സുരക്ഷയിലും വിട്ടുവീഴ്ച്ചയില്ല, ഇടി പരീക്ഷയിൽ ഫൈവ് സ്റ്റാർ തിളക്കം; ഇനി റെനോ ഡസ്റ്ററിന്റെ നാളുകൾ

#Auto Desk
ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഇറങ്ങിയ റെനോ ഡസ്റ്റര്‍ | Photo: Renault India
ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഇറങ്ങിയ റെനോ ഡസ്റ്റര്‍ | Photo: Renault India

രു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ നിരത്തുകളിൽ തിരിച്ചെത്തിയ വാഹനമാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ഡസ്റ്റർ എന്ന മിഡ് സൈസ് എസ്‌യുവി. പോയതിലും ഇരട്ടിവീറോടെ തിരിച്ചെത്തിയിരിക്കുന്ന ഈ വാഹനം സുരക്ഷയുടെ കാര്യത്തിലും കൂടുതൽ കരുത്താർജിച്ചിട്ടുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിലൂടെ. ഫൈവ് സ്റ്റാർ റേറ്റിങ്ങോടെയാണ് ഡസ്റ്റർ ക്രാഷ് ടെസ്റ്റിനെ അതിജീവിച്ചിരിക്കുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കിയാണ് പുതിയ ഡസ്റ്റർ എത്തിയിരിക്കുന്നത്. മുതിർന്നവരുടെ സുരക്ഷയിൽ 32-ൽ 30.49 പോയന്റും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന പരീക്ഷണത്തിൽ 49-ൽ 45 പോയന്റും നേടിയാണ് ഡസ്റ്റർ കരുത്ത് തെളിയിച്ചിരിക്കുന്നത്. ഡസ്റ്ററിന് ലഭിച്ചിരിക്കുന്ന ഈ ഫൈവ് സ്റ്റാർ റേറ്റിങ് സുരക്ഷ ഉറപ്പാക്കുന്നതിൽ റെനോ എത്രത്തോളം പ്രതിജ്ഞാബദ്ധമാണെന്നതിന്റെ തെളിവാണെന്നാണ് നിർമാതാക്കൾ അഭിപ്രായപ്പെടുന്നത്.

ഡസ്റ്ററിന്റെ ടർബോ എൻജിൻ മാനുവൽ പതിപ്പായ എവലൂഷൻ, ടർബോ എൻജിൻ ഡിസിടി ട്രാൻസ്മിഷൻ മോഡലായ ടെക്‌നോ, മാനുവൽ പതിപ്പായ ഐകോണിക് എന്നീ മൂന്ന് വേരിയന്റുകളാണ് ക്രാഷ് ടെസ്റ്റിനായി ഇറങ്ങിയത്. ഈ വാഹനങ്ങളിൽ നടത്തിയ ക്രാഷ് ടെസ്റ്റിലൂടെ ലഭിച്ച റേറ്റിങ്ങ് ഡസ്റ്ററിന്റെ എല്ലാ വേരിയന്റുകൾക്കും ബാധകമായിരിക്കുമെന്നാണ് ഭാരത് എൻക്യാപ് അധികൃതർ അറിയിച്ചിരിക്കുന്നത്.

വാഹനത്തിൽ നൽകിയിട്ടുള്ള 35 അടിസ്ഥാന സുരക്ഷ സംവിധാനങ്ങളും 17 അഡ്വാൻസ്ഡ് സുരക്ഷ ഫീച്ചറുകളുമാണ് ഫൈവ് സ്റ്റാർ നേട്ടത്തിന് അടിസ്ഥാനമെന്നാണ് നിരീക്ഷണം. ആറ് എയർബാഗ്, ഇലക്ട്രാണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസെന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, ചൈൽഡ് സീറ്റ്, ത്രീ പോയിന്റ് സീറ്റ് ബെൽറ്റ്, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവയാണ് അടിസ്ഥാന സുരക്ഷ ഫീച്ചറുകൾ.

നിലവിൽ രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് ഡസ്റ്റർ എത്തുന്നത്. 1.0 ലിറ്റർ, 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിനുകളാണിവ. ഇതിൽ 1.0 ലിറ്റർ പതിപ്പ് 98 എച്ച്പി പവറും 160 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, 1.3 ലിറ്റർ എൻജിൻ 160 എച്ച്പി പവറും 280 എൻഎം ടോർക്കുമേകും. ആദ്യത്തേതിൽ മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് നൽകുന്നതെങ്കിൽ രണ്ടാമത്തേതിൽ മാനുവൽ, ഡിസിടി ട്രാൻസ്മിഷനുകളിൽ നൽകുന്നുണ്ട്.

Content Highlights: Renault Duster 2026 achieved a 5-star Bharat NCAP safety rating., Scored 30.49/32 for adult safety and 45/49 for child safety., Equipped with 35 standard and 17 advanced safety features., Safety rating applies to all variants including Evolution, Techno, and Iconic., Available with 1.0L and 1.3L turbo petrol engine options.