ആഡംബരത്തിനൊപ്പം ആധുനിക സാങ്കേതികവിദ്യയും, റോൾസ് റോയിസ് ഗോസ്റ്റ് സീരീസ് II ഇന്ത്യയിൽ

ബ്രിട്ടീഷ് അത്യാഡംബര വാഹന നിർമാതാക്കളായ റോൾസ് റോയിസ് വിപണിയിൽ എത്തിച്ചിട്ടുള്ള ഗോസ്റ്റ്, ഫാന്റം, കള്ളിനൻ തുടങ്ങിയ വാഹനങ്ങളെല്ലാം തന്നെ ആഡംബരത്തിന്റെ കലവറയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പിൻസീറ്റ് യാത്രക്കാർക്കുള്ള വാഹനമായാണ് റോൾസ് റോയിസ് മോഡലുകൾ അറിയപ്പെടുന്നതെങ്കിലും ഡ്രൈവർക്കുകൂടി അത്യാഡംബര സൗകര്യങ്ങൾ അനുഭവിച്ചറിയാകുന്ന ഗോസ്റ്റ് സീരീസ് II മോഡൽ ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഇതുവരെ വന്നതിൽവെച്ച് അത്യാധുനിക സാങ്കേതിക വിദ്യയുള്ളതും ഡ്രൈവർ കേന്ദ്രീകൃതമായതുമായ V12 മോഡലാണിത്. ആദ്യ തലമുറ ഗോസ്റ്റ് 2009-ലും രണ്ടാം തലമുറ മോഡൽ 2020-ലും ആണ് വിപണിയിലെത്തിയത്.
സവിശേഷതകൾ
റോഡുകളുടെ അവസ്ഥയ്ക്കനുസരിച്ച് ക്യാമറകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സസ്പെൻഷൻ സംവിധാനം പ്രധാന പ്രത്യേകതയാണ്. റൈഡ് സ്റ്റെബിലിറ്റി വർധിപ്പിക്കുന്നതിനുള്ള പ്ലാനർ സിസ്റ്റവും സസ്പെൻഷനുലുണ്ട്. പുതിയ എക്സ്റ്റീരിയൽ സ്റ്റൈലിങ്, ഇല്ലുമിനേറ്റഡ് ഗ്രില്ല്, പുതുക്കിയ ഹെഡ് ലാമ്പും ഡിആർഎല്ലുകളും ടെയിൽ ലൈറ്റുകളും, 22 ഇഞ്ച് 9 സ്പോക്ക് വീലുകൾ എന്നിവയെല്ലാം എക്സ്റ്റീരിയറിലെ സവിശേഷതയാണ്.
പിൻ സീറ്റ് യാത്രക്കാർക്ക് രണ്ട് സ്ട്രീമിങ് ഡിവൈസുകൾ ഉണ്ട്. ഓരോ സ്ക്രീനും സ്വതന്ത്രമായി. യാത്രക്കാർക്ക് പ്രവർത്തിപ്പിക്കാനുമാകും. മാസാജിങ്, ഹീറ്റിങ് ആൻഡ് കൂളിങ് എന്നിങ്ങനെ സീറ്റിങ് ഫംഗ്ഷനുകളും ഈ സ്ക്രീനിൽ നിയന്ത്രിക്കാം. ഏതുതരം ബ്ലൂടൂത്ത് ഹെഡ് സെറ്റുകളും പിന്നിലെ ഇൻഫൊടെയിൻമെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കാം. പില്ലർ ടു പില്ലർ ഗ്ലാസ് പാനൽ, സെൻട്രൽ ഇൻഫൊർമേഷൻ ഡിസ്പ്ലേ, 1400 വാട്ട് ആംപ്ലിഫയറോടുകൂടിയ 18 സ്പീക്കർ ഓഡിയോ സിസ്റ്റം, ഇന്റർനെറ്റ് കണക്ടിവിറ്റി, വീഡിയോ സ്ട്രീമിങ് എന്നിവയും ഉണ്ട്.
കരുത്തും വിലയും
6.75 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി12 എൻജിനാണ് ഗോസ്റ്റിന്റെ ഹൃദയം. ഈ എൻജിൻ 600 ബി.എച്ച്.പി. പവറും 900 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാൻസ്മിഷൻ. 8.95 കോടി ( എക്സ് ഷോറൂം) രൂപയാണ് വില. സ്റ്റാൻഡേർഡ് മോഡലിനെ കൂടാതെ, ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II, ഗോസ്റ്റ് എക്സ്റ്റൻഡഡ് സീരീസ് II വേരിയന്റുകളിലും വാഹനം സ്വന്തമാക്കാം. ഇവയ്ക്ക് യഥാക്രമം 10.52 കോടി, 8.95 കോടി എന്നിങ്ങനെയാണ് വില.
Content Highlights: Rolls Royce Ghost Series II launched India