കിയയ്ക്ക് ഇന്ത്യയിലേക്ക് വഴിയൊരുക്കി, വില്‍പ്പനയില്‍ റെക്കോഡുകള്‍; ചില്ലറക്കാരനല്ല സെല്‍റ്റോസ്

ഏറ്റവും കുറഞ്ഞ കാലയളവില്‍ ഇന്ത്യയിലെ മിഡ് സൈസ് എസ്.യു.വി. സെഗ്മെന്റില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ വാഹനമാണ് കിയ മോട്ടോഴ്‌സിന്റെ സെല്‍റ്റോസ്. കിയ മോട്ടോഴ്‌സിന് ഇന്ത്യയിലേക്കുള്ള വഴി തുറന്നുകൊടുത്ത ഈ വാഹനം 2019 ഓഗസ്റ്റിലാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. നിരത്തുകളില്‍ അഞ്ചാം വയസിന്റെ നിറവില്‍ നില്‍ക്കുന്ന സെല്‍റ്റോസ് ഈ കാലയളവില്‍ അഞ്ച് ലക്ഷം യൂണിറ്റിന്റെ വില്‍പ്പനയാണ് ഇതുവരെ നേടിയിട്ടുള്ളത്.
കിയ മോട്ടോഴ്‌സിന്റെ വില്‍പ്പന കണക്കുകള്‍ അനുസരിച്ച്, കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയുടെ 48 ശതമാനം സെല്‍റ്റോസ് ആണെന്നാണ് റിപ്പോര്‍ട്ട്. സെല്‍റ്റോസ് ഇന്ത്യയില്‍ അവതരിപ്പിച്ച കാലഘട്ടത്തില്‍ പ്രധാന എതിരാളി ക്രെറ്റ മാത്രമായിരുന്നു. എന്നാല്‍, നിലവില്‍ മാരുതി സുസുക്കി ഗ്രാന്റ് വിത്താര, ടൊയോട്ട ഹൈറൈഡര്‍, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്, എം.ജി. ആസ്റ്റര്‍ തുടങ്ങി എതിരാളികളുടെ വലിയ നിരയാണ് സെല്‍റ്റോസിനുള്ളത്.
വാല്യു ഫോര്‍ മണി മിഡ്-സൈസ് എസ്.യു.വിയായാണ് ഉപയോക്താക്കള്‍ കിയ സെല്‍റ്റോസിനെ കണക്കാക്കുന്നത്. നിരവധി ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഈ വാഹനം എത്തുന്നത്. ആഡാസ് ഉള്‍പ്പെടെയുള്ള സുരക്ഷ ഫീച്ചറുകള്‍, വാഹനത്തിന് അഴകേകുന്നതിനായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ, കണക്ടഡ് ടെയില്‍ ലാമ്പ് സംവിധാനങ്ങള്‍, ഫീച്ചര്‍ സമ്പന്നമാക്കുന്നതിനായി നല്‍കിയിട്ടുള്ള ഡ്യുവല്‍ സ്‌ക്രീന്‍ ഫീച്ചര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് ഉള്‍പ്പെടെയുള്ളവ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നുണ്ടെന്നാണ് കിയയുടെ വിലയിരുത്തല്‍.
2019-ല്‍ എത്തിയ കിയ സെല്‍റ്റോസ് ആദ്യമുഖം മിനുക്കല്‍ നടത്തുന്ന 2023-ലാണ്. സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയും കണക്ടഡ് ഫീച്ചറുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കിലും ലുക്കില്‍ വലിയ അഴിച്ചുപണി നടത്തിയുമെല്ലാമാണ് രണ്ടാമത് എത്തിയത്. ടെക്-ലൈന്‍, ജി.ടി.ലൈന്‍, എക്സ്-ലൈന്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി രണ്ട് പെട്രോള്‍ എന്‍ജിനുകളിലും ഒരു ഡീസല്‍ എന്‍ജിനുമൊപ്പം മൂന്ന് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 18 വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്. 10.90 ലക്ഷം രൂപ മുതല്‍ 20.37 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ഒരു 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് പുതിയ സെല്‍റ്റോസ് വിപണിയില്‍ എത്തുന്നത്. 1.5 എന്‍.എ. എന്‍ജിന്‍ 115 ബി.എച്ച്.പി. പവറും 144 എന്‍.എം. ടോര്‍ക്കും, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 158 ബി.എച്ച്.പി. പവറും 263 എന്‍.എം. ടോര്‍ക്കും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 115 ബി.എച്ച്.പി. പവറും 253 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍, ആറ് സ്പീഡ് ഐ.എം.ടി. ഏഴ് സ്പീഡ് ഡി.സി.ടി. എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.
Content Highlights: Seltos Completed 5 years in india and achieve five lakhs sales milestone