റെനോ ട്രൈബര്‍ എംപിവിയുടെ ഓട്ടോമാറ്റിക് പതിപ്പ് എത്തി; വില 6.18 ലക്ഷം രൂപ മുതല്‍
ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന എംപിവി എന്ന ഒറ്റവിശേഷണത്തിലൂടെ റെനോയുടെ വില്‍പ്പന റെക്കോഡുകളെ ഭേദിച്ച വാഹനമാണ് ട്രൈബര്‍. മികച്ച സ്‌റ്റൈലും ആവശ്യത്തിനുള്ള കരുത്തുമുള്ള ഈ വാഹനത്തെ ഇന്ത്യയിലെ ഫാമിലി കാറായി ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നിരത്തുകളിലെത്തിയ ഈ വാഹനത്തിന്റെ ഓട്ടോമാറ്റിക് പതിപ്പും എത്തിയിരിക്കുകയാണ്.
ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) നല്‍കി എത്തിയിട്ടുള്ള പുതിയ ട്രൈബറിന് 6.18 ലക്ഷം രൂപ മുതലാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. RXL, RXT, RXZ എന്നീ മൂന്ന് വേരിയന്റുകളിലാണ് എഎംടി ട്രാന്‍സ്മിഷനുകള്‍ നല്‍കിയിട്ടുള്ളത്. ഓട്ടോമാറ്റിക് മോഡലിന് മാനുവല്‍ മോഡലുകളെക്കാള്‍ ഏകദേശം 40,000 രൂപ വില അധികമാണെന്നാണ് റിപ്പോര്‍ട്ട്.
ട്രൈബര്‍ ഓട്ടോമാറ്റിക് പ്രഖ്യാപിച്ച് ഏറെ വൈകാതെ തന്നെ ബുക്കിങ്ങുകള്‍ സ്വീകരിച്ചുതുടങ്ങിയിരുന്നെന്നാണ് സൂചന. വരുന്ന ആഴ്ചകളില്‍ ഈ വാഹനം ഉപയോക്താക്കള്‍ക്ക് നല്‍കി തുടങ്ങുമെന്നും റെനോ അറിയിച്ചു. ട്രൈബറിന്റെ മാനുവല്‍ മോഡലിന്റെ വില 4.99 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. അതേസമയം, എഎംടിക്ക് യഥാക്രമം 6.18 ലക്ഷം, 6.62 ലക്ഷം, 7.22 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.
കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മോഡേണ്‍ അള്‍ട്രാ മോഡുലര്‍ രൂപത്തിലാണ് ട്രൈബര്‍ പിറവിയെടുത്തത്. മികവ് പുലര്‍ത്തുന്ന എക്സ്റ്റീരിയര്‍ ഡിസൈനിങ്ങും, മികച്ച സംവിധാനങ്ങള്‍ ഒരുക്കുന്ന ഇന്റീരിയറും കരുത്തുറ്റ സുരക്ഷ സംവിധാനങ്ങളും ഈ കുഞ്ഞുവാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക്കിലേക്ക് മാറിയതോടെ ഗിയര്‍ലിവറില്‍ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്.
3990 എംഎം നീളം, 1739 എംഎം വീതി, 1643 എംഎം ഉയരം, 2636 എംഎം വീല്‍ബേസുമാണ് ട്രൈബറിനുള്ളത്. 947 കിലോഗ്രാമാണ് ഭാരം. 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ട്രൈബറിന് കരുത്തേകുന്നത്. 6250 ആര്‍പിഎമ്മില്‍ 72 പിഎസ് പവറും 3500 ആര്‍പിഎമ്മില്‍ 96 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.
Content Highlights: Renault Triber Automatic Transmission Model Launched In Inda
Content Highlights: