അഭയയുടെ യാത്രകള്‍ക്ക് കൂട്ടായി ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍; പുത്തന്‍ എസ്.യു.വിയുമായി ഗായിക | Video

ഗായിക അഭയ ഹിരണ്‍മയി പുതിയ വാഹനം സ്വീകരിക്കുന്നു | Photo: Instagram/EVM Volkswagen
ഗായിക അഭയ ഹിരണ്‍മയി പുതിയ വാഹനം സ്വീകരിക്കുന്നു | Photo: Instagram/EVM Volkswagen

ചലച്ചിത്ര പിന്നണിഗായിക, മോഡല്‍ തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണ് അഭയ ഹിരണ്‍മയി. വേറിട്ട ശബ്ദംകൊണ്ട് ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന അഭയ തന്റെ യാത്രകള്‍ക്കായി പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ഫോക്‌സ്‌വാഗണിന്റെ മിഡ്-സൈസ് എസ്.യു.വി. മോഡലായ ടൈഗൂണാണ് അഭയ തന്റെ യാത്രകള്‍ക്ക് കൂട്ടായി തിരഞ്ഞെടുത്ത വാഹനം. 

കൊച്ചിയിലെ ഫോക്‌സ്‌വാഗണ്‍ വിതരണക്കാരായ ഇ.വി.എം. ഫോക്‌സ്‌വാഗണില്‍ നിന്നാണ് അഭയ ഹിരണ്‍മയി തന്റെ പുതിയ വാഹനത്തെ കൂടെ കൂട്ടിയത്. സന്തോഷകരമായ ഡ്രൈവിങ്ങ് അനുഭവം നേര്‍ന്ന് അഭയ വാഹനം സ്വന്തമാക്കുന്നതിന്റെ വീഡിയോയും ഇ.വി.എം ഫോക്‌സ്‌വാഗണ്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ടൈഗൂണിന്റെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഹൈലൈനിന്റെ 1.0 ലിറ്റര്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് മോഡലാണ് അഭയ തിരഞ്ഞെടുത്തിരിക്കുന്നത്. 15.28 ലക്ഷം രൂപയാണ് ഈ എസ്.യു.വിയുടെ എക്‌സ്‌ഷോറൂം വില. 

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ്, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്നീ രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് ടൈഗൂണ്‍ നിരത്തുകളിലെത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിന്‍ 115 പി.എസ്. പവറും 178 എന്‍.എം. ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ എന്‍ജിന്‍ 150 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

ഡൈനാമിക് ലൈന്‍, പെര്‍ഫോമെന്‍സ് ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി അഞ്ച് വേരിയന്റുകളിലാണ് ഫോക്സ്വാഗണ്‍ ടൈഗൂണ്‍ എത്തിയിട്ടുള്ളത്. ഈ വാഹനത്തിന് 11.62 ലക്ഷം രൂപ മുതല്‍ 19.46 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഡൈനാമിക്കില്‍ കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ടോപ്പ്‌ലൈന്‍ എന്നിവയും പെര്‍ഫോമെന്‍സ് ലൈനില്‍ ജി.ടി, ജി.ടി. പ്ലസ് എന്നിവയുമാണ് വേരിയന്റുകള്‍. ഫോക്‌സ്വാഗണ്‍ MQB AO IN പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. 

കണക്ടിവിറ്റി ഫീച്ചറുകളും സുരക്ഷ സംവിധാനങ്ങളുമാണ് ടൈഗൂണിനെ ആകര്‍ഷകമാക്കുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിങ്ങ് സെന്‍സര്‍, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, എ.ബി.എസ്. വിത്ത് ഇ.ബി.ഡി, ആറ് എയര്‍ബാഗ്, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ്, ഓട്ടോ ഡിമ്മിങ്ങ് ഐ.ആര്‍.വി.എം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, റിയര്‍വ്യൂ ക്യാമറ, മള്‍ട്ടി  കൊളീഷന്‍ ബ്രേക്ക്, എന്നിവയാണ് ഈ വാഹനത്തില്‍ സുരക്ഷ ഒരുക്കുന്നത്.

Content Highlights: Singer and Model Abhaya Hiranmayi buys Volkswagen Taigun SUV, Abhaya Hiranmayi