന്റെ ഐസ് എന്‍ജിന്‍ മോഡലും ചേര്‍ന്നാണ് ഇവിടെ പരീക്ഷണത്തിന് ഇറങ്ങിയത്. ഈ ഓട്ടത്തില്‍ തന്നെ വാഹനത്തിന്റെ എയര്‍ ഇന്‍ടേക്ക്, ഡി.ആര്‍.എല്‍. തുടങ്ങിയവയുടെ ഡിസൈന്‍ സൂചനകളും നല്‍കുന്നുണ്ട്. 

കര്‍വ് ഇ.വിയുടെ പര്‍വ്വത മേഖലയിലെ പരീക്ഷണയോട്ടത്തിന് തിരഞ്ഞെടുത്തത് ലേ, ലഡാക് സ്ഥലങ്ങളാണ്. സമുദ്ര നിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലായിരുന്നു കര്‍വ് ഓടിച്ചത്. മൈനസ് 20 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിലായിരുന്നു താപനില. കൊടുംതണുപ്പിലും കഠിനമായ പ്രതലങ്ങള്‍ മറികടക്കാനുള്ള ശേഷി ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ടെന്ന് തെളിയിക്കുന്നതിനായിരുന്നു ഈ മേഖലയിലെ പരീക്ഷണം. വിവിധ മോഡുകളും പാഡില്‍ ഷിഫ്റ്റ് സംവിധാനവും ഈ വാഹനത്തിലുണ്ടെന്ന സൂചനയും ഈ വീഡിയോയില്‍ നല്‍കുന്നുണ്ട്.

വാഹനം സംബന്ധിച്ച ഏതാനും വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനത്തിന്റെ കരുത്ത്, റേഞ്ച്, വില തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ അവതരണ വേളയിലായിരിക്കും ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. നെക്സോണ്‍ ഇലക്ട്രിക്കില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ വലിയ ബാറ്ററിപാക്ക് ഈ വാഹനത്തില്‍ ഒരുക്കുമെന്നാണ് വിലയിരുത്തലുകള്‍. 500 കിലോ മീറ്റര്‍ റേഞ്ച് ഉറപ്പാക്കുകയാണ് നിര്‍മാതാക്കളുടെ പ്രധാന ലക്ഷ്യം. ഒന്നിലധികം ബാറ്ററി പാക്ക് ഓപ്ഷനുകളിലും കരുത്തേറിയ ഇലക്ട്രിക് മോട്ടോറും ഈ വാഹനത്തില്‍ ഒരുക്കിയേക്കും.

Content Highlights: Tata Motors announce the launch date of Curvv EV