ആദ്യബാച്ചില്‍ 33,333 യൂണിറ്റ്; സ്‌കോഡ കൈലാഖ് ഒരുങ്ങി തുടങ്ങി, പുതുവര്‍ഷത്തില്‍ നിരത്തുകളിലേക്ക്

സ്‌കോഡയുടെ വാഹന നിരയിലേക്ക് ഏറ്റവുമൊടുവില്‍ പേരുചേര്‍ക്കുന്ന മോഡലാണ് കൈലാഖ് എന്ന കോംപാക്ട് എസ്.യു.വി. 2025 ജനുവരിയില്‍ വിപണിയില്‍ എത്തുമെന്ന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുള്ള ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ ആരംഭിച്ചതായി സ്‌കോഡ ഇന്ത്യ അറിയിച്ചു. സ്‌കോഡയുടെ ചകാനിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന ഈ വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ യൂണിറ്റ് സ്‌കോഡ ഇന്ത്യയുടെ മേധാവികള്‍ പുറത്തിറക്കി.
കൈലാഖിന്റെ നിര്‍മാണം ത്വരിതപ്പെടുത്തുന്നതിനായി ചകാനിലെ പ്ലാന്റിന്റെ പ്രൊഡക്ഷന്‍ കപ്പാസിറ്റി 30 ശതമാനം വര്‍ധിപ്പിച്ചതായി കമ്പനി അറിയിച്ചിരുന്നു. ഡിസംബര്‍ രണ്ടാം തീയതി ബുക്കിങ് ആരംഭിച്ച ഈ വാഹനം ഇതിനോടകം 10,000 പേര്‍ ബുക്കുചെയ്തതായാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ നിര്‍മാണം ആരംഭിച്ചിട്ടുള്ള ആദ്യ ബാച്ചില്‍ കൈലാഖിന്റെ 33,333 യൂണിറ്റായിരിക്കും നിര്‍മിക്കുകയെന്നാണ് സ്‌കോഡ ഇന്ത്യ നല്‍കുന്ന വിവരം. മെയ് മാസം വരെയുള്ള വിതരണത്തിനായാണ് ആദ്യ ബാച്ച് എത്തുന്നത്.
സ്‌കോഡയും ഫോക്‌സ്‌വാഗണും സംയുക്തമായി വികസിപ്പിച്ചിട്ടുള്ള MQB AO IN പ്ലാറ്റ്‌ഫോമിലാണ് കൈലാഖ് ഒരുങ്ങുന്നത്. ഈ പ്ലാറ്റ്‌ഫോം അടിസ്ഥാനമൊരുക്കുന്ന അഞ്ചാമത്തെ മോഡലാണ് കൈലാഖ് എന്ന കോംപാക്ട് എസ്.യു.വി. പ്രദേശികമായ ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്നതിനാലാണ് ഈ വാഹനം താരതമ്യേന കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്. സ്‌കോഡയുടെ വാഹന നിരയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ എത്തുന്ന കൈലാഖിന് 7.89 ലക്ഷം രൂപയിലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
പ്രതിവര്‍ഷം കൈലാഖിന്റെ 50,000 മുതല്‍ 70,000 യൂണിറ്റ് വരെ നിര്‍മിക്കാനാണ് സ്‌കോഡയുടെ ലക്ഷ്യം. ഇത് കണക്കിലെടുത്താണ് പ്ലാന്റിന്റെ നിര്‍മാണശേഷം ഉയര്‍ത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു മാസം കൈലാഖിന്റെ 4000 മുതല്‍ 5800 യൂണിറ്റ് വരെയായിരിക്കും നിര്‍മിക്കുക. തുടക്കത്തില്‍ ആഭ്യന്തര വിപണിയില്‍ മാത്രമാണ് കൈലാഖ് വില്‍പ്പനയ്ക്ക് എത്തുന്നതെങ്കില്‍ ഡിമാന്റ് പരിഗണിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും പരിഗണിക്കുമെന്നാണ് വിലയിരുത്തലുകള്‍.
സ്‌കോഡയുടെ വിവിധ മോഡലുകളില്‍ കരുത്തേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൈലാഖിലും നല്‍കിയിരിക്കുന്നത്. ഇത് 115 എച്ച്.പി. പവറും 178 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനുകള്‍ ഒരുങ്ങും. സുരക്ഷ ഉറപ്പാക്കുന്നതിനായി ആറ് എയര്‍ ബാഗുകള്‍ ഉള്‍പ്പെടെ 35-ല്‍ അധികം ആക്ടീവ്-പാസീവ് ഫീച്ചറുകളാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് സ്‌കോഡ അറിയിച്ചിരിക്കുന്നത്.
Content Highlights: Skoda India starts production of its new compact SUV Kylaq