ഡീസല്‍ കാറുകള്‍ക്ക് വന്‍ ഡിമാന്റ്, ഈ ട്രെന്‍ഡ് 2030 വരെ തുടരും; ലക്ഷ്യം ഹൈടെക് കാറുകളെന്ന് ടൊയോട്ട

#സി. സജിത്
ടൊയോട്ട കാംറി, വെല്‍ഫയര്‍ | Photo: Toyota
ടൊയോട്ട കാംറി, വെല്‍ഫയര്‍ | Photo: Toyota

ന്ത്യയില്‍ സാന്നിധ്യം ശക്തമാക്കുമെന്ന് 'ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സി'ന്റെ വൈസ് പ്രസിഡന്റ് തകാഷി തകാമിയ. ഇന്ത്യയിലെ 276 നഗരങ്ങളില്‍ 'ടൊയോട്ട'യുടെ സാന്നിധ്യമുണ്ട്. ഉപഭോക്താക്കളുമായുള്ള മികച്ച ബന്ധംകൊണ്ട് അത് കൂടുതല്‍ ദൃഢമാവുകയാണ്. കൂടുതല്‍ നഗരങ്ങളിലേക്ക് വില്‍പ്പന-സേവന സെന്ററുകള്‍ വ്യാപിപ്പിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. 'മാതൃഭൂമി'ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കമ്പനിയുടെ ഭാവി പദ്ധതികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

'ടൊയോട്ട'യില്‍ നിന്ന് കൂടുതല്‍ വൈദ്യുത-ഹൈബ്രിഡ് വാഹനങ്ങള്‍ പ്രതീക്ഷിക്കാമോ...?

വൈദ്യുത-ഹൈബ്രിഡ് വാഹന നിര്‍മാണ രംഗത്ത് 'ടൊയോട്ട' ആഗോളതലത്തില്‍ മുന്നിലാണ്. ഹൈബ്രിഡ് ഇലക്ട്രിക്, പ്ലഗ് ഇന്‍ ഇലക്ട്രിക്, ബാറ്ററി ഇലക്ട്രിക്, ഫ്യുവല്‍ സെല്‍ എന്നീ വിഭാഗങ്ങളില്‍ രണ്ടുകോടിക്കടുത്ത് വാഹനങ്ങള്‍ ആഗോളതലത്തില്‍ വില്‍ക്കുന്നുണ്ട്. ചെലവുകുറഞ്ഞ, കാര്യക്ഷമമായ സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള വാഹനങ്ങളാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അതേസമയം, ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. 

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കാര്‍ബണ്‍ പുറംതള്ളല്‍ പരമാവധി കുറച്ചുള്ള വാഹന നിര്‍മാണത്തിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അതിനുള്ള പരിസ്ഥിതി ഒരുക്കുകയാണ് ഇപ്പോള്‍. രാജ്യത്ത് കൂടുതല്‍ തൊഴിലവസരം ഒരുക്കുന്നതിന്റെ ഭാഗമായി വൈദ്യുത വാഹനങ്ങളുടെ ഭാഗങ്ങള്‍ പ്രാദേശികമായി നിര്‍മിക്കുന്നതിനുള്ള പദ്ധതിയുമുണ്ട്.

അടുത്തിടെ പുറത്തിറക്കിയ 'ടൊയോട്ട'യുടെ ഹൈഡ്രജന്‍ ഫ്യുവല്‍ കാര്‍, 'മിറായ്' ഇന്ത്യയ്ക്ക് അനുയോജ്യമാണോ, ഇന്ത്യന്‍ സാഹചര്യങ്ങളിലുള്ള പരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ടോ...?

പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധ. പുതിയ ഓരോ വാഹനവും അതത് രാജ്യങ്ങള്‍ക്ക് അനുയോജ്യമാണോ എന്നത് പരിശോധിക്കാറുണ്ട്. ഇന്ത്യയിലും അതെല്ലാം ഘട്ടംഘട്ടമായി നടപ്പാക്കും.

ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഭാവി...?

ഇന്ത്യയില്‍ കൂടുതല്‍ കരുത്തും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്ന ഡീസല്‍ വാഹനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇന്ത്യയില്‍ 'ടൊയോട്ട' പ്രതിനിധാനം ചെയ്യുന്ന എം.പി.വി, എസ്.യു.വി. വിഭാഗങ്ങളിലെല്ലാം ഡീസല്‍ വേരിയന്റുകള്‍ക്കാണ് ഡിമാന്‍ഡ്. കഴിഞ്ഞവര്‍ഷത്തെ വില്‍പ്പനക്കക്കണക്കനുസരിച്ച് പെട്രോള്‍, ഡീസല്‍ വിഭാഗങ്ങളില്‍ 55 ശതമാനം വില്‍പ്പന നടന്നിട്ടുള്ളത് ഡീസല്‍ വാഹനങ്ങളിലാണ്. 44 ശതമാനമാണ് പെട്രോള്‍ എന്‍ജിന്‍ വിഭാഗത്തിലെ വില്‍പ്പന. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് 2030 വരെ പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകള്‍ക്ക് ഇതേപോലെ ഡിമാന്‍ഡുണ്ടാവും.

'സുസുക്കി'യുമായുള്ള സഹകരണത്തില്‍ പുതിയ വാഹനങ്ങള്‍ ഉണ്ടാവുമോ...?

ഒരേ മേഖലയിലെ ശക്തര്‍ തമ്മിലുള്ള സഹകരണത്തില്‍ ഇരു കമ്പനികള്‍ക്കും നേട്ടങ്ങളുണ്ട്. അത് ഉപഭോക്താവിന് കൂടുതല്‍ ഗുണം ചെയ്യും. ഇപ്പോള്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നത് പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ വാഹനങ്ങളുടെ നിര്‍മാണത്തിലാണ്. ഈ ബന്ധം ഭാവിയില്‍ മികച്ച വാഹനങ്ങളുടെ നിര്‍മാണത്തിനും ശ്രേണീ വികസനത്തിനുമെല്ലാം ഗുണം ചെയ്യും.

Content Highlights: Takashi Takamiya vice president toyota kirloskar motors revels toyota india future plans