സ്വന്തം പേര് കൊത്തിയ അലോയി, 26 ഇഞ്ച് ടയറില്‍ ലിഫ്റ്റ് ചെയ്തു; ഹൈലെക്‌സ് തനി പഞ്ചാബി വാഹനമാക്കി നടന്‍

Photo: Instagram/Parmeet Verma
Photo: Instagram/Parmeet Verma

വാഹനങ്ങളില്‍ ഏറ്റവുമധികം രൂപമാറ്റം വരുത്തുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് ഒരുപക്ഷേ പഞ്ചാബ് ആയിരിക്കും. പഞ്ചാബി ജീപ്പ് സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത വാഹനപ്രേമികള്‍ ചുരുക്കവുമായിരിക്കും. എന്നാല്‍, ജീപ്പും എസ്‌യുവികളും മാത്രമല്ല ലൈഫ്‌സ്റ്റൈല്‍ പിക്ക്അപ്പ് പോലും രൂപമാറ്റത്തിലൂടെ കിടിലന്‍ ലുക്ക് ആക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പഞ്ചാബി ഗായകനും നടനുമായ പര്‍മീഷ് വര്‍മ. അദ്ദേഹത്തിന്റെ രൂപമാറ്റം വരുത്തിയ ടൊയോട്ട ഹൈലെക്‌സ് ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ താരം.

കടുത്ത വാഹനപ്രേമിയായ പര്‍മീഷ് വര്‍മ തന്റെ വാഹന ശേഖരത്തിലേക്ക് പുതുതായി എത്തിച്ച ടൊയോട്ട ഹൈലെക്‌സിലാണ് ഞെട്ടിപ്പിക്കുന്ന രൂപമാറ്റം വരുത്തിയിരിക്കുന്നത്. വാഹനത്തിന്റെ സ്വാഭാവിക രൂപത്തിനൊപ്പം റെഡ് കളര്‍ ഇന്‍സേര്‍ട്ടുകള്‍ നല്‍കിയിരിക്കുന്നതാണ് ഡിസൈനില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളില്‍ ഒന്ന്. എന്നാല്‍, വാഹനം ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് 26 ഇഞ്ച് വലിപ്പമുള്ള ക്രോം അലോയി വീല്‍ നല്‍കി ലിഫ്റ്റ് ചെയ്തതിലൂടെയാണ്. 

പുതിയ വാഹനം സ്വന്തമാക്കിയ വീഡിയോ അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഷോറൂമില്‍ നിന്ന് ഡെലിവറി എടുത്ത വാഹനവുമായി ആക്‌സസറി ഷോപ്പിലേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്. പിന്നീട് അദ്ദേഹത്തിനായി പ്രത്യേകം തയാറാക്കിയ വീലുകള്‍ വാഹനത്തില്‍ ഘടിപ്പിക്കുകയായിരുന്നു. അലോയി വീലിന്റെ ഔട്ടര്‍ ലിപ്പില്‍ പര്‍മീഷ് വര്‍മ എന്ന പേര് ആലേഖനം ചെയ്താണ് നിര്‍മാതാക്കള്‍ ഈ വീല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

തന്റെ വാഹനശേഖരത്തിലെ ജീപ്പ് റാങ്ക്‌ളര്‍ റൂബിക്കോണില്‍ ഉപയോഗിക്കുന്നതിനായാണ് ഈ അലോയി വീലുകള്‍ പണിയിപ്പിച്ചത്. എന്നാല്‍, അത് സാധിക്കാതെ വന്നതോടെ ഈ വീലുകള്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ് ടൊയോട്ട ഹൈലെക്‌സ് വാങ്ങിയതെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോള്‍ സ്വന്തമാക്കിയിട്ടുള്ള ഹൈലെക്‌സിനും ജീപ്പ് റൂബിക്കോണിനും പുറമെ, മെഴ്‌സിഡീസ് എഎംജി ജി63, മെയ്ബ ജിഎല്‍എസ് 600, റോള്‍സ് റോയിസ് റെയ്ത്ത് തുടങ്ങിയ വാഹനങ്ങളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്.

ടൊയോട്ടയുടെ ഐഎംവി2 പ്ലാറ്റ്ഫോമിലാണ് ഹൈലെക്‌സ് പിക്ക്അപ്പ് ട്രക്ക് ഒരുങ്ങിയിരിക്കുന്നത്. 5285 എംഎം നീളവും 3080 എംഎം വീല്‍ബേസുമാണ് ഹൈലെക്സ് പിക്ക്അപ്പിനുള്ളത്. 700 എംഎം വാട്ടര്‍ വേഡിങ് കപ്പാസിറ്റിയും ഈ വാഹനത്തിനുണ്ട്. 2.8 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് 4സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ഹൈലെക്‌സിന് കരുത്തേകുന്നത്. ഇത് 201 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണുള്ളത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം സ്റ്റാന്‍ഡേര്‍ഡാണ്.

Content Highlights: Actor Parmeet Verma customized Toyota Hilux with 26-inch chrome wheels is an Instagram sensation.