അസാധ്യമെന്ന് കരുതിയ ആ ശിവാംഗി സന്തോഷിക്കുന്നുണ്ടാകും; ആദ്യ വാഹനം സ്വന്തമാക്കി പ്രിയ ഗായിക

അഭിനേത്രി, ഗായിക തുടങ്ങിയ ഇരട്ട റോളുകളില്‍ തിളങ്ങുന്ന താരമാണ് ശിവാംഗി കൃഷ്ണകുമാര്‍. സംഗീതത്തിന് പുറമെ, നിഷ്‌കളങ്കമായ സംസാരം കൊണ്ടും ജനങ്ങളുടെ ഇഷ്ടതാരമായി മാറിയ ശിവാംഗി തന്റെ ആദ്യ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്. ഒരുകാലത്ത് അസാധ്യമെന്ന് കരുതിയ സ്വപ്‌നം യാഥാര്‍ഥ്യമായതിന്റെ സന്തോഷം ശിവാംഗി തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഗായകരും കര്‍ണാടക സംഗീതജ്ഞരുമായ ബിന്നി കൃഷ്ണകുമാറിന്റെയും ഡോ. കെ.കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി.
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ ജിഎല്‍ഇ ആണ് ശിവാംഗി തന്റെ ആദ്യ വാഹനമായി തിരഞ്ഞെടുത്തത്. എന്റെ ആദ്യകാര്‍ സ്വന്തമാക്കി, ഇത് അസാധ്യമാണെന്ന് കരുതിയിരുന്ന 15-കാരി ശിവാംഗി ഇപ്പോള്‍ വളരെയേറെ സന്തോഷിക്കും. ഇത് സാധ്യമായതില്‍ മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും ദൈവങ്ങള്‍ക്കും നന്ദി. ഇതിനുപുറമെ, എനിക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്ന ആരാധാകര്‍ക്കും നന്ദി. നിങ്ങളില്ലാതെ ഞാന്‍ ഒന്നുമല്ല എന്ന കുറിപ്പോടെയാണ് പുതിയ വാഹനത്തിന്റെ സന്തോഷം ശിവാംഗി പങ്കുവെച്ചിരിക്കുന്നത്.
മെഴ്‌സിഡീസിന്റെ എസ്‌യുവി നിരയിലെ മികച്ച മോഡലാണ് ജിഎല്‍ഇ. 300ഡി എഎംജി ലൈന്‍, 450 ഫോര്‍മാറ്റിക്, 450ഡി ഫോര്‍മാറ്റിക് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന വാഹനത്തിന് 99 ലക്ഷം രൂപ മുതല്‍ 1.17 കോടി രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍, ഈ മൂന്ന് വകഭേദങ്ങളില്‍ ഏത് മോഡലാണ് ശിവാംഗിയുടെ ഗ്യാരേജില്‍ എത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല.
മെഴ്‌സിഡീസ് വാഹനങ്ങളുടെ മുഖമുദ്രയായ ആഡംബര സംവിധാനങ്ങള്‍ക്കൊപ്പം കരുത്തുറ്റ എന്‍ജിനുമായാണ് ജിഎല്‍ഇ മോഡലുകള്‍ എത്തുന്നത്. അടിസ്ഥാന മോഡലായ 300ഡി വേരിയന്റില്‍ 269 ബിഎച്ച്പി പവറും 550 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. കേവലം 6.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 225 കിലോമീറ്ററാണ്.
അതേസമയം, 3.0 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഈ വാഹനം വിപണിയില്‍ എത്തുന്നുണ്ട്. പെട്രോള്‍ എന്‍ജിന്‍ 375 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 363 ബിഎച്ച്പി പവറും 750 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. 9ജി-ട്രോണിക് എന്നറിയപ്പെടുന്ന ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍മാറ്റിക് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം എല്ലാ വേരിയന്റിലും നല്‍കുന്നുണ്ട്.
Content Highlights: Sivangi Krishnakumar Celebrates Milestone- Actress Purchases First Car-a Mercedes-Benz GLE