പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം ഡി.സി.ടി. ഗിയര്‍ബോക്‌സും; ടാറ്റ കര്‍വ് ഐസ് മോഡലുകളുമെത്തി

ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ വാഹനപ്രേമികള്‍ക്ക് നല്‍കിയ മറ്റൊരു വാക്കുകൂടി പാലിച്ചിരിക്കുകയാണ്. ഇലക്ട്രിക്കിനൊപ്പം ഐസ് എന്‍ജിനിലും കര്‍വ് എന്ന കൂപ്പെ എസ്.യു.വി. എത്തിക്കുമെന്ന ഉറപ്പാണ് ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ ടാറ്റ പാലിച്ചിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എട്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള കര്‍വിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് 10 ലക്ഷം രൂപ മുതല്‍ 17.5 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 11.15 ലക്ഷം രൂപ മുതല്‍ 17.7 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.
എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രാരംഭ വില മാത്രമാണെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 31 വരെയുള്ള ബുക്കിങ്ങുകള്‍ക്ക് മാത്രമായിരിക്കും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വില ബാധകമാകുകയെന്നാണ് വിവരം. ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ സംവിധാനത്തിലുള്ള കര്‍വ് മോഡലുകള്‍ക്ക് കുറഞ്ഞ വിലയാണെന്നതാണ് പ്രധാന സവിശേഷതയായി നിര്‍മാതാക്കള്‍ പറയുന്നത്. പെട്രോള്‍ എന്‍ജിന്‍ ഡി.സി.ടി. ട്രാന്‍സ്മിഷന്‍ മോഡലിന്റെ വില 12.5 ലക്ഷം രൂപയിലും ഡീസല്‍ മോഡലിന്റെ വില 14 ലക്ഷം രൂപയിലുമാണ് ആരംഭിക്കുന്നത്.
രണ്ട് പെട്രോള്‍ എന്‍ജിനിലും ഒരു ഡീസല്‍ എന്‍ജിനിലുമാണ് കര്‍വ് എത്തുന്നത്. ടാറ്റയുടെ പുതിയ ടി.ജി.ഡി.ഐ. പെട്രോള്‍ ടര്‍ബോ എന്‍ജിനാണ് കര്‍വിലെ ഒരു എന്‍ജിന്‍ ഓപ്ഷന്‍. ഇത് 125 പി.എസ്. പവറും 225 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ഇതിനുപുറമെ, 120 പി.എസ്. പവറും 170 എന്‍.എം. ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും കര്‍വ് എത്തും. 118 പി.എസ്. പവറും 260 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് കര്‍വില്‍ കരുത്തേകുന്ന മറ്റൊരു എന്‍ജിന്‍. ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡി.സി.ടി. എന്നിവയാണ് ട്രാന്‍സ്മിഷന്‍.
ലുക്കില്‍ ഇലക്ട്രിക് മോഡലില്‍ നിന്ന് ഏതാനും മാറ്റങ്ങള്‍ വരുത്തിയാണ് കര്‍വ് ഐസ് എന്‍ജിന്‍ മോഡല്‍ ഒരുങ്ങിയിരിക്കുന്നത്. ഹാരിയറിലും സഫാരിയിലും നല്‍കിയിട്ടുള്ളതിന് സമാനമായി ബോഡി കളര്‍ സ്റ്റഡുകള്‍ പതിപ്പിച്ചാണ് ഗ്രില്ല് ഒരുക്കിയിട്ടുള്ളത്. എയര്‍ഡാമിലും സമാനമായ ഡിസൈന്‍ നല്‍കിയിട്ടുണ്ട്. ഡി.ആര്‍.എല്‍, ഹെഡ്‌ലാമ്പ്, പൊസിഷന്‍ ലൈറ്റ് എന്നിവ ഇലക്ട്രിക് കര്‍വിലേതിന് സമാനമാണ്. പുതുമയുള്ള അലോയി വീലും ഗ്ലോസി ബ്ലാക്ക് നിറത്തിലും വീല്‍ ആര്‍ച്ചുമാണ് വശങ്ങളില്‍ മാറ്റമൊരുക്കുന്നത്. പിന്‍ഭാഗവും ഇലക്ട്രിക് മോഡലില്‍ നിന്നുള്ളതാണ്.
ഇന്റീരിയറിലെ ഡിസൈനും ഫീച്ചറുകളും ഇലക്ട്രിക് കര്‍വുമായി പങ്കിട്ടാണ് ഐസ് എന്‍ജിന്‍ മോഡല്‍ എത്തിയിരിക്കുന്നത്. 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫോര്‍ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ്ങ്, രണ്ട് സ്റ്റെപ്പുകളായി ചായ്ക്കാവുന്ന പിന്‍നിര സീറ്റുകള്‍, വെല്‍ക്കം-ഗുഡ്‌ബൈ ഫങ്ഷനുകളുള്ള സ്മാര്‍ട്ട് ഡിജിറ്റല്‍ ലൈറ്റുകള്‍ തുടങ്ങി നീളുന്നതാണ് ടാറ്റ മോട്ടോഴ്‌സ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ള ഫീച്ചറുകള്‍.
Content Highlights: Tata Curvv ICE launches with petrol and diesel engines, price starts from 10 lakhs onwards