യൂറോപ്യൻ വശീകരണം: കരുത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായി പുതിയ സ്‌ളാവിയ

തലപ്പൊക്കമായിരുന്നു എസ്.യു.വി.കളിലേക്കുള്ള ആകർഷണം. എന്നാൽ വശ്യതയാണ് സെഡാനുകളെ പ്രണയിക്കാനുള്ള പ്രധാന കാരണം. കടഞ്ഞെടുത്ത ബോഡിലൈനുകളും ഒഴുകിയിറങ്ങുന്ന രൂപവുമെല്ലാം ചേരുന്നു ഒരു പൂർണതയിലെത്തിയ സെഡാന്. അതിന് ഒരു യൂറോപ്യൻ ടച്ചും കൂടി ചേരുമ്പോൾ അത് സ്‌കോഡ സ്‌ളാവിയയായി മാറുന്നു. മികച്ച ഡ്രൈവിങ് അനുഭവം കൂടിയാകുമ്പോൾ പുതിയ സ്‌ളാവിയയ്ക്ക് എതിരാളികളില്ലാതാവുന്നു.
രൂപം മോഹനം
ഒറ്റനോട്ടത്തിൽ തന്നെ സൗന്ദര്യത്തിൽ കണ്ണുടക്കും. സ്‌കോഡയുടെ കൈയൊപ്പ് പതിപ്പിച്ച ഗ്രില്ലും ഷാർപ്പ് ഹെഡ്ലാമ്പുകളും നീണ്ട ബോണറ്റും കടഞ്ഞെടുത്ത ബോഡി ലൈനുകളും ചേരുമ്പോൾ സൗന്ദര്യത്തോടൊപ്പം പ്രൗഢിയും.
വശങ്ങളിലൂടെ നീളുന്ന ബോഡി ലൈനുകളിലെ പെർഫെക്ഷൻ, ചരിഞ്ഞ റൂഫ് ഡിസൈൻ, പിൻഭാഗത്തെ എൽ.ഇ.ഡി. ലൈറ്റുകൾ എല്ലാം ഒന്നിനോടൊന്ന് ചേർന്നു നിൽക്കുകയാണ്.
അകം തനി യൂറോപ്യൻ
സ്ലാവിയയുടെ പ്രധാന മാറ്റങ്ങളിലൊന്ന് അകത്തളങ്ങളിലെ സാങ്കേതികവിദ്യയിലും സൗകര്യങ്ങളിലുമാണ്. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ആകർഷകമാവുന്നു. ഗൂഗിൾ ക്ലൗഡ് അധിഷ്ഠിത എ.ഐ. അസിസ്റ്റന്റും സൗകര്യപ്രദമായ പാർക്കിങ് സംവിധാനങ്ങളും വന്നിട്ടുണ്ട്. പിന്നിലെ യാത്രക്കാർക്കായി സീറ്റ് മസാജും വന്നിട്ടുണ്ട്.
ഡ്രൈവിങ് വേറെ ലെവൽ
പുറംമോടിയിൽ നിന്നും ഡ്രൈവിങ് അനുഭവത്തിന്റെ കാര്യത്തിലാണ് സ്‌ളാവിയ വ്യത്യസ്തമാവുന്നത്. രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് വരുന്നത്. രണ്ടും ഒന്നിനൊന്ന് മെച്ചം. 1.0 ടി.എസ്.ഐ. ത്രീസിലിൻഡറാണ് ഒന്ന്. ഇതിൽ ആറ് സ്പീഡ് മാനുവൽ, പുതിയ എട്ട് സ്പീഡ് ടോർക്ക് കൺവെർട്ടർ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവ ലഭ്യമാണ്. ദൈനംദിന യാത്രകൾക്കും നഗരത്തിലെ തിരക്കുകൾക്കും അനുയോജ്യം.
1.5 ടി.എസ്.ഐ. നാല് സിലിൻഡറാണ് അടുത്തത്. ഏഴ് സ്പീഡ് ഡി.എസ്.ജി. ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക് ഗിയർബോക്‌സിനൊപ്പം ലഭിക്കുന്നു. കരുത്താണ് ഇവിടെ ആകർഷണം. സ്‌ളാവിയ മറ്റു സെഡാനുകളിൽ നിന്ന് വ്യത്യസ്തമാകുന്നത് അതിന്റെ സ്റ്റെബിലിറ്റിയിലാണ്. എത്രവേഗത്തിലും വളവുകളിലും സ്റ്റിയറിങ്ങിന് പിന്നിൽ ഇത് നൽകുന്ന ആത്മവിശ്വാസം ഒട്ടും കുറവല്ല. ഇവയ്‌ക്കൊപ്പം മോണ്ടെകാർലോ പതിപ്പുകൂടി വന്നിട്ടുണ്ട്. പ്രധാനമായും ബാഡ്ജിങ്ങിലും നിറത്തിലുമൊക്കെയാണ് ഇവയിലെ മാറ്റം.
Content Highlights: Stunning European design with sharp headlamps and aerodynamic body lines, Upgraded interior tech including 10.25-inch infotainment and AI assistant, Two engine options: 1.0L TSI and high-performance 1.5L TSI, Exceptional driving stability and handling at high speeds