സെലിബ്രിറ്റികളുടെ ഇഷ്ട ചോയിസ്; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി രഞ്ജിത്ത്-ചിപ്പി താരദമ്പതിമാർ

രഞ്ജിത്-ചിപ്പി എന്നിവര്‍ സ്വന്തമാക്കിയ ഡിഫന്‍ഡര്‍ | Photo: Land Rover Muthoot Motors
രഞ്ജിത്-ചിപ്പി എന്നിവര്‍ സ്വന്തമാക്കിയ ഡിഫന്‍ഡര്‍ | Photo: Land Rover Muthoot Motors

ഇന്ത്യയിലെ വാഹനങ്ങളില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് സ്വന്തമാക്കിയിട്ടുള്ള വാഹനമാണ് ലാന്‍ഡ് റോവറിന്റെ കരുത്തന്‍ എസ്.യു.വി. മോഡലായ ഡിഫന്‍ഡര്‍. ഈ വാഹനം വീണ്ടും ഒരു മലയാള സിനിമാ കുടുംബത്തില്‍ എത്തിയിരിക്കുകയാണ്. നിര്‍മാതാവായ രഞ്ജിത്തും ഭാര്യയും നടിയുമായി ചിപ്പിയുമാണ് ഒറ്റവുമൊടുവിലായി ഡിഫന്‍ഡര്‍ ഗ്യാരേജില്‍ എത്തിച്ചിരിക്കുന്ന സെലിബ്രിറ്റികള്‍. ഡിഫന്‍ഡര്‍ 110-യുടെ എച്ച്.എസ്.ഇ. വേരിയന്റാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. 

കേരളത്തിലെ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ ലാന്‍ഡ് റോവര്‍ മുത്തൂറ്റ് മോട്ടോഴ്‌സില്‍ നിന്നാണ് രഞ്ജിത്ത്-ചിപ്പി ദമ്പതിമാർ അവരുടെ പുതിയ ഡിഫന്‍ഡര്‍ സ്വന്തമാക്കിയത്. ടാസ്മാന്‍ ബ്ലൂ നിറത്തിലുള്ള ഡിഫന്‍ഡറാണ് അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. രഞ്ജിത്-ചിപ്പി എന്നിവരെ ലാന്‍ഡ് റോവര്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന കുറിപ്പോടെ ഡീലര്‍ഷിപ്പ് തന്നെയാണ് അവരുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

3.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 വിപണിയില്‍ എത്തുന്നുണ്ടെങ്കിലും ഇതില്‍ ഏത് എന്‍ജിന്‍ ഓപ്ഷനാണ് ഇവര്‍ തിരഞ്ഞെടുത്തതെന്ന കാര്യം വ്യക്തമല്ല. 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 296 ബി.എച്ച്.പി. പവറും പെട്രോള്‍ എന്‍ജിന്‍ 394 ബി.എച്ച്.പി.പവറും 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 292 ബി.എച്ച്.പി. പവറും 5.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 518 ബി.എച്ച്.പി. പവറുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ വാഹനങ്ങളില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളില്‍ ഒന്നാണ് ഡിഫന്‍ഡര്‍ എസ്.യു.വി. പതിറ്റാണ്ടുകള്‍ നിരത്തുകളില്‍ നിറഞ്ഞുനിന്നിരുന്ന ഈ വാഹനം ഒരു ഇടവേളയ്ക്ക് ശേഷം 2019-ലാണ് ആഗോള വിപണിയില്‍ എത്തിയത്. കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള ഡി7എക്‌സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് പുതിയ ഡിഫന്‍ഡര്‍ നിര്‍മിച്ചിരിക്കുന്നത്. ഡിഫന്‍ഡര്‍ 90, 110 എന്നീ വകഭേദങ്ങളില്‍ ഈ മോഡല്‍ എത്തുന്നുണ്ട്.

5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമുള്ള ഈ വാഹനം ഐതിഹാസിക മോഡലിലെ ബോക്‌സി രൂപം നിലനിര്‍ത്തിയിട്ടുള്ളതും സവിശേഷതയാണ്. പത്ത് ഇഞ്ച് പിവി പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നാല് സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഹീറ്റഡ് മുന്‍നിര സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇന്റീരിയറിനെ സമ്പന്നമാക്കുന്നുണ്ട്.

Content Highlights: producer Renjith and actress Chippy buys Land Rover Defender SUV