പിൻ സീറ്റിലെ മസാജിങ്, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ! പുതിയ സ്ലാവിയ വിപണിയിലേക്ക്; ഞെട്ടിക്കുന്ന ഫീച്ചറുകൾ!

Photo: Mathrubhumi
Photo: Mathrubhumi

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി എസ്‌യുവികളോട് ഓരം ചേർന്നായിരുന്നു ഇന്ത്യയിലെ വാഹന വിപണിയുടെ യാത്ര. പല വിഭാഗങ്ങളിലായി നിരത്തുകളിൽ എത്തിയ സെഡാന്റെ തേർവാഴ്ച ചുരുങ്ങിയ കാലത്തേക്ക് എങ്കിലും സെഡാൻ പ്രതാപത്തിന് മങ്ങലേൽപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ് ഈ വാഹന ശ്രേണി. ഈ തിരിച്ചുവരവിന് ഇന്ധനമേകാനുള്ള സ്‌കോഡയുടെ സംഭാവനയായാണ് മിഡ്‌സൈസ് സെഡാൻ മോഡലായ സ്ലാവിയയെ മുഖംമിനുക്കി വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്.

ജർമൻ എൻജിനീയറിങ് മികവിൽ ഇന്ത്യൻ നിരത്തുകളെ മനസിലാക്കി എത്തിയിട്ടുള്ള വാഹനമെന്ന് സ്ലാവിയയെ ഏറ്റവും ലളിതമായി വിശേഷിപ്പിക്കാം. ഇന്ത്യൻ നിരത്തുകളിൽ വലിയ സ്വീകാര്യത നേടിയ റാപ്പിഡ് എന്ന സെഡാൻ വാഹനത്തിന് പകരക്കാരനായി 2022-ലാണ് സ്ലാവിയ എന്ന മോഡലിന്റെ രംഗപ്രവേശനം. സ്‌കോഡയുടെ തിരിച്ചുവരവിനായി പ്രഖ്യാപിച്ച ഇന്ത്യ 2.0 എന്ന വിൽപ്പന തന്ത്രത്തിന്റെ ഭാഗമായി പിറവിയെടുത്ത ഈ വാഹനമാണ്, നാല് വർഷങ്ങൾക്കിപ്പുറം മിനുക്കിയ മുഖവുമായി എത്തിയിരിക്കുന്നത്.

Photo: Mathrubhumi

പുതിയ മിനുക്കുപണികൾ

ക്ലാസിക് സെഡാനുകളുടെ അഴകളവുകളും കൂപ്പേക്ക് സമാനമായ സിലുവേറ്റുമായി സ്‌കോഡയുടെ ഇമോട്ടീവ് ആൻഡ് ഡൈനാമിക് ഡിസൈൻ ലാംഗ്വേജിൽ ഒരുങ്ങിയിട്ടുള്ള സെഡാനാണ് സ്ലാവിയ. സ്‌കോഡയുടെ സിഗ്നേച്ചറായി വിശേഷിപ്പിക്കുന്ന ഹെക്‌സഗൊണൽ ഗ്രില്ലാണ് പുതിയ സ്ലാവിയയിലും. റെഗുലർ പതിപ്പിൽ ക്രോമിയം റിബ്ബുകളാണ് ഗ്രില്ലിന് അലങ്കരിക്കുന്നതെങ്കിൽ സ്‌പോർട്ടി പതിപ്പായ മോണ്ടേ കാർലോയിൽ ഈ ഉദ്യമം കറുപ്പ്, ചുവപ്പ് നിറങ്ങൾക്കാണ്.

എൽഇഡിയിൽ തീർത്തിയിരിക്കുന്ന ഹെഡ്‌ലാമ്പിൽ സ്റ്റഡുകൾ പോലെയാണ് ഡിആർഎൽ ലൈറ്റുകൾ നൽകിയിരിക്കുന്നത്. 360 ഡിഗ്രി ക്യാമറയുടെ സ്ഥാനമാണ് ഏറ്റവും ആകർഷകം. എയർഡാമിലെ ഡിസൈൻ പുതുമ, ബമ്പറിൽ വരുത്തിയിട്ടുള്ള അഴിച്ചുപണി, എൽഇഡിയിലേക്ക് മാറിയ ഫോഗ്‌ലാമ്പ് എന്നിങ്ങനെയാണ് മുഖഭാവത്തിലെ മാറ്റങ്ങൾ. അലോയി വീലിന്റെ ഡിസൈനിൽ വരുത്തിയ ചെറിയ മാറ്റം മാത്രമാണ് വശങ്ങളിൽ വരുത്തിയിട്ടുള്ളത്. മോണ്ടേ കാർലോ പതിപ്പിൽ ചുവപ്പ് നിറത്തിലുള്ള ബ്രേക്ക് കാലിപ്പറും ഫെൻഡറിലെ ബാഡ്ജിങ്ങും റെഗുലർ മോഡലിൽ നിന്നുള്ള മാറ്റമാണ്.

പിൻഭാഗത്തെ പുതുമകളും വളരെ പരിമിതമാണ്. എൽഇഡി ടെയ്ൽലാമ്പ് യൂണിറ്റാണ് നൽകിയിരിക്കുന്നത്. സീക്വൻഷ്യൽ ടേൺ ഇന്റിക്കേറ്ററും പുതുമയാണ്. രണ്ട് ലൈറ്റുകളെ തമ്മിൽ ബന്ധിപ്പിക്കാൻ നൽകിയിട്ടുള്ള സ്ട്രിപ്പിലാണ് സ്‌കോഡ ബാഡ്ജിങ്. സ്ലാവിയ, മോണ്ടേ കാർലോ ബാഡ്ജിങ് തുടങ്ങിയവയും പിന്നിൽ കാണാം. ഡിഫ്യൂസറിന്റെ മാതൃകയിൽ നിർമിച്ചിരിക്കുന്ന പിൻഭാഗത്തെ ബമ്പർ വാഹനത്തിന് സ്‌പോർട്ടി ഭാവം നൽകുന്നു. മോണ്ടേ കാർലോ പതിപ്പിൽ ഹാച്ച്‌ഡോറിന് മുകളിൽ സ്‌പോയിലറും നൽകുന്നു.

.

അകമേയും മാറ്റം

ശ്രദ്ധേയമായ ഏതാനും മാറ്റങ്ങളാണ് അകത്തളത്തിൽ വരുത്തിയിരിക്കുന്നത്. 10.1 ഇഞ്ച് വലിപ്പത്തിൽ തീർത്തിയിരിക്കുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. ഗൂഗിളുമായി സഹകരിച്ച് ഒരുക്കിയിട്ടുള്ള എ.ഐ. സപ്പോർട്ടും ഇതിനൊപ്പമുണ്ട്. 10.25 ഇഞ്ച് വലിപ്പത്തിൽ പൂർണമായും ഡിജിറ്റലായുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, എട്ട് സ്പീക്കർ സ്‌കോഡ സൗണ്ട് സിസ്റ്റം, ക്ലൈമറ്റട്രോണിക് ഓട്ടോ എ.സി. സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്, വയർലെസ് ചാർജിങ് എന്നിങ്ങനെയാണ് ഫീച്ചറുകൾ.

ഈ സെഗ്മെന്റിൽ മറ്റൊരു വാഹനത്തിന് അവകാശപ്പെടാൻ സാധിക്കാത്ത ഒരു ഫീച്ചറും ഈ വരവിൽ സ്ലാവിയയിൽ നൽകിയിട്ടുണ്ട്. പിൻനിര സീറ്റിലെ യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ള മസാജിങ് സംവിധാനമാണത്. മുൻനിരയിലെ സീറ്റുകളിൽ വെന്റിലേറ്റഡ് സംവിധാനവും നൽകുന്നുണ്ട്. ഇലക്ട്രിക് സൺറൂഫ്, മികച്ച കുഷ്യനിങ് സംവിധാനമുള്ള സീറ്റുകൾ, 521 ലിറ്റർ അടിസ്ഥാന ബൂട്ട് സ്‌പേസ് എന്നിങ്ങനെ നീളും സ്ലാവിയയിലെ മറ്റ് പുതുമകൾ.

എൻജിനും ട്രാൻസ്മിഷനുംസ്ലാവിയയുടെ ബോണറ്റിനുള്ളിലും ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ സ്‌കോഡയ്ക്ക് സാധിച്ചിട്ടുണ്ട്. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ എൻജിനും 1.5 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ എൻജിനുമാണ് ഈ വാഹനത്തിന്റെ ഹൃദയം. ടിഎസ്‌ഐ എൻജിനാണിവ. 115 പിഎസ് പവറും 180 എൻഎം ടോർക്കുമാണ് 1.0 ലിറ്റർ എൻജിൻ ഉത്പാദിപ്പിക്കുന്നത്. 150 പിഎസ് പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് 1.5 ലിറ്റർ എൻജിനുള്ളത്.

1.0 ലിറ്റർ എൻജിനൊപ്പം ചേർത്തിരിക്കുന്ന എട്ട് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഈ വരവിലെ പുതുമയാണ്. പഴയ ആറ് സ്പീഡ് മാനുവലും തുടരുന്നുണ്ട്. 1.5 ലിറ്റർ എൻജിനൊപ്പം ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനവുമാണ് നൽകിയിരിക്കുന്നത്. 1.5 ലിറ്റർ മോഡൽ 9.32 സെക്കന്റിൽ 100 കിലോമീറ്റർ വേഗമെടുക്കുമ്പോൾ, 1.0 ലിറ്റർ പതിപ്പ് 11.02 സെക്കന്റിൽ 100 കിലോമീറ്ററിൽ തൊടും.

സുരക്ഷിതം

സുരക്ഷ മുഖമുദ്രയാക്കിയ വാഹനമാണ് സ്‌കോഡയുടെ സ്ലാവിയ എന്ന മിഡ്‌സൈസ് സെഡാൻ. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ നേടിയ ഫൈവ് സാറ്റാർ റേറ്റിങ്ങിലൂടെ ഇത് ഉറപ്പിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ആറ് എയർബാഗ് തുടങ്ങിയ അടിസ്ഥാന ഫീച്ചറുകൾക്കൊപ്പം 20-ൽ അധികം ആക്ടീവ്-പാസീവ് സുരക്ഷ ഫീച്ചറുകൾ നൽകിയാണ് സ്‌കോഡ ഈ വാഹനത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.

രണ്ട് ദിവസങ്ങളിലായി രാജസ്ഥാനിലെ ജോഥ്പൂരിലൂടെയായിരുന്നു സ്ലാവിയയുടെ ഡ്രൈവിങ്. രണ്ട് എൻജിൻ ഓപ്ഷനുകളിലെ വാഹനങ്ങളും ഈ ദിവസങ്ങളിൽ ഓടിച്ച് നോക്കുകയും ചെയ്തു. തികച്ചും രണ്ട് ക്ലാസുകളിലുള്ള വാഹനങ്ങൾ എന്ന് ഇവയെ വിശേഷിപ്പിക്കാൻ സാധിക്കും. ഹൈവേകളിലെ കരുത്തുറ്റ പ്രകടനമാണ് ലക്ഷ്യമെങ്കിൽ 1.5 എൻജിൻ സ്ലാവിയയിലേക്ക് തിരിയാം. ഇനി കുറച്ച് ഇന്ധനക്ഷമതയും സാധാരണ നിലയിലെ യാത്രയുമാണ് വേണ്ടതെങ്കിൽ 1.0 ലിറ്റർ പതിപ്പിലേക്ക് മാറാം. കരുത്തിന്റെ കാര്യത്തിൽ ഈ വാഹനവും ഒട്ടും പിന്നിലല്ലെന്നതും ശ്രദ്ധേയമാണ്.

1.5 ലിറ്റർ സ്ലാവിയ

ഹൈവേകളിലെ യാത്രകൾക്കായി ഒരുക്കിയ വാഹനമെന്നാണ് ഈ വാഹനത്തിന്റെ ഡ്രൈവിങ്ങിൽ തോന്നിയത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിലേക്കുള്ള ഈ വാഹനത്തിന്റെ കുതിപ്പ് തന്നെയാണ് പ്രകടനത്തിന്റെ തെളിവ്. എന്നാൽ, വേഗത 100 കടന്നാലും വാഹനത്തിന്റെ സ്റ്റെബിലിറ്റി പ്രശംസനീയമാണ്. ലീനിയർ പവർ ഡെലിവറി ഓവർടേക്കിങ് കൂടുതൽ എളുപ്പമാക്കുന്നുണ്ട്. വളവുകളിലും മറ്റും മികച്ച രീതിയിൽ വാഹനം കൈയിൽ ഇണങ്ങുന്നുണ്ട്. സ്‌പോർട്‌സ് മോഡലിലേക്ക് മാറുന്നതോടെ വളരെ അഗ്രസിവായ പ്രകടനമാണ് ഈ വാഹനം നൽകുന്നത്. ഇതിലെ ഡ്യുവൽ ക്ലെച്ച് ട്രാൻസ്മിഷൻ സംവിധാനം ഗിയർ ചേഞ്ചുകൾ വളരെ വേഗത്തിൽ സാധ്യമാക്കുന്നതും ഡ്രൈവിങ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

.

1.0 ലിറ്റർ സ്ലാവിയ

തിരിക്കുള്ള നഗരങ്ങളിലും മറ്റും താരമാണ് ഈ വാഹനം. ഹൈവേകളിലെ യാത്രകളിൽ മികച്ച സ്റ്റെബിലിറ്റിയും റൈഡ് ക്വാളിറ്റിയും ഉറപ്പുവരുന്നുണ്ട്. എന്നാൽ, കുറഞ്ഞ ആർ.പി.എമ്മിൽ നേരിയ തോതിലെങ്കിലും ടർബോ ലാഗ് അനുഭവപ്പെടാം. മിഡ് റേഞ്ചിലേക്ക് എത്തുന്നതോടെ എൻജിൻ മികച്ച പെർഫോമെൻസ് നൽകുന്നു. മൂന്ന് സിലിണ്ടർ വാഹനമായതിനാൽ തന്നെ എൻജിന്റെ ശബ്ദം അൽപ്പം കൂടുതലായി അനുഭവപ്പെടാം. സ്റ്റാർട്ടിങ്ങിൽ ഉൾപ്പെടെ ചെറിയ തോതിലുള്ള വിറയലും തോന്നിയേക്കാം.എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഈ വാഹനത്തിലെ താരം. കൂടുതൽ മികച്ച ഷിഫ്റ്റിങ് ഡ്രൈവർക്ക് എക്‌സ്പീരിയൻസ് ചെയ്യാം. ഡിഎസ്ജി മോഡലുകളെ പോലെ ട്രാഫിക് അവസ്ഥകളിൽ ഗിയർ ചേഞ്ച് ചെയ്യാനുള്ള ബുദ്ധിമുട്ട് ഈ ഗിയർബോക്‌സിനില്ല. ഏഴ്, എട്ട് ഗിയറുകളിൽ കുറഞ്ഞ ആർപിഎമ്മിൽ ഉയർന്ന വേഗത ലഭിക്കുന്നതിനാൽ എൻജിൻ ശബ്ദം ക്യാബിനിൽ എത്തുന്നത് കുറയ്ക്കാൻ സാധിക്കും. കുറഞ്ഞ ആർ ഹൈവേകളിലും മറ്റും ഏഴ്, എട്ട് ഗിയറുകളിൽ ഓടിച്ചാൽ ഇന്ധനക്ഷമതയും ഉയർത്താനുമാകും.

സ്റ്റിയറിങ് സസ്‌പെൻഷൻ തുടങ്ങിയ സംവിധാനങ്ങൾ രണ്ട് മോഡലുകളിലും പൊതുവായി പറയാൻ സാധിക്കുന്നതാണ്. ഇലക്ട്രിക് പവർ സ്റ്റിയറിങ്ങാണ് ഈ വാഹനത്തിൽ നൽകിയിരിക്കുന്നത്. കുറഞ്ഞ വേഗതയിൽ വളരെ ലൈറ്റ് സ്റ്റിയറിങ് ആണെങ്കിൽ വാഹനത്തിന്റെ വേഗത കൂടുന്നതിന് അനുസരിച്ച് സ്റ്റിയറിങ്ങിന് ഭാരം തോന്നും. സ്റ്റിയറിങ്ങിലെ ചെറിയ മാറ്റത്തിന് അനുസരിച്ചുള്ള മൂവ്‌മെന്റ് വാഹനം നൽകുന്നുണ്ട്. സ്റ്റിയറിങ് ലാഗ് ഒഴിവാക്കുന്നതിലും നിർമാതാക്കൾ ശ്രദ്ധിച്ചിട്ടുണ്ട്

സസ്‌പെൻഷൻ സംവിധാനത്തിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ഹൈവേ യാത്രകളിലാണ് സസ്‌പെൻഷൻ സംവിധാനത്തിന്റെ മേന്മ കൂടുതൽ തിരിച്ചറിയുന്നത്. ഉയർന്ന സസ്‌പെൻഷൻ ട്രാവൽ ഉള്ളതിനാൽ തന്നെ വലിയ കുഴികളിലും മറ്റും വീഴുമ്പോഴും വാഹനത്തിന്റെ ടയറിലുണ്ടാകുന്ന ആഘാതം ക്യാബിനിലേക്ക് എത്തുന്നില്ല. എന്നാൽ, 179 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതിനാൽ തന്നെ വളവുകളിലും മറ്റും ചെറിയ ബോഡ് റോൾ അനുഭവപ്പെടുന്നുണ്ട്.

Content Highlights: The updated Skoda Slavia facelift brings refreshed exterior styling, advanced AI-powered infotainment features, a new 8-speed automatic transmission option, and segment-first massaging rear seats while maintaining its 5-star safety rating.