കൈലാഖ് മുതൽ കുഷാഖിന്റെ വരെ വില ഉയർത്തി സ്‌കോഡ; എക്‌സ്‌ഷോറൂം വിലയിലെ മാറ്റം 4000 രൂപ മുതൽ

#Auto Desk
സ്‌കോഡ സ്ലാവിയ മോണ്ടേ കാര്‍ലോ എഡിഷന്‍ | Photo: Skoda India
സ്‌കോഡ സ്ലാവിയ മോണ്ടേ കാര്‍ലോ എഡിഷന്‍ | Photo: Skoda India

ഇന്ത്യൻ വാഹന വിപണിയിൽ കരുത്തൻ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന വാഹന നിർമാതാക്കളാണ് സ്‌കോഡ. കൈലാഖ്, കുഷാഖ്, കോഡിയാഖ്, സ്ലാവിയ എന്നീ നാല് മോഡലുകളുമായി വിപണിൽ നേട്ടങ്ങൾ കൊയ്യുന്ന സ്‌കോഡ പുതുവർഷത്തിൽ വാഹനങ്ങളുടെ വില വർധിപ്പിച്ചിരിക്കുകയാണ്. വാഹനത്തിനും വേരിയന്റുകളുടെയും അടിസ്ഥാനത്തിൽ 4000 രൂപ മുതൽ 34000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നതെന്നാണ് സ്‌കോഡ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

സ്‌കോഡ ഇന്ത്യയുടെ വാഹന നിരയിലെ എൻട്രി ലെവൽ മോഡലായ കൈലാഖിന് 4000 രൂപ മുതൽ 19,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. മുമ്പ് കൈലാഖിന്റെ വില 7.55 ലക്ഷം രൂപയിലാണ് ആരംഭിച്ചിരുന്നതെങ്കിൽ പുതിയ വില അനുസരിച്ച് ഇത് 7.59 ആയി ഉയർന്നിട്ടുണ്ട്. ഏറ്റവും ഉയർന്ന വകഭേദത്തിന് 12.80 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വിലയെങ്കിൽ വിലവർധനവ് പ്രാബല്യത്തിൽ വന്നതോടെ ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 12.99 ലക്ഷം രൂപയാണ്.

സ്‌കോഡയുടെ വാഹന നിരയിലെ സെഡാൻ മോഡലായ സ്ലാവിയയ്ക്കും വില വർധനവ് വരുത്തിയിട്ടുണ്ട്. അടിസ്ഥാന വേരിയന്റായ ക്ലാസിക്കിന്റെ വില വർധിപ്പിച്ചിട്ടില്ലെങ്കിലും സിഗ്നേച്ചർ വേരിയന്റ് മുതൽ വില വർധനവ് ബാധകമാണ്. 16,000 രൂപയാണ് സിഗ്നേച്ചറിന് കൂട്ടിയിരിക്കുന്നത്. 13.12 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില 13.28 ലക്ഷമായി ഉയർന്നിട്ടുണ്ട്. മോണ്ടെ കാർലോ 1.0 ലിറ്റർ ഓട്ടോമാറ്റിക് പതിപ്പിന്റെ വിലയിലും വലിയ വർധനവ് ഉണ്ടായിരിക്കുന്നത്. 34,000 രൂപയാണ് എക്‌സ്‌ഷോറൂം വിലയിൽ വർധനവുണ്ടായിരിക്കുന്നത്.

സ്‌കോഡയുടെ വാഹന നിരയിലെ മിഡ്‌സൈസ് എസ്‌യുവി വാഹനമായ കുഷാഖിന്റെ വിലയിലും നേരിയ മാറ്റമുണ്ടായിട്ടുണ്ട്. 5000 രൂപ മുതൽ 7000 രൂപ വരെയാണ് ഈ വാഹനത്തിന്റെ വിലയിൽ വർധനവ് വരുത്തിയിരിക്കുന്നത്. കുഷാഖ് ക്ലാസിക് 1.0 മാനുവൽ പതിപ്പിന്റെ വില 10.61 ലക്ഷത്തിൽ നിന്ന് 10.66 ലക്ഷം രൂപയായാണ് ഉയർന്നിരിക്കുന്നത്. ഒനിക്‌സ് വേരിയന്റിനാണ് എക്‌സ്‌ഷോറൂം വിലയിൽ 7000 രൂപയുടെ വർധനവ് വരുത്തിയിരിക്കുന്നത്. കുഷാക്കിന്റെ ഏറ്റവും ഉയർന്ന വേരിയന്റിന്റെ വില 18.49 ലക്ഷത്തിലാണ് ആരംഭിക്കുന്നത്.

Content Highlights: Skoda India announces new year price hikes for Kushaq, Slavia, Kodiaq, and Taigun models. Find out the exact price increases for each variant.