രണ്ട് കോടിയുടെ ആഡംബരം; ബെന്‍സ് എസ് ക്ലാസ് സ്വന്തമാക്കി സെയ്ഫ്-കരീന താരദമ്പതിമാര്‍

കരീന കപൂര്‍ പുതിയ വാഹനത്തിന് സമീപം | Photo: Instagram/viralbhayani
കരീന കപൂര്‍ പുതിയ വാഹനത്തിന് സമീപം | Photo: Instagram/viralbhayani

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ അത്യാഡംബര സെഡാന്‍ മോഡലായ എസ് ക്ലാസ് സ്വന്തമാക്കി ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും. ബെന്‍സിന്റെ ആഡംബര വാഹനങ്ങളില്‍ മുന്‍നിര മോഡലായ എസ് ക്ലാസിന് ഏകദേശം രണ്ട് കോടി രൂപയാണ് ഓണ്‍റോഡ് വിലയെന്നാണ് റിപ്പോര്‍ട്ട്. മുംബൈ വെസ്റ്റ് ആര്‍.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം സെപ്റ്റംബര്‍ അവസാനത്തോടെയാണ് താരദമ്പതിമാരുടെ ഗ്യാരേജിലെത്തിയത്. 

ആഡംബരത്തിനൊപ്പം വലിയ സുരക്ഷ സന്നാഹങ്ങളുമായെത്തുന്ന വാഹനമാണ് ബെല്‍സ് എസ് ക്ലാസ്. ഫ്രെണ്ട് ആന്‍ സൈഡ് ഇംപാക്ട് അവോയിഡന്‍സ് സിസ്റ്റം, ലെയ്ല്‍ അസിസ്റ്റ് സിസ്റ്റം, ക്രോസ് വിന്‍ഡ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, എട്ട് എയര്‍ബാഗുകള്‍, പ്രീ സെയ്ഫ് സീറ്റ് ബെല്‍റ്റ് തുടങ്ങി സുരക്ഷ സംവിധാനങ്ങളുടെ നീണ്ട പട്ടികയാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെ ഫീച്ചറുകളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ ആഡംബര ഭീമന്‍. 

മെഴ്‌സിഡീസ് വാഹനങ്ങളുടെ സിഗ്നേച്ചര്‍ ഗ്രില്ല്, പൂര്‍ണമായും എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, ടേണ്‍ ഇന്റിക്കേറ്റര്‍ എന്നിവ, മുന്‍ഭാഗത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്ന ബമ്പര്‍, ഇതില്‍ നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, ലോവര്‍ ലിപ്പില്‍ നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുഖം അലങ്കരിക്കുന്നത്. ഉയര്‍ന്ന സ്‌പേസാണ് ഇന്റീരിയറിലെ പ്രത്യേകത. റിയര്‍ സീറ്റ് യാത്രക്കാര്‍ക്കായി ഒരുങ്ങിയിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനാണ് അകത്തളത്തിലെ ഹൈലൈറ്റ്. 

ബെന്‍സ് എസ് ക്ലാസ് എസ് 350ഡി പതിപ്പാണ് കരീനയുടെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. 3.0 ലിറ്റര്‍ ഇന്‍ലൈന്‍ സിക്‌സ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 282 ബി.എച്ച്.പി. പവറും 600 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. കേവലം ആറ് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

പുതുതായി എത്തിയ എസ് ക്ലാസിന് പുറമെ, സെയ്ഫ് അലിഖാന്‍-കരീന കപൂര്‍ താരദമ്പതിമാരുടെ ഗ്യാരേജില്‍ മുന്‍തലമുറ എസ് ക്ലാസ്, ഇ-ക്ലാസ്, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, ഔഡി ക്യു7, ലെക്‌സസ് എല്‍.എക്‌സ് 470, ബി.എം.ഡബ്ല്യു സെവല്‍ സീരീസ്, ഔഡി ആര്‍8 സ്‌പൈഡര്‍, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, ഫോര്‍ഡ് മസ്താങ്ങ് ജി.ടി.500, ഔഡി എ3 തുടങ്ങിയ വാഹനങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Saif Ali Khan and Kareena Kapoor Buys Mercedes Benz S Class