കറുപ്പില്‍ മുങ്ങി വീണ്ടും മാഗ്നൈറ്റ് കുറോ; നിസ്സാൻ കരുതിവെച്ച മാറ്റങ്ങളോടെ

മാഗ്നൈറ്റിന് കുറോ എന്ന പ്രത്യേക പതിപ്പു നൽകി നിസ്സാൻ മോട്ടോർ ഇന്ത്യ. 2024 ഡിസംബറിൽ പുറത്തിറക്കിയ ഫെയ്‌സ്‌ലിഫ്റ്റഡ് മാഗ്‌നൈറ്റിനൊപ്പമാണ് കുറോ എഡിഷൻ എത്തുന്നത്. 2023-ൽ പ്രീ-ഫെയ്‌സ്‌ലിഫ്റ്റഡ് മാഗ്‌നൈറ്റിനൊപ്പമായിരുന്നു നിസാൻ ആദ്യമായി കുറോ എഡിഷൻ അവതരിപ്പിച്ചത്.
എക്സ്റ്റീരിയർ മുഴുവനായി ബ്ലാക്ക് നിറമാണ്. ബ്ലാക്ക് പെയിന്റ് സ്കീം, പിയാനോ ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, റെസിൻ ബ്ലാക്ക് ഫ്രണ്ട്, റിയർ സ്കിഡ് പ്ലേറ്റുകൾ, ഗ്ലോസ് ബ്ലാക്ക് റൂഫ് റെയിലുകൾ, ബ്ലാക്ക് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ബ്ലാക്ക് ഡോർ ഹാൻഡിലുകൾ എന്നിവ പ്രത്യേകതകളാണ്. കൂടാതെ, ലൈറ്റ്‌സേബർ ടേൺ ഇൻഡിക്കേറ്ററോടുകൂടിയ സിഗ്നേച്ചർ ബ്ലാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ കുറോ എഡിഷനിൽ സ്റ്റാൻഡേർഡായി വരുന്നു.
ഇന്റീരിയറും കറുപ്പിൽ പൊതിഞ്ഞിരിക്കുന്നു. മിഡ്‌നൈറ്റ് തീം ഡാഷ്‌ബോർഡ്, പിയാനോ ബ്ലാക്ക് ഫിനിഷ്ഡ് ഗിയർ ഷിഫ്റ്റ് ഗാർണിഷ്, പിയാനോ ബ്ലാക്ക് ഫിനിഷ്ഡ് സ്റ്റിയറിങ് ഇൻസേർട്ട്, സൺ വൈസറുകൾ, ഡോർ ട്രിമ്മുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സേബിൾ ബ്ലാക്ക് വയർലെസ് ചാർജർ സ്റ്റാൻഡേർഡായും സ്റ്റെൽത്ത് ഡാഷ് ക്യാം ഒരു ആക്സസറിയായും മാഗ്‌നൈറ്റ് കുറോ എഡിഷനിൽ ഫീച്ചർ അപ്‌ഗ്രേഡുകളായി ലഭിക്കുന്നു.
7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാർ ടെക്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ എന്നിവയും മറ്റ് ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി, ക്യാമറയോടുകൂടിയ റിയർ പാർക്കിങ് സെൻസറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോചാർജ്ഡ് എന്നിങ്ങനെ രണ്ട് പെട്രോൾ എൻജിനുകളാണുള്ളത്. ആദ്യത്തേത് 71 ബിഎച്ച്പി കരുത്തും 96 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിനിൽ അഞ്ച് സ്പീഡ് മാനുവൽ (MT) അല്ലെങ്കിൽ 5സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ (AMT) ട്രാൻസ്മിഷൻ ലഭിക്കും. ടർബോ പെട്രോൾ യൂണിറ്റ് 99 ബിഎച്ച്പി കരുത്തും 160 എൻഎം (എടിയിൽ 152 എൻഎം) പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ഈ എൻജിനിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാണ്. മുഴുവനായി കറുപ്പ് നിറത്തിലുള്ള കുറോ സ്പെഷ്യൽ എഡിഷന് 8.30 ലക്ഷം രൂപയാണ് പ്രാരംഭ വില.
Content Highlights: The Nissan Magnite Kuro Edition returns with blacked-out aesthetics, starting at ₹8.30 lakh.