ഇന്ത്യയില്‍ നിര്‍മ്മിച്ചാലും ഇവിടെ എസ്-പ്രെസോ സുരക്ഷിതം- സുസുക്കി സൗത്ത് ആഫ്രിക്ക

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാഹന ഗ്രൂപ്പുകളിലെ പ്രധാന ചര്‍ച്ചാവിഷയം മാരുതി എസ്-പ്രെസോ എന്ന വാഹനമാണ്. ക്രാഷ് ടെസ്റ്റില്‍ ദയനീയ പരാജയമാണ് ഈ വാഹനത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഇന്ത്യക്ക് പുറമെ, സൗത്ത് ആഫ്രിക്കയിലും വില്‍പ്പനയുള്ള ഈ വാഹനത്തിന്റെ സുരക്ഷ സംവിധാനങ്ങളെ കുറിച്ച് ആ രാജ്യത്തെ ഉപയോക്താക്കള്‍ക്കിടയിലും ആശങ്ക ഉയര്‍ന്നിരുന്നു.
എന്നാല്‍, ദക്ഷിണാഫ്രിക്കയിലെ ഉപയോക്താക്കളുടെ ആശങ്ക അകറ്റുന്ന പ്രസ്താവനയുമായി സുസുക്കി സൗത്ത് ആഫ്രിക്ക രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഇറങ്ങിയിട്ടുള്ള എസ്-പ്രെസോ പോലെയല്ല, ഈ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള മോഡലുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മാരുതി സുസുക്കി പ്രതികരിച്ചിട്ടില്ല.
ഒരു ഉപയോക്താവ് ഈ വാഹനത്തെ സംബന്ധിച്ച ആശങ്ക ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് സുസുക്കി എത്തിയത്. ഇന്ത്യയിലെ താഴ്ന്ന വേരിയന്റാണ് ക്രാഷ് ടെസ്റ്റില്‍ ഉപയോഗിച്ചത്. ഇതില്‍ ഒരു എയര്‍ ബാഗ് മാത്രമേ ഉള്ളൂ. ആഫ്രിക്കല്‍ വേരിയന്റ് കൂടുതല്‍ സുരക്ഷിതമാണെന്നും ഡ്യുവല്‍ എയര്‍ബാഗ് ഉള്‍പ്പെടെ സേഫ്റ്റി ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ടെന്നുമാണ് സുസുക്കിയുടെ മറുപടി.
ഇന്ത്യയില്‍ നിര്‍മിക്കുന്ന എസ്-പ്രെസോയാണ് ദക്ഷിണാഫ്രിക്കയിലും വില്‍പ്പനയ്‌ക്കെത്തുന്നത്. എന്നാല്‍, ഇവിടെയുള്ള അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ രണ്ട് എയര്‍ബാഗും പ്രീ-ടെന്‍ഷനേഴ്‌സിനോട് കൂടിയ സീറ്റ് ബെല്‍റ്റുകളും നല്‍കിയിട്ടുണ്ട്. ഈ ഫീച്ചറുകള്‍ ഇന്ത്യയിലെ അടിസ്ഥാന മോഡലുകളില്‍ ഓപ്ഷണലായാണ് നല്‍കുന്നതെന്നാണ് സൂചന.
ഇന്ത്യയില്‍ മിനി-എസ്.യു.വി ശ്രേണിയില്‍ എത്തിയ വാഹനമാണ് മാരുതിയുടെ എസ്-പ്രെസോ. 998 സിസി പെട്രോള്‍ എന്‍ജിനാണ് എസ്-പ്രെസോയ്ക്ക് കരുത്തേകുക. ഇത് 67 ബിഎച്ച്പി പവറും 90 എന്‍.എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ എത്തുന്നുണ്ട്. 3.73 ലക്ഷം മുതല്‍ 5.13 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.
Content Highlights: Suzuki S-Presso South Africa Claimed To Be Safer Than Indian Model
Content Highlights: