അൾട്രാ ലുക്ക്! പുത്തൻ അൾട്രോസിന്റെ ഇന്റീരിയർ ടീസറും പുറത്ത്, എതിരാളികൾക്ക് പണിയാകും

അൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ. 2020 ജനുവരിയിൽ പുറത്തിറങ്ങിയതിനുശേഷം ആൾട്രോസിന് ടാറ്റ നൽകുന്ന ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. അടുത്തിടെ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ കമ്പനി പുറത്തിറക്കിയിരുന്നു. ഇത് എക്സ്റ്റീരിയറിനെ കുറിച്ചുള്ള ചില വിവരങ്ങളായിരുന്നു നൽകിയിരുന്നത്. ഇപ്പോഴിതാ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ക്യാബിൻ ടീസറുമായാണ് ടാറ്റ എത്തിയിരിക്കുന്നത്. പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇന്റീരിയർ നവീകരിച്ചിട്ടുണ്ട്.
പുതിയ ഡിസൈനിലുള്ള ഡാഷ്‌ബോർഡ് വീഡിയോയിൽ കാണാം. ഇതിന് സോഫ്റ്റ്-ടച്ച് മെറ്റീരിയൽ ലഭിക്കാൻ സാധ്യതയുണ്ട്. ടാറ്റയുടെ പുതിയ ഇല്ലുമിനേറ്റ‍് 2-സ്പോക്ക് സ്റ്റിയറിങ്ങ് വീൽ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഗൂഗിൾ മാപ്പ് പ്രദർശിപ്പിക്കാൻ ക്രമീകരിക്കാവുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുമുണ്ട്.
എച്ച്ഡി സറൗണ്ട് വ്യൂ 360-ഡിഗ്രി ക്യാമറയും വോയ്‌സ് അസിസ്റ്റഡ് സിംഗിൾ-പേൻ ഇലക്ട്രിക് സൺറൂഫും വീഡിയോയിൽ കാണാം. വയർലെസ് ഫോൺ ചാർജർ, പിന്നിൽ വെന്റുകളോടുകൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 8-സ്പീക്കർ സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ലഭിക്കാൻ സാധ്യതയുണ്ട്. ലോഞ്ച് തീയതി അടുക്കുമ്പോൾ അകത്തളത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയേക്കാം.
കൂടുതൽ സ്റ്റൈലിഷായ ലുക്കും മികച്ച ഫീച്ചറുകളുമായിരുന്നു നേരത്തേ പുറത്തുവിട്ട എക്സ്റ്റീരിയർ ടീസറിൽ കണ്ടത്. എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന ഇല്ലുമിനേറ്റഡ് ലൈറ്റുകള്‍, സ്ക്വയര്‍ പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും ഫോഗ്‌ലാമ്പും, ത്രീ ഡി ഗ്രില്ല്, സ്റ്റൈലിഷായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബമ്പര്‍ എന്നിവയാണ് മുഖഭാവം അലങ്കരിക്കുന്നത്. ഫ്ലഷ് ഡോര്‍ ഹാന്‍ഡിലാണ് വശങ്ങളിലെ പുതുമ. റിയര്‍ വ്യൂ മിററിന്റെ ഡിസൈനിലും പ്രീമിയം ഭാവം നല്‍കിയിട്ടുണ്ട്.
പിന്‍ഭാഗത്തും കാര്യമായ അഴിച്ചുപണിയാണ് നിര്‍മാതാക്കള്‍ വരുത്തിയിരിക്കുന്നത്. ഇന്‍ഫിനിറ്റി എല്‍ഇഡി ടെയ്ല്‍ലാമ്പ് എന്ന ടാറ്റ മോട്ടോഴ്‌സ് വിശേഷിപ്പിക്കുന്ന കണക്ടഡ് ലൈറ്റ് സംവിധാനമാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. ബ്ലാക്ക് ഫിനിഷിങ് ഫൈബര്‍ ഉള്‍പ്പെടെ നല്‍കി അലങ്കരിച്ചിരിക്കുന്ന ബമ്പറാണ് പിന്‍ഭാഗത്തുള്ളത്. സില്‍വര്‍ ഫിനിഷിങ് അള്‍ട്രോസ് ബാഡ്ജിങ്, ടാറ്റയുടെ ത്രീ ഡി ലോഗോ എന്നിവയാണ് പിന്‍ഭാഗത്ത് വരുത്തിയിയിരിക്കുന്ന ഡിസൈന്‍ പുതുമകള്‍.
മെക്കാനിക്കല്‍ ഫീച്ചറുകൾ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ടാറ്റയുടെ 1.2 റെവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍, 1.2 ലിറ്റര്‍ ഐ-ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നീ മൂന്ന് ഓപ്ഷനുകളില്‍ ഈ മോഡല്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷ. 1.2 ലിറ്റര്‍ റെവോട്രോണ്‍ എന്‍ജിന്‍ 87 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമേകും. 108 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കുമാണ് ടര്‍ബോ എന്‍ജിന്റെ കരുത്ത്. ഡീസല്‍ എന്‍ജിന്‍ 90 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും.
Content Highlights: Tata Altroz Facelift Cabin Teased