ഇലക്ട്രിക് കരുത്തിൽ റേഞ്ച് റോവർ സ്‌പോർട്ടും; ഗുഡ്‌വുഡിൽ മാസ് എൻട്രിയുമായി ലാൻഡ് റോവർ

#Auto Desk
ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് | Photo: GoodWood
ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് | Photo: GoodWood

ന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ ഒന്നാം സ്ഥാനക്കാരാണ് ടാറ്റ മോട്ടോഴ്‌സ്, എന്നാൽ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് ആഡംബര എസ്.യു.വി. നിർമാതാക്കളായ ലാൻഡ് റോവർ ഈ മേഖലയിൽ ഇപ്പോഴും ശൈശവദശയിലാണ്. വിദേശ നിരത്തുകളിൽ എത്തിയിട്ടുള്ള റേഞ്ച് റോവർ ഇലക്ട്രിക് മാത്രമാണ് ഏക പ്രതിനിധി. എന്നാൽ, ഈ വാഹനത്തിന് കൂട്ടായി റേഞ്ച് റോവർ സ്‌പോർട്ട് ഇലക്ട്രിക് എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ ഈ മോഡൽ ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ പ്രദർശനത്തിനെത്തി.

സെപ്റ്റംബർ മാസത്തോടെയായിരിക്കും റേഞ്ച് റോവർ സ്‌പോർട്ട് ഇലക്ട്രിക് ആഗോള വിപണിയിൽ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. 2027 മാർച്ച് മാസത്തോടെ ഈ വാഹനം ഇന്ത്യയിലും എത്തും. പവർ ട്രെയിനിൽ മാറ്റമുണ്ടെന്നത് ഒഴിച്ചുനിർത്തിയാൽ റെഗുലർ റേഞ്ച് റോവർ സ്‌പോർട്ടിന് സമാനമായാണ് ഇലക്ട്രിക് പതിപ്പും ഒരുങ്ങിയിരിക്കുന്നത് എന്ന സൂചനയാണ് ഗുഡ്‌വുഡിൽ പ്രദർശിപ്പിച്ച മോഡൽ നൽകുന്നത്.

റേഞ്ച് റോവർ ഇലക്ട്രിക്കിന്റെ മെക്കാനിക്കൽ ഫീച്ചറുകളോട് സാമ്യം പുലർത്തിയാണ് സ്‌പോർട്ട് ഇലക്ട്രിക്കും എത്തുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കായി ജാഗ്വാർ ലാൻഡ് റോവർ നിർമിച്ച എംഎൽഎ പ്ലാറ്റ്‌ഫോമിലാണ് റേഞ്ച് റോവർ സ്‌പോർട്ടും ഒരുങ്ങിയിരിക്കുന്നത്. 550 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന രണ്ട് മോട്ടോറുകൾ ചേർന്നാണ് ഈ വാഹനത്തിന് കുതിപ്പേകുന്നത്. 118.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. 2700 കിലോഗ്രാം ഭാരവും ഈ വാഹനത്തിനുണ്ട്.

ഡിസൈനിൽ റെഗുലർ സ്‌പോർട്ട് സമാനമാണ് ഇലക്ട്രിക് പതിപ്പും. മുന്നിലെ ക്ലോസ്ഡ് ഗ്രില്ലിൽ ഇ.വി. ബാഡ്ജിങ് പതിപ്പിച്ചിട്ടുണ്ട്. കൂടുതൽ എയറോഡൈനാമിക് ശേഷി ഉറപ്പാക്കിയിട്ടുള്ള വീലുകളാണ് ഇലക്ട്രിക്ക് പതിപ്പിലുള്ളത്. മുന്നിലേയും പിന്നിലേയും ലൈറ്റുകൾ ഉൾപ്പെടെയുള്ളവ റെഗുലർ പതിപ്പിൽ നിന്ന് കടംകൊണ്ടതാണ്. ഇന്റീരിയറിലെ ഫീച്ചറുകളുടെ കാര്യത്തിലും റെഗുലർ പതിപ്പിനെ പിന്തുടർന്നാണ് ഇലക്ട്രിക് മോഡൽ ഒരുങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

റേഞ്ച് റോവൽ സ്‌പോർട്ട് ഇലക്ട്രിക് എസ്‌യുവിക്ക് നിലവിൽ ഇന്ത്യയിൽ വലിയ എതിരാളികൾ ഇല്ലെന്നതാണ് വസ്തുക. സെഗ്മെന്റ് അടിസ്ഥാനമാക്കിയാൽ പോർഷെ കയേൻ ഇലക്ട്രിക്, ബിഎംഡബ്ല്യു ഐഎക്‌സ്5 എന്നീ ഇലക്ട്രിക് എസ്‌യുവികൾ മാത്രമാണ് റേഞ്ച് റോവർസ്‌പോർട്ട് ഇവിയുമായി ഏറ്റുമുട്ടാനുള്ളൂ. എന്നാൽ, ഈ വാഹനം പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ എത്തുന്നതിനാൽ തന്നെ പ്രദേശികമായി അസംബിൾ ചെയ്യുന്ന റേഞ്ച് റോവർ മോഡലുകളെക്കാൾ വിലയാകുമെന്നാണ് വിവരം.

Source

Content Highlights: Range Rover Sport Electric global debut scheduled for September 2026., India market launch expected by March 2027., Built on JLR's MLA platform with 550HP dual-motor setup., Equipped with a 118.5 kWh battery pack., Direct competition with Porsche Cayenne Electric and BMW iX5.