അഞ്ച് സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം; മൂന്നാം തലമുറ പനമേര ഇന്ത്യയിലെത്തിച്ച് പോര്‍ഷെ

പോര്‍ഷെ പനമേര | Photo: Porsche India
പോര്‍ഷെ പനമേര | Photo: Porsche India

ജര്‍മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയും ആഡംബര സ്‌പോര്‍ട്‌സ് സെഡാന്‍ വാഹനമായ പനമേരയുടെ മൂന്നാം തലമുറ മോഡല്‍ ഇന്ത്യയിലും അവതരിപ്പിച്ചു. ഈ വാഹനത്തിന്റെ അടിസ്ഥാന മോഡലായ റിയര്‍വീല്‍ ഡ്രൈവ് വി6 മോഡലിന് 1.68 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 1.57 കോടി രൂപയായിരുന്നു മുന്‍മോഡലിന്റെ വില. അടുത്ത ആഴ്ച മുതല്‍ പുതിയ പനമേരയുടെ ബുക്കിങ്ങ് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ വില അടിസ്ഥാന മോഡലിന് മാത്രമാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. വാഹനത്തിന്റെ വേരിയന്റുകള്‍ക്കും അതില്‍ വരുത്തുന്ന കസ്റ്റമൈസേഷനും അനുസരിച്ച് വിലയില്‍ മാറ്റം വരുമെന്നാണ് വിലയിരുത്തല്‍. പോര്‍ഷെ പനമേരയുടെ കൂടുതല്‍ വേരിയന്റുകള്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മുന്‍ മോഡലുകള്‍ക്ക് സമാനമായ രൂപത്തില്‍ പുതിയ മുഖഭാവം നല്‍കിയാണ് പനമേരയുടെ മൂന്നാം തലമുറ മോഡല്‍ എത്തിയിരിക്കുന്നത്. മാട്രിക്‌സ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, നമ്പര്‍ പ്ലേറ്റിന് മുകളിലായി പുതുതായി സ്ഥാനം പിടിച്ച എയര്‍ ഇന്‍ ടേക്ക്, ഇലക്ട്രിക് മോഡലായ ടൈകാനിന് സമാനമായി ഹാച്ച്‌ഡോറില്‍ ഉടനീളം നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പ് എന്നിവ മൂന്നാം തലമുറയുടെ പുതുമയാണ്. മറ്റ് ഡിസൈന്‍ ഫീച്ചറുകള്‍ മുന്‍തലമുറ മോഡലുകളില്‍ നിന്ന് കടംകൊണ്ടവയാണ്. 

ഇന്റീരിയറിലും ഏതാനും പുതുമകളുമായാണ് പുതിയ പനമേരയുടെ വരവ്. 12.6 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്.ഡി. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഇത് അടിസ്ഥാന ഫീച്ചറായി എല്ലാ വേരിയന്റുകളിലും നല്‍കിയിട്ടുണ്ട്. 10.9 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എട്ട് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് സീറ്റുകള്‍ എന്നിവയാണ് ബേസ് വേരിയന്റിന്റെ ഉള്‍പ്പെടെ ഇന്റീരിയറിനെ സമ്പന്നമാക്കുന്ന ഘടകങ്ങള്‍. 

പോര്‍ഷെയും 2.9 ലിറ്റര്‍ വി6 ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 349 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പനമേരയുടെ മുന്‍ മോഡലിനെക്കാള്‍ 20 ബി.എച്ച്.പി. പവറും 50 എന്‍.എം. ടോര്‍ക്കും ഉയര്‍ത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. റിയര്‍ വീല്‍ ഡ്രൈവ് മോഡലായ ഈ വാഹനത്തില്‍ എട്ട് സ്പീഡ് പി.ഡി.കെ. ട്രാന്‍സ്മിഷനാണ് നല്‍കിയിട്ടുള്ളത്. 5.1 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന പനമേരയുടെ ഉയര്‍ന്ന വേഗത 272 കിലോമീറ്ററാണ്.

Content Highlights: Porsche launched third generation Panamera sedan in India; Price starts at 1.68 crores